ഐപിഎസ് ഓഫീസർ യശസ്വി യാദവ് ഭാവിയിലെ യുദ്ധങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി. കൊതുകിന്റെ വലിപ്പമുള്ള, ഫേസ് റെക്കഗ്നിഷൻ കഴിവുള്ള ഡ്രോണുകൾക്ക് ആളുകളെ തിരിച്ചറിഞ്ഞ് കൊലപ്പെടുത്താനും സ്വയം നശിക്കാനും കഴിയുമെന്നും അദ്ദേഹം പറയുന്നു.  

ഭാവിയിലെ യുദ്ധങ്ങൾ വെടിയുണ്ടകൾ കൊണ്ടല്ല, മറിച്ച് കണ്ണുകൊണ്ട് കാണാൻ പോലും കഴിയാത്ത 'ഡിജിറ്റൽ പ്രാണികൾ' കൊണ്ടായിരിക്കുമെന്ന് വെളിപ്പെടുത്തി ഐപിഎസ് ഓഫീസർ യശസ്വി യാദവ്. ഇസ്രായേൽ - ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഇസ്രായേൽ സന്ദർശനത്തിനിടെ താൻ നേരിട്ട് കണ്ട അത്യാധുനിക ആയുധങ്ങളെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റിൽ അദ്ദേഹം പങ്കുവെച്ച വിവരങ്ങൾ ഇപ്പോൾ ആഗോളതലത്തിൽ ചർച്ചയാവുകയാണ്.

കൊതുകിന്‍റെ വലിപ്പമുള്ള ഡ്രോണുകൾ

നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പ്രയാസമുള്ള, കൊതുകിന്‍റെ വലിപ്പം മാത്രമുള്ള അതീവ സൂക്ഷ്മമായ ഡ്രോണുകളെക്കുറിച്ചാണ് യശസ്വി യാദവ് വിവരിച്ചത്. ഈ കൊച്ചു ഡ്രോണുകളിൽ 'ഫേസ് റെക്കഗ്നിഷൻ' സോഫ്റ്റ്‌വെയർ ഘടിപ്പിച്ചിട്ടുണ്ട്. വലിയൊരു ജനക്കൂട്ടത്തിനിടയിൽ നിന്ന് ലക്ഷ്യം വെച്ച വ്യക്തിയെ ഇവ കൃത്യമായി തിരിച്ചറിയും. ലക്ഷ്യം കണ്ടെത്തിയാൽ ആ വ്യക്തിയുടെ നെറ്റിയിൽ സയനൈഡ് സിറിഞ്ച് കുത്തിവെക്കാൻ ഇവയ്ക്ക് സാധിക്കും. ഇതിലൂടെ സംഭവിക്കുന്ന മരണം ഒരു സാധാരണ ഹൃദയാഘാതമായി മാത്രമേ പുറമെ നിന്ന് നോക്കുന്നവർക്ക് തോന്നു. ആക്രമണത്തിന് ശേഷം ഈ ഡ്രോണുകളിൽ ഘടിപ്പിച്ചിട്ടുള്ള ആർഡിഎക്സ് ഉപയോഗിച്ച് അവ സ്വയം പൊട്ടിത്തെറിക്കും. ഇതോടെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താൻ പോലും സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു.

View post on Instagram

ഖമനേയിയെ വധിച്ച ഇസ്രയേൽ തന്ത്രം

യശസ്വി യാദവ് സൂചിപ്പിച്ചതുപോലെയുള്ള അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഫെബ്രുവരി 28 -ന് ഇറാന്‍റെ പരമോന്നത് നേതാവ് ആയത്തുല്ല അലി ഖമനേയി കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫിനാൻഷ്യൽ ടൈംസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഇറാന്‍റെ സുരക്ഷാ സംവിധാനങ്ങളെ ഇസ്രായേൽ പൂർണ്ണമായും നിഷ്പ്രഭമാക്കിയിരുന്നു. ടെഹ്റാനിലെ മിക്കവാറും എല്ലാ ട്രാഫിക് ക്യാമറകളും വർഷങ്ങളായി ഇസ്രായേൽ ചാരസംഘടനകൾ ഹാക്ക് ചെയ്തിരുന്നു. ഇതിലൂടെ ഖമനേയിയുടെ ബോഡിഗാർഡുകളുടെ നീക്കങ്ങൾ, അവരുടെ പേരുവിവരങ്ങൾ, ജോലി സമയം എന്നിവ ഇസ്രായേൽ കൃത്യമായി മനസ്സിലാക്കി.

ഖമനേയി കൊല്ലപ്പെട്ട പാസ്ചർ സ്ട്രീറ്റിലെ മൊബൈൽ ഫോൺ ശൃംഖലകൾ ആക്രമണ സമയത്ത് അമേരിക്കയും ഇസ്രായേലും ചേർന്ന് തടസ്സപ്പെടുത്തി. മുന്നറിയിപ്പുകൾ നൽകാൻ ശ്രമിച്ചവർക്കെല്ലാം 'ബിസി' സിഗ്നൽ മാത്രമേ ലഭിച്ചുള്ളൂ. "ഞങ്ങൾക്ക് ജറുസലേം അറിയാവുന്നത് പോലെ തന്നെ ടെഹ്റാനും അറിയാമായിരുന്നു" എന്നാണ് ഒരു ഇസ്രായേൽ ഉദ്യോഗസ്ഥൻ പറഞ്ഞത്, ശത്രു രാജ്യത്തിന്‍റെ ഹൃദയഭാഗത്ത് പോലും ഇസ്രായേൽ എത്രത്തോളം ആഴത്തിൽ നുഴഞ്ഞുകയറിയിരുന്നു എന്നതിന്‍റെ തെളിവാണിത്. യശസ്വി യാദവിന്‍റെ വെളിപ്പെടുത്തലോടെ ഭാവിയിലെ യുദ്ധ ആയുധങ്ങളെ കുറിച്ച് വലിയ ചർച്ചയാണ് സമൂഹ മാധ്യമങ്ങളിൽ സജീവമായത്.