
നായകളുടെ വീഡിയോ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഡോഗേഷ് ഭായി എന്ന പേരിൽ തുടങ്ങുന്ന പേജുകൾ വരേയുമുണ്ട്. നായപ്രേമികളും അല്ലാത്തവരുമായി ഇഷ്ടം പോലെ ആരാധകരും ഇത്തരം വീഡിയോകൾക്കുണ്ട്. ഓരോ ദിവസവുമെന്നോണം അത്തരത്തിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ കാണാം. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. തിരക്കേറിയ മുംബൈ ലോക്കൽ ട്രെയിനിൽ സമാധാനത്തോടെ ഉറങ്ങുന്ന നായയെ ശല്യം ചെയ്യാത്ത യാത്രക്കാരെയാണ് ഈ വീഡിയോയിൽ കാണുന്നത്. പീക്ക് അവറിലെ വലിയ തിരക്കിനിടയിലും നായയെ എഴുന്നേൽപ്പിക്കാതെ യാത്രക്കാർ സീറ്റ് വിട്ടുനൽകിയ സംഭവത്തിന്റെ വീഡിയോ ആരുടേയും ഹൃദയത്തെ സ്പർശിക്കുന്നതാണ്. കരൺ ഭാനുശാലി എന്ന യൂസറാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ട്രെയിനിൽ തിങ്ങിനിറഞ്ഞ് യാത്രക്കാർ നിൽക്കുമ്പോഴും നായ സീറ്റിൽ സുഖമായി കിടന്നുറങ്ങുന്നത് വീഡിയോയിൽ കാണാം. ആരും അതിനെ ഉണർത്താനോ മാറ്റാൻ ശ്രമിക്കാനോ തയ്യാറായില്ല. പകരം ചുറ്റുമുള്ളവർ അൽപ്പം മാറിനിന്ന് അതിന് നന്നായി ഉറങ്ങാൻ സൗകര്യമൊരുക്കുകയായിരുന്നു. 'ഡോഗേഷ് ഭായ്' എന്ന് നായയെ വിശേഷിപ്പിച്ചു കൊണ്ടുള്ള രസകരമായ ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'വിഐപി യാത്രക്കാരന് ഫസ്റ്റ് ക്ലാസ് യാത്രാനുഭവം ' എന്നും ഇതിൽ കുറിച്ചിരിക്കുന്നതായി കാണാം.
സാമൂഹിക മാധ്യമങ്ങളിൽ നിരവധി പേരാണ് ഈ വീഡിയോയ്ക്ക് സ്നേഹം നിറഞ്ഞ കമന്റുകൾ നൽകിയിരിക്കുന്നത്. 'സുരക്ഷിതമായ ഉറക്കസ്ഥലം നായ കണ്ടെത്തി', 'കടുത്ത തിരക്കിലും ഒരു ശല്യവുമില്ല', 'വിഐപി യാത്രികന് മുൻഗണനാ സീറ്റ്' എന്നിങ്ങനെയൊക്കെയാണ് ആളുകൾ കമന്റ് നൽകുന്നത്. എന്നും തിരക്കുകൾ മാത്രം നിറഞ്ഞ മുംബൈ ലോക്കൽ ട്രെയിനിൽ ഇങ്ങനെ ഒരു കാഴ്ച ശരിക്കും ആളുകളെ അമ്പരപ്പിച്ചു. മുംബൈ ലോക്കൽ ട്രെയിനുകളിലെ തിരക്ക് പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.