'മാസം 4 ലക്ഷം ശമ്പളം, പക്ഷേ ഇന്ത്യ വിടാനാണ് ആഗ്രഹം'; കാരണം വ്യക്തമാക്കി ഐടി ജീവനക്കാരൻ, വീഡിയോ വൈറൽ

Published : Jul 23, 2026, 01:47 PM IST
Corporate

Synopsis

മാസം ഏകദേശം ₹4 ലക്ഷം ശമ്പളം വാങ്ങുന്ന ഒരു ഐടി ജീവനക്കാരൻ ഉയർന്ന വരുമാനമുണ്ടായിട്ടും ഇന്ത്യ വിടാൻ ആഗ്രഹിക്കുന്നു. ഉയർന്ന നികുതി, ഗതാഗതക്കുരുക്ക്, മലിനീകരണം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തുടങ്ങിയവയാണ് ജീവിതനിലവാരം കുറയ്ക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

മാസം ഏകദേശം ₹4 ലക്ഷം ശമ്പളം ലഭിക്കുന്ന ഐടി ജീവനക്കാരൻ, താൻ ഇന്ത്യ വിടാനും വിദേശത്തേക്ക് താമസം മാറാനും ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തി. ഒരു പോഡ്കാസ്റ്റിനിടെയാണ് അദ്ദേഹം തന്‍റെ ആഗ്രഹം വ്യക്തമാക്കിയത്. ഉയർന്ന വരുമാനമുണ്ടായിട്ടും രാജ്യത്ത് തുടരാൻ താൽപര്യമില്ലെന്നും അതിന്‍റെ കാരണങ്ങൾ എന്തെന്നും അദ്ദേഹം വിശദീകരിച്ചു. നീറ്റ് ക്രമക്കേടിനെതിരെ സിജെപി ജന്തർ മന്തിറിൽ നടത്തുന്ന പ്രതിഷേധത്തിനിടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ പിന്നാലെ വൈറലായി.

'മികച്ച ശമ്പളം, പക്ഷേ.. രാജ്യം വിടണം'

റെഡിറ്റിൽ പങ്കുവെച്ച പോസ്റ്റിൽ, മികച്ച ശമ്പളവും സ്ഥിരതയുള്ള ജോലിയും ഉണ്ടായിട്ടും ജീവിതനിലവാരം പ്രതീക്ഷിച്ചത്ര മെച്ചപ്പെട്ടതായി തോന്നുന്നില്ലെന്ന് യുവാവ് പ‍റയുന്നു, ഉയർന്ന നികുതി, ഗതാഗതക്കുരുക്ക്, മോശം നഗരാസൂത്രണം, വായു മലിനീകരണം, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവയാണ് രാജ്യം വിടാനുള്ള തന്‍റെ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ദിവസേന നേരിടുന്ന ഈ പ്രശ്നങ്ങൾ ജീവിതത്തിന്‍റെ ഗുണനിലവാരത്തെ ഗണ്യമായി ബാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 26 വയസുള്ള ഡാനിയൽ തനിക്ക് 3,700 ഡോളറാണ് മാസ ശമ്പളമെന്നും തനിക്ക് ഓസ്ട്രേലിയയിലേക്ക് പോകാനാണ് ആഗ്രഹമെന്നും കൂട്ടിച്ചേർക്കുന്നു.

 

 

ഉയർന്ന നികുതി, പക്ഷേ അടിസ്ഥാന സൗകര്യമില്ല

വരുമാനത്തിന്‍റെ വലിയൊരു പങ്ക് നികുതിയായി നൽകുന്നുണ്ടെങ്കിലും അതിന് അനുസൃതമായ പൊതുസേവനങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ലഭിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. റോഡുകൾ, പൊതുഗതാഗതം, ശുചിത്വം, നഗരനിർമാണം തുടങ്ങിയ മേഖലകളിൽ കൂടുതൽ മെച്ചപ്പെട്ട സംവിധാനങ്ങളുള്ള രാജ്യങ്ങളിലേക്ക് മാറുന്നതാണ് തന്‍റെ ഭാവിക്കായി നല്ല തീരുമാനമെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. ഉയർന്ന ശമ്പളം മാത്രം മികച്ച ജീവിതത്തിന് ഉറപ്പല്ലെന്നും, ജീവിത നിലവാരവും പൊതുസൗകര്യങ്ങളും ഒരുപോലെ പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പോഡ്കാസ്റ്റ് ഇന്‍റർവ്യൂവറും വ്യക്തിഗത സാമ്പത്തിക പരിശീലകനുമായ അൻഷുമാൻ ശർമ്മ ഈ വീഡിയോ കാണുന്ന ഇന്ത്യൻ രാഷ്ട്രിയ നേതൃത്വത്തോട് വിഷയത്തിന്‍റെ ഗൗരവത്തെ കുറിച്ച് ചിന്തിക്കണമെന്നും വീഡിയോയുടെ അവസാനം നിർദ്ദേശിക്കുന്നു.

ന്യായമായ ആശങ്ക

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേർ അനുകൂലവും പ്രതികൂലവുമായി അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ചിലർ അദ്ദേഹത്തിന്‍റെ ആശങ്കകൾ ന്യായമാണെന്നും, ഉയർന്ന വരുമാനമുള്ള പല പ്രൊഫഷണലുകളും സമാനമായ കാരണങ്ങളാൽ വിദേശ രാജ്യങ്ങളിലേക്ക് പോകാൻ ആലോചിക്കുന്നുണ്ടെന്നും എഴുതി. അതേസമയം, മറ്റുചിലർ വിദേശരാജ്യങ്ങൾക്കും അവരുടേതായ വെല്ലുവിളികളുണ്ടെന്നും, ഉയർന്ന ശമ്പളവും കുടുംബ ബന്ധങ്ങളും തൊഴിൽ അവസരങ്ങളും പരിഗണിക്കുമ്പോൾ ഇന്ത്യയിൽ തുടരുന്നതാണ് മികച്ച തെരഞ്ഞെടുപ്പെന്നും ചൂണ്ടിക്കാട്ടി. പുതിയ തലമുറയ്ക്ക് രാജ്യം എന്നത് ഒരു വികാരമല്ലെന്നും മറിച്ച് വ്യക്തിപരമായ താത്പര്യങ്ങളാണ് പ്രധാനമെന്നും മറ്റ് ചിലർ എഴുതി.

PREV
Read more Articles on
click me!

Recommended Stories

55,000 രൂപ വിലയുള്ള ട്രൈപോഡ് പൊട്ടിച്ചു, നഷ്ടപരിഹാരം വെറും 5,000 രൂപ! എയർ ഇന്ത്യയ്ക്കെതിരെ യുവാവിന്‍റെ കുറിപ്പ് വൈറൽ
സിജെപി പ്രതിഷേധത്തിൽ എന്തു കൊണ്ട് മൗനം?; നയം വ്യക്തമാക്കി ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ വിദേശ ഇൻഫ്ലുവൻസർമാർ, വീഡിയോ