
ഇന്തോനേഷ്യയിലെ ബാലിയിൽ പ്രളയജലത്തിലൂടെ കൂറ്റൻ മലമ്പാമ്പുകൾ ഒഴുകി നീങ്ങുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഭീതി പടർത്തുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന അതിശക്തമായ മഴയെത്തുടർന്ന് ദ്വീപ് സമാനമായ അവസ്ഥയിലാണ് ബാലി. വിനോദസഞ്ചാര കേന്ദ്രമായ ബാലിയിൽ പ്രളയക്കെടുതിക്കിടെ ജനങ്ങളെ മുൾമുനയിലാക്കി കൂറ്റൻ മലമ്പാമ്പുകളും പുറത്തേക്ക് വരികയാണ്. കനത്ത മഴയിൽ റോഡുകളും വില്ലകളും വെള്ളത്തിനടിയിലാണ്. അതിനിടയിലാണ് മാളങ്ങളിൽ നിന്ന് പാമ്പുകൾ കൂട്ടത്തോടെ പുറത്തുവന്നത്. ഏകദേശം അഞ്ച് മീറ്ററോളം നീളമുള്ള റെറ്റിക്കുലേറ്റഡ് പൈത്തണുകളെയാണ് വെള്ളപ്പൊക്കമുണ്ടായ തെരുവുകളിൽ കണ്ടത്. ഇവ മികച്ച രീതിയിൽ നീന്താൻ കഴിവുള്ളവയാണ്.
താമസസ്ഥലങ്ങളുടെ ബാൽക്കണിയിൽ നിന്ന് വിനോദസഞ്ചാരികൾ പകർത്തിയ വീഡിയോകളിൽ, വില്ലകളുടെ മുറ്റത്തിലൂടെയും റോഡുകളിലൂടെയും ഈ കൂറ്റൻ പാമ്പുകൾ നീന്തിപ്പോകുന്നത് വ്യക്തമാണ്. അതേസമയം, ഇൻഡോനേഷ്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പല ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റ, ലെഗിയാൻ, സനൂർ തുടങ്ങിയ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം വെള്ളത്തിനടിയിലാണ് .
പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ റബ്ബർ ബോട്ടുകൾ വിന്യസിച്ചിട്ടുണ്ട്. പാമ്പുകളെ കണ്ടതിനെത്തുടർന്ന് വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ ഇറങ്ങരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. ഇതുവരെ പാമ്പ് കടിയേറ്റ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. എങ്കിലും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ദൃശ്യങ്ങൾ ആളുകളെ വലിയ രീതിയിൽ ആശങ്കപ്പെടുത്തിയിട്ടുണ്ട് .
ഇന്തോനേഷ്യയിൽ സമീപകാലത്തായി പ്രകൃതിദുരന്തങ്ങൾ വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ മാസം പശ്ചിമ ജാവയിലുണ്ടായ ഉരുൾപൊട്ടലിൽ 80 -ലധികം പേർ മരിച്ചു. സുമാത്ര ദ്വീപിലുണ്ടായ പ്രളയത്തിൽ നവംബർ മുതൽ ഇതുവരെ 1,190-ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് കണക്കുകൾ .