മാസങ്ങളായി ചില്ലറ കൂട്ടിവച്ചു, ഒടുവിൽ ചാക്കിൽ നാണയങ്ങളുമായി സ്കൂട്ടർ വാങ്ങാൻ, വൈറലായി വീഡിയോ

Published : Feb 19, 2022, 01:57 PM ISTUpdated : Feb 19, 2022, 01:59 PM IST
മാസങ്ങളായി ചില്ലറ കൂട്ടിവച്ചു, ഒടുവിൽ ചാക്കിൽ നാണയങ്ങളുമായി സ്കൂട്ടർ വാങ്ങാൻ, വൈറലായി വീഡിയോ

Synopsis

നാണയം നിറച്ച ചാക്ക് മൂന്ന് പേർ കഷ്ടപ്പെട്ട് താങ്ങിയാണ് കടയിൽ കൊണ്ടുവന്നത്. ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി. ആളുകൾ അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ അഭിനന്ദിച്ചു. ധാരാളം പരിശ്രമവും ക്ഷമയും കൊണ്ട് സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുമെന്ന് പലരും അഭിപ്രായപ്പെട്ടു.

അസം(Assam) സ്വദേശിയായ ഒരാൾ താൻ കാലങ്ങളായി സ്വരുക്കൂട്ടി വച്ചിരുന്ന നാണയങ്ങൾ വിറ്റ് ഒരു സ്കൂട്ടർ(scooter) വാങ്ങിയത് സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. യൂട്യൂബർ ഹിരാക് ജെ ദാസ്(YouTuber Hirak J Das) സംഭവത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് ഇതിനെ കുറിച്ച് ലോകമറിയുന്നത്. പലതുള്ളി പെരുവെള്ളം എന്ന ചൊല്ല് ഈ വ്യക്തിയെ സംബന്ധിച്ചിടത്തോളം സത്യമായി തീർന്നിരിക്കയാണ്. ഒരു ചെറിയ പെട്ടിക്കട നടത്തുന്ന അദ്ദേഹം, ഒരു സ്കൂട്ടർ വേണമെന്ന ആഗ്രഹത്താൽ മാസങ്ങളോളമായി തനിക്ക് കിട്ടുന്ന ചില്ലറത്തുട്ടുകൾ സൂക്ഷിച്ചു വയ്ക്കുന്നു.  

ദിവസം ചെല്ലുന്തോറും അദ്ദേഹത്തിന്റെ സമ്പാദ്യം കൂടിവന്നു. ഒടുവിൽ ഒരു വാഹനം വാങ്ങിക്കാനുള്ള സമ്പാദ്യമായപ്പോൾ, അദ്ദേഹം ചില്ലറകൾ സൂക്ഷിച്ച ചാക്കുകെട്ടുമായി നേരെ നടന്നു ഷോറൂമിലേയ്ക്ക്. അദ്ദേഹം ഷോറൂമിലേക്ക് പ്രവേശിക്കുന്നത് ദാസ് പങ്കുവെച്ച വീഡിയോയിൽ കാണാം. താമസിയാതെ ചാക്കുകളിൽ നിറയെ നാണയങ്ങൾ ഉണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. തുടർന്ന്, കടയിലെ ജീവനക്കാർ ചെറിയ കുട്ടകളിലാക്കി നാണയങ്ങൾ വേർതിരിച്ച് എണ്ണുന്നതും വീഡിയോയിൽ നമുക്ക് കാണാം. ഒടുവിൽ അദ്ദേഹത്തിന് തന്റെ സ്വപ്ന വാഹനം ലഭിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. ഈ കഥയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് ദാസ് തന്റെ ഫോള്ളോവേഴ്സിനോട് പറയുന്നു. "നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ധാരാളം പണം ആവശ്യമാണെങ്കിലും, ചിലപ്പോഴൊക്കെ അത് അല്പാല്പമായി മിച്ചം പിടിച്ചു കൊണ്ടും നേടിയെടുക്കാം" ദാസ് എഴുതി.

ഇരുചക്ര വാഹനം വാങ്ങാൻ ഏഴോ എട്ടോ മാസമായി അദ്ദേഹം സമ്പാദിക്കുകയായിരുന്നെന്ന്  യൂട്യൂബർ വീഡിയോയിൽ അവകാശപ്പെട്ടു. ഒടുവിൽ ആവശ്യത്തിന് പണമായപ്പോൾ, അദ്ദേഹം സ്കൂട്ടർ സ്വന്തമാക്കാൻ പോയി. അസമിലെ ബാർപേട്ട ജില്ലയിലെ ഹൗലിയിലാണ് ഈ സ്കൂട്ടർ ഷോറൂമുള്ളത്. നാണയം നിറച്ച ചാക്ക് മൂന്ന് പേർ കഷ്ടപ്പെട്ട് താങ്ങിയാണ് കടയിൽ കൊണ്ടുവന്നത്. ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി. ആളുകൾ അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ അഭിനന്ദിച്ചു. ധാരാളം പരിശ്രമവും ക്ഷമയും കൊണ്ട് സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുമെന്ന് പലരും അഭിപ്രായപ്പെട്ടു.

"അന്നേദിവസം ഒരു സ്കൂട്ടർ വാങ്ങാൻ നാണയങ്ങളുമായി ഒരാൾ വന്നതായി ജീവനക്കാരിൽ ഒരാൾ എന്നെ ഫോണിൽ വിളിച്ച് പറഞ്ഞു. ആദ്യം കേട്ടപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. പക്ഷേ, ഞാൻ അദ്ദേഹത്തെ നേരിട്ട് കാണാൻ ഷോറൂമിൽ എത്തി. നാണയങ്ങൾ എണ്ണാൻ ഞങ്ങൾ അഞ്ചുപേർക്ക് ഏകദേശം മൂന്ന് മണിക്കൂർ എടുത്തു. ഞങ്ങൾ നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്തിയപ്പോൾ 22,000 രൂപയുണ്ടായിരുന്നു” സ്കൂട്ടർ വാങ്ങിയ സ്റ്റോറിന്റെ മാനേജർ കങ്കൺ ദാസ് ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കവെ പറഞ്ഞു. 

വാഹനത്തിന്റെ ഡൗൺ പേയ്‌മെന്റിനായി ഇയാൾ പണം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹവുമായുള്ള ഈ ഇടപാട് തന്നെയും കടയിലെ മറ്റ് ജീവനക്കാരെയും വളരെയധികം സന്തോഷിപ്പിച്ചെന്നും ദാസ് പറഞ്ഞു. ഈ സംഭവത്തെക്കുറിച്ച് യൂട്യൂബർ ഫേസ്ബുക്കിലും ഒരു പോസ്റ്റിട്ടിരുന്നു. അതേസമയം, സ്കൂട്ടർ ഉടമയുടെ പേരും മറ്റ് വിവരങ്ങളും ലഭ്യമല്ല. 

PREV
Read more Articles on
click me!

Recommended Stories

ഭർത്താവിനെയും വീട്ടുകാരെയും തല്ലാൻ 25 ബന്ധുക്കളെ വിളിച്ച് വരുത്തി ഭാര്യ, തല്ല് കഴിഞ്ഞ് സ്വർണവുമായി കടന്നു, പോലീസ് നോക്കി നിന്നു; വീഡിയോ
യുവതി, യുവാവിനെ ബോണറ്റിൽ വലിച്ചിഴച്ചത് 2 കിലോമീറ്റർ, 60 കിമി വേഗതയിൽ; വീഡിയോ വൈറൽ