വായിൽ ടിൻ കുടുങ്ങി, പട്ടിണി കിടന്ന് മരിക്കാറായ ധ്രുവക്കരടിക്ക് ആശ്വാസവുമായി പ്രത്യേകസംഘം

By Web TeamFirst Published Jul 24, 2022, 3:47 PM IST
Highlights

അടുത്ത പ്രധാന ഘട്ടം ഈ ധ്രുവക്കരടി അനസ്തേഷ്യയിൽ നിന്നും ഉണരുക എന്നതായിരുന്നു. എന്നാൽ, തങ്ങളുടെ സ്പെഷ്യലിസ്റ്റുകൾ അടുത്തുണ്ടാകും എന്നും കരടിയെ നിരീക്ഷിക്കും എന്നും മോസ്കോ മൃഗശാല ഡയറക്ടർ ജനറൽ സ്വെറ്റ്‌ലാന അകുലോവ പറഞ്ഞു എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

വായിൽ ടിൻ കുടുങ്ങി. പട്ടിണി കിടന്ന് മരിക്കാറായ ധ്രുവക്കരടിക്ക് ആശ്വാസവുമായി പ്രത്യേക സംഘമെത്തി. ആർട്ടിക് പ്രദേശത്തെ ജനവാസ കേന്ദ്രമായ ഡിക്‌സണിലെ നിവാസികളാണ് വായിൽ ടിന്നുമായി അപകടത്തിൽ പെട്ട പെൺ ധ്രുവക്കരടിയെ കണ്ടതോടെ വിവരമറിയിച്ചത്.  

ഒരു പ്രദേശവാസി ധ്രുവക്കരടിയെ സഹായിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, അതിന്റെ വായിൽ വളരെ ആഴത്തിലാണ് ടിന്നുള്ളത് എന്നതിനാൽ തന്നെ അയാൾക്ക് അതിനെ സഹായിക്കുക പ്രയാസമായിരുന്നു. ഒടുവിൽ, മോസ്കോയിൽ നിന്നുള്ള ഒരു സംഘം 3,420 കിലോമീറ്റർ പറന്ന് സ്ഥലത്തെത്തുകയായിരുന്നു. അപ്പോഴേക്കും കരടി പട്ടിണി കിടന്ന് അവശനായിരുന്നു. അതിനെ മയക്കി കിടത്തിയ ശേഷം ചവണ ഉപയോ​ഗിച്ചാണ് അതിന്റെ വായിൽ നിന്നും ടിൻ പുറത്തെടുത്തത്. 

അടുത്ത പ്രധാന ഘട്ടം ഈ ധ്രുവക്കരടി അനസ്തേഷ്യയിൽ നിന്നും ഉണരുക എന്നതായിരുന്നു. എന്നാൽ, തങ്ങളുടെ സ്പെഷ്യലിസ്റ്റുകൾ അടുത്തുണ്ടാകും എന്നും കരടിയെ നിരീക്ഷിക്കും എന്നും മോസ്കോ മൃഗശാല ഡയറക്ടർ ജനറൽ സ്വെറ്റ്‌ലാന അകുലോവ പറഞ്ഞു എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. കരടി കുറേ ദിവസമായി ആഹാരം കഴിച്ചിട്ടില്ല എന്നത് കൊണ്ട് തന്നെ അത് വളരെ തളർന്നിരിക്കുകയാണ്. അതിനാൽ, അതിനടുത്തായി കുറച്ച് മീൻ വച്ചിരുന്നു. എത്രയും പെട്ടെന്ന് കരടി ഓക്കേ ആവും എന്നാണ് കരുതുന്നത് എന്ന് സംഘാം​ഗങ്ങൾ പറയുന്നു. കുറച്ച് ദിവസം നിരീക്ഷിച്ച ശേഷം ധ്രുവക്കരടിയെ അതിന്റെ വാസമേഖലയിലേക്ക് തന്നെ തിരികെ വിടും. 

ഇതുപോലെ മറ്റ് ജീവികൾക്ക് മനുഷ്യർ സഹായവുമായി എത്തിയ സംഭവം നേരത്തെയും ഉണ്ടായിട്ടുണ്ട്. ആറ് വർഷമായി കഴുത്തിൽ ടയർ കുടുങ്ങിയിരുന്ന ഒരു മുതലയെ ആ ടയറഴിച്ച് സ്വതന്ത്രമാക്കിയത് ഒരു മൃ​ഗസ്നേഹിയായ മനുഷ്യനാണ്. ഇന്തോനേഷ്യയിലെ ഒരു ദ്വീപിലാണ് ഈ സംഭവം ന‌ടന്നത്. 

click me!