
അലാസ്കയിലെ വിദൂരമായ ദേശീയോദ്യാനത്തില്‍ വന്യജീവികളെ നിരീക്ഷിക്കാനായി സ്ഥാപിച്ച ക്യാമറയില്‍ സഹായം അഭ്യര്‍ത്ഥിച്ച് പ്രത്യക്ഷപ്പെട്ടത് ഒരു സഞ്ചാരി. ശൈത്യകാലത്തെ നിഷ്ക്രിയാവസ്ഥയ്ക്ക് മുന്നോടിയായി തവിട്ടുനിറത്തിലുള്ള കരടികൾ സാൽമണ്‍ മത്സ്യത്തെ കഴിക്കാനായി എത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായിട്ടായിരുന്നു ക്യാമറകള്‍ സ്ഥാപിച്ചത്. കരടികളില്‍ ഏറ്റവും അക്രമണകാരികളായ കരടികള്‍ തവിട്ട് നിറമുള്ള കരടികളാണ്. എന്നാല്‍, മഞ്ഞ് മൂടിയ പ്രദേശത്ത് നിന്നും പെട്ടെന്ന് കയറിവന്നത് ക്ഷീണിച്ച് അവശനായ ഒരു മനുഷ്യന്‍, അദ്ദേഹം ക്യാമറയെ കടന്ന് പോയതിന് ശേഷം വീണ്ടും തിരിച്ച് വന്ന് 'എന്നെ സഹായിക്കൂ' എന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. കരടികളുടെ കാഴ്ചകള്‍ക്കായി ക്യാമറയിലെ ലൈവ് ഫീഡ് നോക്കിക്കൊണ്ടിരിക്കുകയായിരുന്ന വന്യജീവി പ്രേമികള്‍, ആ മനുഷ്യന്‍റെ സഹായാഭ്യര്‍ത്ഥന കേട്ടു.
അതിവിദൂരമായ വനാന്തര്‍ഭാഗത്തെ വന്യമൃഗങ്ങളെ അവയുടെ ജൈവീകാവസ്ഥയില്‍ വന്യജീവി പ്രേമികള്‍ക്ക് കാണുന്നതിനായി അമേരിക്കയിലെ ദേശീയ പാര്‍ക്കുകള്‍ തങ്ങളുടെ വനത്തില്‍ നിരവധി ലൈവ് സ്ട്രീം ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരം ക്യാമറകളില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍ യൂറ്റ്യൂബില്‍ ലഭ്യമാണ്. വനാന്തരങ്ങളിലേക്ക് മൃഗസ്നേഹികളുടെ വരവ് കുറയ്ക്കുന്നതിനും അതുവഴി മൃഗങ്ങളുടെ ജൈവിക ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെ നോക്കുന്നതിനുമാണ് ഇത്തരം ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. തെക്കുപടിഞ്ഞാറൻ അലാസ്കയിലെ 4.1 ദശലക്ഷം ഏക്കർ (6,400 ചതുരശ്ര മൈലിന് തുല്യം) വ്യാപിച്ചുകിടക്കുന്ന വിശാലവും ദൃശ്യഭംഗിയുള്ളതുമായ തീരപ്രദേശമായ കാറ്റ്‌മൈ നാഷണൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന ക്യാമറയ്ക്ക് മുന്നിലേക്കാണ് വഴി തെറ്റിയ സഞ്ചാരി എത്തിയത്. അഗ്നിപർവ്വതങ്ങളുടെയും ഉത്തരധ്രുവതമേഖലാപ്രദേശത്തെ മരവിച്ച വൃക്ഷ ശൂന്യമായ സമതല മൈതാനവും അടക്കമുള്ള അതിമനോഹരമായ ഭൂപ്രകൃതിയാണ് ഇവിടെ. അതേസമയം തവിട്ട് കരടികളുടെ ആവാസ കേന്ദ്രവും.
കാറ്റ്‌മൈ നാഷണൽ പാർക്കിൽ സ്ഥാപിച്ച ഏഴ് ക്യാമറകളില്‍ ഒന്നിലാണ് സഹായം അഭ്യര്‍ത്ഥിച്ച് ഒരു സഞ്ചാരി എത്തിയത്. കൂട്ടം തെറ്റി ഒറ്റപ്പെട്ട് പോയതായിരുന്നു ആ സഞ്ചാരി. പാര്‍ക്ക് റേഞ്ചര്‍മാര്‍ പിന്നീട് ഈ സഞ്ചാരിയെ കണ്ടെത്തുകയും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളെ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്തു. ഈ സംഭവത്തിന്‍റെ വീഡിയോ ഗുഡ്‌ന്യൂസ് മൂവ്‌മെന്‍റ് തങ്ങളുടെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. ഒപ്പമെഴുതിയ കുറിപ്പില്‍ ഇങ്ങനെ നല്‍കിയിരിക്കുന്നു. 'കരടികളെ നിരീക്ഷിക്കാൻ സ്ഥാപിച്ച വെബ് ക്യാമറകൾക്ക് നന്ദി പറഞ്ഞ് ഈ ആഴ്ച കാറ്റ്‌മൈ നാഷണൽ പാർക്കിൽ ഒരു കാൽനടയാത്രക്കാരനെ രക്ഷിച്ചു. ഭാഗ്യവശാൽ, ഏകദേശം 6-8 ആളുകൾ ലൈവ് സ്ട്രീം കാണുകയും ദേശീയ പാർക്ക് സേവനത്തെ അറിയിക്കുകയും ചെയ്തു.' കുറിപ്പ് ഇങ്ങനെ തുടരുന്നു.' ദുഃഖത്തിലായ കാൽനടയാത്രക്കാരൻ ഡംപ്ലിംഗ് പർവതത്തിൽ ക്യാമറ കണ്ടു, സഹായം അഭ്യർത്ഥിക്കുന്നതിന് മുമ്പ് ഒരു തള്ളവിരൽ കാണിക്കുന്നു. (തംബ്‌സ് ഡൗൺ) നാഷണൽ പാർക്ക് സേവനത്തെ ലൈവ് സ്ട്രീം കാഴ്ചക്കാർ അറിയിച്ചതിന് ശേഷം, രക്ഷാപ്രവർത്തകർ അവനെ നാഗരികതയിലേക്ക് തിരികെ എത്തിച്ചു. അൽപ്പം തണുപ്പ്, പക്ഷേ കേടുപാടില്ല." പ്രതികൂല കാലാവസ്ഥ വന്നപ്പോൾ അദ്ദേഹം വഴിതെറ്റിപ്പോയി.'
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക