'ഞാൻ മദ്യപിച്ചിരുന്നു, ക്രിസ്തുമസ് ആശംസകൾ'; മോഷ്ടിച്ച ഗിറ്റാർ കടയിൽ തിരികെ വച്ച് ക്ഷമാപണ കുറിപ്പെഴുതി കള്ളൻ

Published : Jan 03, 2026, 10:04 AM IST
 Thief returns stolen guitar to shop

Synopsis

യുഎസിലെ ഒരു ഗിറ്റാർ കടയിൽ നിന്ന് ലക്ഷങ്ങൾ വിലവരുന്ന രണ്ട് മാൻഡോലിനുകൾ മോഷ്ടിച്ച കള്ളൻ, ദിവസങ്ങൾക്ക് ശേഷം അവ തിരികെ വച്ചു. ഒപ്പം ഒരു കുറിപ്പും മോഷ്ടാവ് എഴുതി. ‘ക്ഷമിക്കണം, ഞാൻ മദ്യപിച്ചു, ക്രിസ്തുമസ് ആശംസകൾ. നിങ്ങൾ നല്ല മനുഷ്യനാണ്’.

 

യുഎസ് സംസ്ഥാനമായ ന്യൂജേഴ്‌സിയിലെ ഒരു വിന്‍റേജ് ഗിറ്റാർ കടയിൽ നടന്ന ഒരു വിചിത്രമായ മോഷണം സമൂഹ മാധ്യമ ഉപയോക്താക്കളുടെ പ്രത്യേകം ശ്രദ്ധനേടി. ലാർക്ക് സ്ട്രീറ്റ് മ്യൂസിക്കിൽ നിന്ന് ഈ മാസം ആദ്യം രണ്ട് മാൻഡോലിനുകൾ മോഷണം പോയിരുന്നു. എന്നാൽ, ദിവസങ്ങൾക്ക് ശേഷം അവ എടുത്തയാൾ ആരുമറിയാതെ അത് തിരികെ വച്ചു. ഒപ്പം ഒരു ക്ഷമാപണ കുറിപ്പും. വിചിത്രമായ അനുഭവം കടയുടെ ഫേസ്ബുക്ക് പേജിലാണ് എഴുതപ്പെട്ടത്. തന്‍റെ കടയിൽ നിന്നും മൂന്ന് ലക്ഷത്തിന് മുകളിൽ വില വരുന്ന രണ്ട് മാൻഡോലിനുകൾ മോഷണം പോയെന്ന് കടയുടമ ഫേസ് ബുക്ക് പേജിൽ സിസിടിവി ദൃശ്യങ്ങൾ സഹിതം പങ്കുവച്ചിരുന്നു. ഈ കുറിപ്പ് വൈറലായതിന് പിന്നാലെയാണ് മോഷ്ടാവ് കളവ് മുതൽ തിരിച്ചെത്തിച്ചത്.

'ക്ഷമിക്കണം, മദ്യപിച്ചിരുന്നു. ക്രിസ്തുമസ് ആശംസകൾ'

രണ്ട് ഷോപ്പിംഗ് ബാഗുകളിലായി മാൻഡോലിനുകൾ തിരികെ കൊണ്ടുവന്ന് മുൻവാതിലിൽ ഉപേക്ഷിച്ചതായി ലാർക്ക് സ്ട്രീറ്റ് മ്യൂസിക്ക് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലെഴുതി. അവയ്‌ക്കൊപ്പം ഒരു കൈ കൊണ്ട് വടിവൊത്ത അക്ഷരങ്ങളിലെഴുതിയ ഒരു കുറിപ്പും ഉണ്ടായിരുന്നു. "ക്ഷമിക്കണം, ഞാൻ മദ്യപിച്ചു, ക്രിസ്തുമസ് ആശംസകൾ. നിങ്ങൾ നല്ല മനുഷ്യനാണ്." വലുതും ചെറുതുമായ ഇംഗ്ലീഷ് അക്ഷരങ്ങൾ ഇടകലർത്തി മോഷ്ടാവെഴുതിവച്ചു. മോഷണം പോയ വസ്തുവിന്‍റെ നാടകീയമായ തിരിച്ച് വരവ് കട ഉടമയെ അമ്പരപ്പിച്ചു. ഒപ്പം ആ നിമിഷങ്ങളെ കുറിച്ചും കുറിപ്പിൽ വിശദീകരിക്കുന്നു. 

"കള്ളൻ രഹസ്യമായി മുൻവാതിൽ തുറന്ന് രണ്ട് ഷോപ്പിംഗ് ബാഗുകളിലായി അവ തിരികെ നൽകി. ഞാൻ വാതിലിനടുത്തേക്ക് ഓടിച്ചെന്നപ്പോൾ അവൻ തെരുവിലൂടെ ഓടുന്നത് കണ്ടു, അതിനാൽ എന്‍റെ കാലുകളും അക്ഷമയോടെ അവന് പിന്നാലെ ഓടി. അത്ര ബുദ്ധിമാനല്ല, എനിക്ക് അവനെ നഷ്ടപ്പെട്ടു, പിന്നെ 911 -ൽ വിളിച്ചു, അവർ അവനെ പിന്തുടരുകയാണ്. നിങ്ങളുടെ മറുപടികളും സമ്മർദ്ദവും തനിക്ക് മുന്നിലെ വാതിലുകൾ അടയ്ക്കുകയാണെന്ന് അവന് മനസിലാക്കി. എല്ലാവർക്കും നന്ദി! ഞാൻ ഒരു ടിവി സിനിമയിലാണെന്ന് എനിക്ക് തോന്നുന്നു," കുറിപ്പിൽ പറയുന്നു.

നന്ദി, എല്ലാവർക്കും

കടയുടെ ഉടമയായ ബസ്സി ലെവിന്‍റെതായിരുന്നു ആ മാൻഡോലിനുകൾ. 1981 മുതൽ അദ്ദേഹം സംഗീതോപകരണങ്ങളുടെ ബിസിനസ്സ് നടത്തുന്നു. മോഷണം പോയ ഉപകരണങ്ങൾ കടയിൽ വീണ്ടുമെത്തിയപ്പോൾ താൻ അത്ഭുതപ്പെട്ടെന്ന് ലെവിൻ എബിസി ന്യൂസിനോട് പറഞ്ഞു. വിചിത്രമായ ഒരു സിനിമ പോലെ തോന്നുന്നുവെന്നാണ് അദ്ദേഹം സംഭവത്തെ കുറിച്ച് പറഞ്ഞത്. ഡിസംബർ 22 ന് കടയിൽ നിന്ന് പുറത്തുപോകുന്നതിന് മുമ്പ്, ഒരാൾ തന്‍റെ പാർക്കയുടെ അടിയിൽ മാൻഡോലിൻ ഒളിപ്പിക്കുന്ന ദൃശ്യങ്ങൾ സിസിവിടി ദൃശ്യങ്ങളിൽ കണ്ടെത്തി. ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് കള്ളനെ പിടിക്കാൻ സമൂഹ മാധ്യമങ്ങളിലൂടെ പൊതുജനങ്ങളുടെ സഹായം തേടി. ഈ കുറിപ്പ് പെട്ടെന്ന് തന്നെ വൈറലായി. പിന്നാലെയാണ് കള്ളൻ മോഷ്ടിച്ച വസ്തുക്കൾ കടയിൽ തിരികെ കൊണ്ട് വച്ചത്. മോഷ്ടിക്കപ്പെട്ട മാൻഡോലിനുകൾക്ക് 3,500 ഡോളറും (ഏതാണ്ട് 3,15,000 രൂപ) 4,250 ഡോളറും (ഏതാണ്ട് 3,83,000 രൂപ) വിലവരുമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം കേസ് അവസാനിപ്പിച്ചിട്ടില്ല. പോലീസ് ഇപ്പോഴും മോഷ്ടാവിന് പിറകെയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

'ആരവിന് ഇന്ന് 2 വയസ്, അന്ന് കണ്ടെത്തിയത് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ'; 21 -കാരന് അഭിനന്ദനം, വീഡിയോ വൈറൽ
'ഒടുവിൽ ഞാൻ ഒളിച്ചിരിക്കുന്നത് അവസാനിപ്പിച്ചു'; മൊട്ടയടിച്ച തലയുമായി വേദിയിലെത്തിയ വധു, കയ്യടിച്ച് സോഷ്യൽ മീഡിയ