
ഭയം മനുഷ്യനെയും മൃഗങ്ങളെയും ഏതാണ്ടൊരു പോലെയാണ് ബാധിക്കുക. പ്രത്യേകിച്ചും മരണഭയം. അത്തരം അവസ്ഥകളിൽ പരിഭ്രാന്തരാകുന്നവർ ഓടി രക്ഷപ്പെടാനാകും ആദ്യ ശ്രമം നടത്തുക. കഴിഞ്ഞ ദിവസം അത്തരമൊരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടപ്പോൾ നെറ്റിസെന്‍സിനെ അത് ഒരേ സമയം രസിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു. ഭക്ഷണത്തിനായി തലയിട്ട പാത്രത്തിൽ തല കുടുങ്ങി പോയ നായ പരിഭ്രാന്തനായി ഓടുന്നതായിരുന്നു ആ വീഡിയോ.
തല ഒരു പാത്രത്തിൽ കുടുങ്ങിയതിനെ തുടർന്ന് പരിഭ്രാന്തനായ നായ പാത്രവുമായി തലങ്ങും വിലങ്ങും ഓടുന്നു. ഇതിനിടെ അവൻ ഒരു ഗ്ലാസ് വാതിൽ തകർത്തു. പിന്നാലെ ഒരു ഇരുചക്ര വാഹനം ഇടിച്ച് മറിച്ചിട്ടു. തുടർന്ന് ഒരു ഓട്ടോയെ കുത്തി. വീണ്ടും അവന്‍ ഗ്ലാസ് ഡോറിന് മുന്നിലേക്ക് ഓടുന്നതിനിടെ വീഡിയോ അവസാനിക്കുന്നു. വെറും 11 സെക്കന്‍റ് മാത്രമാണ് വീഡിയോയ്ക്ക് ഉള്ളത്. സമൂഹ മാധ്യമ ഉപയോക്താക്കളിൽ പലരും നായയെ "ഡോഗേഷ് ഭായ്" എന്ന് വിളിച്ചപ്പോൾ, മറ്റുള്ളവർ വീഡിയോ ക്ലിപ്പ് എഐ നിർമ്മിച്ചതാണോയെന്ന് സംശയം പ്രകടിപ്പിച്ചു. അസ്വസ്ഥനായ നായ തന്‍റെ കാഴ്ച മറച്ച തലയിലെ പാത്രം ഒഴിവാക്കുന്നതിനായി തലങ്ങും വിലങ്ങും ഓടുന്നു. ഇതിനിടെയാണ് അവന്‍ മുന്നിലുള്ള ഓരോന്നും ഇടിച്ച് തെറിപ്പിക്കുന്നത്. നിസ്സഹായമായ നായ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വലിയ കുഴപ്പങ്ങളിലേക്ക് നീങ്ങുന്നു. അവന് ദിശാബോധം പോലും നഷ്ടപ്പെടുന്നു.
നായ തികച്ചും അസ്വസ്ഥനായിരുന്നെങ്കിലും സമൂഹ മാധ്യമ ഉപയോക്താക്കൾ വീഡിയോയ്ക്ക് താഴെ തമാശ നിറഞ്ഞ കുറിപ്പുകളുമായെത്തി. ഡോഗേഷ് ഭായിയെന്നായിരുന്നു പലരും നായയെ അഭിസംബോധന ചെയ്തതത്. ഡോഗേഷ് ഭായി ഒരു ലെവൽ 5 ഹെൽമെറ്റ് വാങ്ങിയെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. ദോഗേഷ് ഭായ് ഇപ്പോൾ വലിയ നാശം വിതയ്ക്കുമെന്നായിരുന്നു മറ്റൊരു കുറിപ്പ്. മറ്റ് ചിലർ നായയോട് കുറഞ്ഞത് ഹെമറ്റ് ശരിയായി ഉപയോഗിക്കാൻ ആവശ്യപ്പെട്ടു. മറ്റ് ചിലർ നായയുടെ തല പാത്രത്തിൽ കുടുങ്ങിയിട്ടില്ലെന്നും അത് പരിഭ്രാന്തി കാരണം ഓടുകയാണെന്നും കണ്ടെത്തി. അതേസമയം മറ്റ് ചിലർ അവന്‍റെ ദുഃഖത്തിൽ പങ്കുചേർന്നു. ആരെങ്കിലും അവന്‍റെ ദുരിതത്തിന് അറുതിവരുത്താനായി എഴുതി.