
ഇന്ത്യയിലെയും യുകെയിലെയും പഞ്ചനക്ഷത്ര ഹോട്ടലുകൾ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കയാണ് ഒരു ട്രാവൽ വ്ലോഗർ. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ, അതിഥികൾക്ക് ആതിഥ്യമരുളുന്ന കാര്യത്തിലും, ലക്ഷ്വറിയുടെ കാര്യത്തിലും, സേവനത്തിന്റെ കാര്യത്തിലുമെല്ലാം എങ്ങനെയാണ് രണ്ട് രാജ്യങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നത് എന്നാണ് പോസ്റ്റിൽ പറയുന്നത്. അതേസമയം, ഈ രണ്ട് സമീപനങ്ങളും എന്തുകൊണ്ട് തെറ്റല്ലെന്നും ദിപാൻഷു മിശ്ര പോസ്റ്റിൽ പറയുന്നുണ്ട്. എട്ട് വ്യത്യാസങ്ങളാണ് പോസ്റ്റിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.
വാടക
യുകെയിലെ ഒരു ഫൈവ്‍സ്റ്റാർ ഹോട്ടലിൽ 900 പൗണ്ട് നൽകുമ്പോൾ ഒരു ചെറിയ മുറി, ബെഡ് എന്നിവയൊക്കെയാണ് കിട്ടുന്നത്. ഇത് ഒരുലക്ഷം ഇന്ത്യൻ രൂപയ്ക്കടുത്ത് വരും. എന്നാൽ, ഇന്ത്യയിൽ 25,000 രൂപയാണ് വരുന്നത്. ഇന്ത്യയിലാണെങ്കിൽ മാലയിട്ട് സ്വീകരണവും, കുറി ചാർത്തലും, വെൽകം ഡ്രിങ്ക്സും, സ്നേഹത്തോടെ സർ എന്ന് വിളിക്കുന്ന ജീവനക്കാരും ഉണ്ടാവും.
ആതിഥ്യമരുളുന്നത്
യുകെയിലാണെങ്കിൽ പേര് ചോദിക്കുന്നു, ചെക്ക് ഇൻ ചെയ്യുന്നു. ഇന്ത്യയിലാണെങ്കിൽ കൈകൂപ്പി നമസ്തേയും സ്നേഹത്തോടെ സ്വാഗതവും പറയുന്നു.
പോർട്ടർ
യുകെയിൽ മിക്കവാറും റിസപ്ഷനിസ്റ്റും പോർട്ടറും ഒക്കെ ഒരാളായിരിക്കും. എന്നാൽ, ഇന്ത്യയിലാണെങ്കിൽ വാതിൽ തുറക്കാൻ ഒരാൾ, ലഗേജെടുക്കാൻ ഒരാൾ ഒക്കെയുണ്ടാവും.
ലക്ഷ്വറി
യുകെയിൽ ലക്ഷ്വറി എന്നാൽ ലളിതമാണ്. അതുപോലെയുള്ള നിറങ്ങളും നിശബ്ദതയും ഒക്കെ ആയിരിക്കും. എന്നാൽ, ഇന്ത്യയിൽ അത് പ്രകടമായതാണ്. ഇന്ത്യയിൽ നിങ്ങൾക്ക് പണക്കാരനായി അനുഭവപ്പെടും. എന്നാൽ, യുകെയിൽ കാര്യക്ഷമതയുള്ള ആളായിട്ടാണ് തോന്നുക.
റൂം
യുകെയിലെ മുറി ഒരു സ്യൂട്ട്കേസ് തുറക്കാൻ പാകത്തിന് മാത്രമുള്ളതാണ്. എന്നാൽ, ഇന്ത്യയിൽ ഇത് ചെറിയ മുറിയാണ് എന്ന് പറഞ്ഞുതരുന്ന മുറി പോലും വലുതായിരിക്കും.
ഭക്ഷണം
യുകെയിൽ ഭക്ഷണത്തിന്റെ കൃത്യസമയം പാലിക്കണം. അത് കഴിഞ്ഞാൽ കിട്ടില്ല. എന്നാൽ, ഇന്ത്യയിൽ വൈകിയാലും ഭക്ഷണം കിട്ടുന്ന അവസ്ഥയുണ്ട്.
യുകെയിലും ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തിൽ മിശ്രയുടെ പോസ്റ്റിൽ പറയുന്നത്, യുകെ വളരെ പ്രൊഫഷണലും മാന്യവുമായ പെരുമാറ്റമാണ്. അടുപ്പം കാണിക്കലുകളൊന്നും ഇല്ല. എന്നാൽ, ഇന്ത്യയിൽ അതോടൊപ്പം സ്നേഹം കൂടി നിറഞ്ഞ പെരുമാറ്റമാണ് എന്നാണ്.