
പാനിപൂരി കഴിക്കാനിഷ്ടമാണ്, എന്നാൽ കഴിക്കുന്നത് ഇത്തിരി ടാസ്കാണ്. ഇങ്ങനെ കരുതുന്നവരാണോ നിങ്ങൾ? എങ്ങനെ പാനിപൂരി കഴിക്കുമെന്നറിയാതെ നിൽക്കുന്നവർക്ക് ഉറപ്പായും ഈ വീഡിയോ ഒരു മുതൽക്കൂട്ടാണ്. ങേ, ഇങ്ങനെയൊക്കെ പാനിപൂരി കഴിക്കാമോ എന്ന് ഇത് കണ്ട് തോന്നിപ്പോയാലും അതിശയിക്കാനില്ല. വേറിട്ട രീതിയിൽ ഗോൽഗപ്പ അഥവാ പാനിപൂരി കഴിക്കുന്നൊരു കൊച്ചു പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ ചിരിപ്പിക്കുന്നത്. ടെൻസിങ് സെൽഡൻ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. സിക്കിമിൽ നിന്നുള്ള ഈ കുട്ടിയുടെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് അവളുടെ അമ്മയാണ്.
'മധുരമാണോ എരിവാണോ വേണ്ടതെന്ന് തീരുമാനിക്കാൻ കഴിയുന്നില്ല, അതുകൊണ്ട് ഞാൻ ഒരേ സമയം രണ്ടും കഴിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ പെൺകുട്ടി ഒരു പാനിപൂരി സ്റ്റാളിന് മുന്നിൽ നിൽക്കുന്നത് കാണാം. ഒരു കയ്യിൽ പാനിപൂരി പ്ലേറ്റും മറുകയ്യിൽ ഒരു മിഠായിയുമാണ് കുട്ടിയുടെ പക്കലുള്ളത്. പാനിപൂരി വായിലേക്ക് വെക്കുന്നതിന് തൊട്ടുമുമ്പ് കുട്ടി കയ്യിലിരുന്ന മിഠായി ഒന്ന് നൊട്ടിനുണയുന്നു, തൊട്ടുപിന്നാലെ ഒട്ടും സമയം കളയാതെ ഒരു പാനിപൂരി മുഴുവനായി അങ്ങ് വിഴുങ്ങുന്നു.
ഒരേ സമയം മധുരവും എരിവും ആസ്വദിക്കുന്ന കുട്ടിയെ കണ്ട പലർക്കും ചിരിയടക്കാനായില്ല. 'മൾട്ടിടാസ്കിങ് ലെവൽ' എന്നും വീഡിയോയിൽ എഴുതിയിട്ടുണ്ട്. വീഡിയോ വൈറലായി മാറിയതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നതും. 'എനിക്ക് ഈ ചലഞ്ച് എങ്ങനെയെങ്കിലും ഒന്ന് ചെയ്യണം' എന്നാണ് ഒരാൾ കുറിച്ചത്. 'എന്റെ കുട്ടി ഇതുപോലെയാണെങ്കിൽ ഞാൻ ലോകത്തിലെ ഏറ്റവും അഭിമാനമുള്ള അമ്മയാകും' എന്നായിരുന്നു മറ്റൊരു കമന്റ്. എന്നാലും ഇങ്ങനെയും പാനിപൂരി കഴിക്കാം അല്ലേ എന്നായിരുന്നു മറ്റ് ചിലർ കമന്റ് നൽകിയത്.