കസേരയിൽ കൊതുകുവല കെട്ടി അതിനുള്ളിലിരിക്കുന്ന സെക്യൂരിറ്റി ​ഗാർഡ്, മനുഷ്യത്വമില്ലാത്ത ആളുകളെന്ന് നെറ്റിസൺസ്

Published : Apr 17, 2026, 03:53 PM IST
 viral video

Synopsis

കൊതുകുകടിയിൽ നിന്ന് രക്ഷനേടാൻ കസേരയിൽ കൊതുകുവല കെട്ടിയിരുന്ന് ജോലി ചെയ്യുന്ന ഒരു സെക്യൂരിറ്റി ഗാർഡിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഹൈദരാബാദിലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിൽ നിന്നാണ് ദൃശ്യം പകര്‍ത്തിയിരിക്കുന്നത്. 

ഹൈദരാബാദിലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. രാത്രി തന്റെ ഡ്യൂട്ടിക്കിടെ കൊതുകു വലയ്ക്കുള്ളിലിരിക്കേണ്ടി വന്ന ഒരു സെക്യൂരിറ്റി ​ഗാർഡിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വിമർശനത്തിന് കാരണമായി തീർന്നത്. സൂരജ് കുമാർ ബൗദ്ധ് എന്ന യുവാവാണ് എക്സിൽ (ട്വിറ്റർ) ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ, ഒരു സ്ത്രീ സെക്യൂരിറ്റി ഗാർഡിനോട് സംസാരിക്കുന്നതാണ് കാണുന്നത്. രാത്രി മുഴുവനും ജോലി ചെയ്യേണ്ടി വരുന്ന ഇദ്ദേഹം കൊതുകുകടിയിൽ നിന്ന് രക്ഷനേടാൻ വേണ്ടി കസേരയ്ക്ക് ചുറ്റും ഒരു കൊതുകുവല കെട്ടി അതിനുള്ളിൽ ഇരിക്കുകയാണ് ചെയ്യുന്നത്.

'ഇന്ത്യയിലെ ഒരു സെക്യൂരിറ്റി ​ഗാർഡിന്റെ ജീവിതമാണ് ഇത്. പാവം ആ മനുഷ്യൻ കൊതുകുവലയ്ക്കുള്ളിലിരുന്നാണ് രാത്രി ഡ്യൂട്ടി ചെയ്യുന്നത്. അതേസമയം എസി മുറികളിൽ സുഖമായി ഉറങ്ങുകയാണ് സൊസൈറ്റി അംഗങ്ങൾ. അവർക്ക് ഈ ഗാർഡിന് സുരക്ഷിതമായ ഒരു ഇടം നൽകിക്കൂടെ? പ്രശ്നം ദയയുടേതാണ്. പാവപ്പെട്ടവരോടുള്ള കരുണ ജനങ്ങൾക്ക് നഷ്ടപ്പെട്ടിരിക്കുന്നു' എന്നാണ് യുവാവ് വീഡിയോയുടെ ക്യാപ്ഷനിൽ കുറിച്ചിരിക്കുന്നത്.

 

 

എന്തായാലും, വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. നാല് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി വന്നത്. സെക്യൂരിറ്റി ​ഗാർഡുകൾ നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. അവരോട് ഈ കാണിക്കുന്ന അവ​ഗണന വേദനാജനകം തന്നെ എന്ന് ആളുകൾ അഭിപ്രായപ്പെടുന്നു. ഒരു ചെറിയ ക്യാബിനും ഫാനും അദ്ദേഹത്തിന് നൽകുക വലിയ ബുദ്ധിമുട്ടുള്ള കാര്യമാണോ എന്നും ആളുകൾ കമന്റിൽ ചോദിച്ചു. ഇന്ത്യയിലെ പല സെക്യൂരിറ്റി ​ഗാർഡുകളും ഇത്തരം അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്നും പല സൊസൈറ്റികളും സെക്യൂരിറ്റി ജീവനക്കാരുടെ ക്ഷേമത്തെ കുറിച്ച് ഓർക്കാറില്ല എന്നും ആളുകൾ അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

തലയ്ക്ക് പിന്നിൽ തറച്ച അമ്പുമായി ആശുപത്രിയിലേക്ക് നടന്ന് പോകുന്ന പോലീസ് ഉദ്യോഗസ്ഥൻ, വീഡിയോ
മദ്യപിച്ച യുവാവ്, മെഡിക്കൽ പരിശോധനയ്ക്കിടെ പോലീസുകാരനെ തല്ലി, സംഭവത്തിന്‍റെ വീഡിയോ വൈറൽ