മകളുടെ വിവാഹമോചനം, കോടതിക്ക് പുറത്ത് ആടിപ്പാടി മധുരവിതരണം നടത്തി അച്ഛനും കുടുംബവും

Published : Apr 06, 2026, 02:34 PM IST
viral video

Synopsis

നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വിവാഹമോചനം നേടിയ മകളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷമായി സ്വീകരിച്ച് പിതാവും കുടുംബവും. സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ. 

വിവാഹമോചനത്തെ ഇപ്പോഴും അം​ഗീകരിക്കാത്ത ഒരു സമൂഹമാണ് നമ്മുടേത്. അതിനാൽ തന്നെ പെൺമക്കളോട് എത്ര ബുദ്ധിമുട്ട് ആണെങ്കിലും പിടിച്ചുനിൽക്കണം എന്നാണ് പല മാതാപിതാക്കളും ഉപദേശിക്കാറ്. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായി വിവാഹമോചിതയായ മകളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷമായി സ്വീകരിച്ച ഒരു അച്ഛനാണ് വാർത്തയാവുന്നത്. ഉത്തർപ്രദേശിലെ മീററ്റിലാണ് വളരെ കാലം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ വിവാഹമോചനം ലഭിച്ച മകളെ വാദ്യമേളങ്ങളുടെയും മധുരപലഹാരങ്ങളുടെയും അകമ്പടിയോടെ പിതാവ് സ്വീകരിച്ചത്.

മീററ്റ് സ്വദേശിയായ ഡോ. ജ്ഞാനേന്ദ്ര ശർമയാണ് തന്റെ മകൾ പ്രണിതയുടെ വിവാഹമോചനം ആഘോഷമാക്കിയത്. കോടതിക്ക് പുറത്ത് വാദ്യമേളങ്ങൾ മുഴക്കിയും ലഡു വിതരണം ചെയ്തുമാണ് കുടുംബം സന്തോഷം പങ്കിട്ടത്. 'എന്റെ മകളെ ഞാൻ സ്നേഹിക്കുന്നു, അവളാണ് എന്റെ ഹൃദയവും ആത്മാവും' എന്നെഴുതിയ ടി-ഷർട്ടുകൾ ധരിച്ചാണ് ബന്ധുക്കൾ എത്തിയത്. പ്രണിതയാകട്ടെ 'എന്റെ കുടുംബം, എന്റെ ജീവൻ' എന്നെഴുതിയ ടി-ഷർട്ടും ധരിച്ചിരുന്നു. 2018 -ലായിരുന്നു പ്രണിതയുടെ വിവാഹം. എന്നാൽ ഭർതൃവീട്ടിലെ പീഡനങ്ങൾ സഹിക്കവയ്യാതെ 2021-ലാണ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചതത്രെ.

'മകളുടെ ജനനസമയത്ത് താൻ ചെണ്ടകൊട്ടി ആഘോഷിച്ചിരുന്നു, ജീവിതത്തിലെ ഈ പ്രതിസന്ധി ഘട്ടം പിന്നിടുമ്പോഴും അതേ അന്തസ്സോടെ അവളെ വരവേൽക്കാൻ താൻ ആഗ്രഹിക്കുന്നു' എന്ന് ഡോ. ജ്ഞാനേന്ദ്ര ശർമ പറഞ്ഞു. 'വിവാഹമോചനം എന്നത് ജീവിതത്തിന്റെ അവസാനമല്ല, മറിച്ച് സമാധാനപരമായ മറ്റൊരു ജീവിതത്തിന്റെ തുടക്കമാണ്. എന്റെ മകളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുകയാണ് എന്റെ ലക്ഷ്യം' എന്നും ഡോ. ജ്ഞാനേന്ദ്ര ശർമ പറയുന്നു.

 

 

സംഭവത്തിന്റെ വീഡിയോ വൈറലായി മാറിയതോടെ അനേകങ്ങളാണ് കമന്റുമായി എത്തിയത്. ഈ ആഘോഷത്തിന്റെ ആവശ്യമില്ലായിരുന്നു എന്ന് കമന്റ് നൽകിയവരുണ്ട്. എന്നാൽ, നമ്മുടെ പെൺമക്കൾക്ക് നമ്മളുണ്ടെന്ന് കാണിക്കാൻ ഇത് നല്ലത് തന്നെ, ഇങ്ങനെ ഒരച്ഛനേയും കുടുംബത്തേയും കിട്ടാൻ ഭാ​ഗ്യം ചെയ്യണം എന്ന് കമന്റ് നൽകിയവരും ഒരുപാടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

പുലർച്ചെ 3 മണി, ബെം​ഗളൂരു ന​ഗരത്തിൽ ഒറ്റപ്പെട്ടുപോയ യുവതിക്ക് തുണയായത് 2 അപരിചിതർ
ഒന്നും പറയണ്ട, ആഘോഷം ട്രെയിനിൽ തന്നെ, കേക്ക് മുറിച്ച് വധു, ആടിപ്പാടി ബന്ധുക്കൾ, വിവാഹത്തിന് ഒരു കോച്ച് അപ്പാടെ ബുക്ക് ചെയ്ത് കുടുംബം