'ദയവായി അതൊന്ന് വാങ്ങി തരുമോ, പണം ഞാൻ പിന്നെ തരാം'; ചോര വാർന്ന് റോഡരികിൽ പശുക്കുട്ടി, താങ്ങായി യുവാക്കൾ

Published : Jul 20, 2026, 11:08 AM IST
viral video

Synopsis

'നോക്കാൻ കഴിയില്ലെങ്കിൽ ദയവായി ഇവയെ വാങ്ങരുത്. റോഡിൽ ഉപേക്ഷിച്ചാൽ അവ ചത്തുപോയേക്കാം. ഞങ്ങൾ ഇവിടെ എത്തിയില്ലായിരുന്നുവെങ്കിൽ ആ മുറിവിൽ നിന്ന് രക്തം വാർന്നുപോകുമായിരുന്നു' എന്നും അൻസാരി വീഡിയോയിലൂടെ ഓർമ്മിപ്പിച്ചു.

റോഡിൽ പരിക്കേറ്റ നിലയിൽ കണ്ട പശുക്കുട്ടിയെ രക്ഷിക്കാൻ അപരിചിതരായ മനുഷ്യർ ഒരുമിച്ച കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയം കവരുന്നത്. മോട്ടോവ്ലോഗറായ നസീർ അഹമ്മദ് അൻസാരിയാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന അൻസാരി, റോഡരികിൽ ഒരാളിരിക്കുന്നത് കണ്ട് വണ്ടി നിർത്തുകയായിരുന്നു. റോഡിൽ കിടന്നിരുന്ന ഒരു ചെറിയ പശുക്കുട്ടിയുടെ പിൻകാലിലെ മുറിവ് നോക്കുകയായിരുന്നു ആ അപരിചിതൻ. സാഹചര്യം മനസ്സിലാക്കിയ അൻസാരി, ഉടൻ തന്നെ സംഭവസ്ഥലത്തെത്തിയ മറ്റൊരു വ്യക്തിയോട് അടുത്തുള്ള കടയിൽ നിന്ന് മരുന്നും ബാൻഡേജും വാങ്ങി വരാൻ അഭ്യർത്ഥിച്ചു.

'സർ, കയ്യിൽ ബെറ്റാഡിൻ ഉണ്ടോ? ദയവായി അതൊന്ന് വാങ്ങി തരുമോ, പണം ഞാൻ പിന്നീട് തരാം' അൻസാരി അഭ്യർത്ഥിക്കുന്നത് വീഡിയോയിൽ കേൾക്കാം. തുടർന്ന് എല്ലാവരും ചേർന്ന് പശുക്കുട്ടിയുടെ മുറിവ് കഴുകി വൃത്തിയാക്കുകയും ബെറ്റാഡിൻ പുരട്ടി ബാൻഡേജ് ചെയ്യുകയും ചെയ്തു. ശേഷം അപകടമൊന്നുമില്ലാത്ത സുരക്ഷിതമായ സ്ഥലത്തേക്ക് പശുക്കുട്ടിയെ മാറ്റി. വിശന്നു വലഞ്ഞിരുന്ന പശുക്കുട്ടി അൻസാരി നൽകിയ ഫ്രൂട്ട് കേക്ക് ആർത്തിയോടെ കഴിക്കുന്നതും വീഡിയോയിലുണ്ട്.

'നോക്കാൻ കഴിയില്ലെങ്കിൽ ദയവായി ഇവയെ വാങ്ങരുത്. റോഡിൽ ഉപേക്ഷിച്ചാൽ അവ ചത്തുപോയേക്കാം. ഞങ്ങൾ ഇവിടെ എത്തിയില്ലായിരുന്നുവെങ്കിൽ ആ മുറിവിൽ നിന്ന് രക്തം വാർന്നുപോകുമായിരുന്നു' എന്നും അൻസാരി വീഡിയോയിലൂടെ ഓർമ്മിപ്പിച്ചു. അപകടത്തിൽപ്പെടുന്ന മൃഗങ്ങളെ കാണുമ്പോൾ അവഗണിച്ചു പോകാതെ സഹായിക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

 

 

അനേകങ്ങളാണ് അൻസാരി പങ്കുവച്ചിരിക്കുന്ന ഈ വീഡിയോ കണ്ടിരിക്കുന്നത്. കാരുണ്യം നിറഞ്ഞ ഈ പ്രവൃത്തി ചെയ്തതിന് നെറ്റിസൺസ് ഈ മനുഷ്യരെ അഭിനന്ദിക്കയാണ്. ചുറ്റുമുള്ള ജീവികളോട് കൂടി കരുതലുണ്ടാകുമ്പോഴാണ് നാം ശരിക്കും മനുഷ്യരാകുന്നത് അല്ലേ?

PREV
Read more Articles on
click me!

Recommended Stories

സാധാരണക്കാരന് താങ്ങൂല്ലപ്പാ, തീപ്പെട്ടിക്കൂട് പോലെയുള്ള ഫ്ലാറ്റിന് പോലും വില 80 ലക്ഷം
ഗർഭിണികൾക്ക് ക്രോപ് ടോപ്പ് ധരിച്ചു നടന്നൂടേ? ഇന്ത്യയിൽ കേൾക്കേണ്ടി വരുന്ന ചില ചോദ്യങ്ങൾ; പോസ്റ്റുമായി റഷ്യൻ യുവതി