
തിരക്കുപിടിച്ച മുംബൈ നഗരത്തിൽ മനുഷ്യത്വത്തിന്‍റെ കരുണാർദ്രമായ ഒരു കാഴ്ച സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. പ്ലാറ്റ്‌ഫോമിൽ നിന്നും ഓടിത്തുടങ്ങിയ ട്രെയിൻ, പ്രായമായ ഒരു സ്ത്രീക്ക് സുരക്ഷിതമായി കയറുന്നതിനായി ലോക്കോ പൈലറ്റ് നിർത്തിക്കൊടുത്തതാണ് ഇപ്പോൾ എല്ലാവരുടെയും കൈയടി നേടുന്നത്. വീഡിയോ ഗ്രാഫറായ ഓം ത്രിപാഠിയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
ഊന്നുവടിയുടെ സഹായത്തോടെ നടന്നു വരുന്ന ഒരു വയോധിക, പ്ലാറ്റ്‌ഫോമിൽ നിന്നും നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. സാധാരണഗതിയിൽ മുംബൈ ലോക്കൽ ട്രെയിനുകൾ നിശ്ചിത സമയക്രമം പാലിക്കുന്നതിനാൽ ഒരിക്കൽ എടുത്തുതുടങ്ങിയാൽ നിർത്താറില്ല. എന്നാൽ, ആ സ്ത്രീയുടെ അവസ്ഥ മനസ്സിലാക്കിയ ലോക്കോ പൈലറ്റ് ഉടൻ തന്നെ ട്രെയിനിന്റെ വേഗത കുറയ്ക്കുകയും നിർത്തുകയും ചെയ്തു. അവർ സുരക്ഷിതമായി അകത്ത് കയറിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ട്രെയിൻ പിന്നീട് യാത്ര തുടർന്നത്. "മനുഷ്യത്വം ഇന്നും നിലനിൽക്കുന്നു" എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 14 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. "ഇതൊരു ട്രെയിൻ നിർത്തൽ മാത്രമല്ല, സഹജീവികളോടുള്ള കരുണ ഇന്നും ഉണ്ട് എന്നതിന്റെ തെളിവാണ്" എന്ന് വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നു.
മുംബൈ പോലുള്ള ഒരു മഹാനഗരത്തിൽ, ഒരു ഡ്രൈവർ കാണിച്ച ഈ ക്ഷമയെയും കാരുണ്യത്തെയും പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. സംഭവത്തെക്കുറിച്ച് ഒരു ഉപയോക്താവ് കുറിച്ചത് ഇങ്ങനെയാണ്: "ഇത് പാൽഘർ റെയിൽവേ സ്റ്റേഷനാണ്. ആ ട്രെയിൻ അന്ന് അവിടെനിന്ന് പോയിരുന്നെങ്കിൽ അടുത്ത രണ്ട് മണിക്കൂർ നേരത്തേക്ക് വേറെ ട്രെയിൻ ഉണ്ടാകുമായിരുന്നില്ല. ആ ലോക്കോ പൈലറ്റിനോട് വലിയ ബഹുമാനം തോന്നുന്നു." സമയക്രമം തെറ്റിക്കാതെ ഓടുക എന്നതിനേക്കാൾ സഹജീവികളോടുള്ള, യാത്രക്കാരോടുള്ള കരുണയ്ക്ക് മുൻഗണന നൽകിയ ആ ഡ്രൈവറെ സമൂഹ മാധ്യമ ഉപയോക്താക്കൾ "യഥാർത്ഥ ജീവിതത്തിലെ നായകൻ" എന്നാണ് വിശേഷിപ്പിക്കുന്നത്.