
നവദമ്പതികൾ കടലിലും കായലിലും ആകാശത്തും മലകളിലും നിന്നുള്ള ദൃശ്യങ്ങൾ കൊണ്ട് സമൂഹ മാധ്യമങ്ങൾ നിറയ്ക്കുമ്പോൾ, അതിനിടെ ഹൃദയത്തിൽ തൊടുന്നൊരു വീഡിയോയെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ തന്നെ ചൂണ്ടിക്കാണിച്ചൊരു വീഡിയോ വൈറലായി. ഒരു മുത്തശ്ശനും മുത്തശ്ശിയും തങ്ങളുടെ ജീവിതത്തിൽ ആദ്യമായി കടൽ കാണുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. കൊച്ചുകുട്ടികളുടെ മുഖഭാവങ്ങളോടെ അവർ കടൽ ആസ്വദിക്കുന്ന വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകർഷിച്ചു.
"ഇത് ഒരു യാത്രയെക്കുറിച്ചോ കടൽത്തീരത്തെക്കുറിച്ചോ ആയിരുന്നില്ല. ജീവിതകാലം മുഴുവൻ അവർ കേട്ടിട്ടുള്ള എന്തെങ്കിലും കാണാൻ അവരെ കൊണ്ടുപോകുന്നതിനെക്കുറിച്ചായിരുന്നു അത്," എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ദിവ്യ തവ്ഡെ എന്ന ഇൻസ്റ്റാഗ്രാം ഹാന്‍റിലിൽ നിന്നുമാണ് ഈ ഹൃദയങ്ങൾ കീഴടക്കിയ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വെറും വാക്കുകൾ കൊണ്ടുള്ള കസർത്തുകൾക്ക് പകരം കാഴ്ചക്കാരുടെ ഹൃദയത്തിൽ നിന്നുള്ള കുറിപ്പുകൾ കൊണ്ട് വീഡിയോയുടെ കമന്‍റ് ബോക്സ് നിറഞ്ഞു.
ജീവിതത്തിൽ ആദ്യമായി ഏറെ കേട്ടിട്ടുള്ള ഒരു കാഴ്ച ആവരിരുവരും കാണുകയായിരുന്നു. ആദ്യമായി കടൽ വെള്ളം അവരുടെ കാലുകളിൽ തഴുകിയപ്പോൾ അവരിരുവരും പരസ്പരം കൈ കോർത്തു പിടിച്ചു. ഒരാൾ മറ്റേയാൾക്ക് താങ്ങായി... ഒരിക്കലും അഴിയാത്ത കരുതലായി. ഇരുവരുടെയും സന്തോഷം കണ്ട സമൂഹ മാധ്യമ ഉപയോക്താക്കളും ഏറെ സന്തോഷത്തിലായിരുന്നുവെന്ന് അവരുടെ കുറിപ്പുകളിൽ വ്യക്തം.
ഹൃദയസ്പർശിയായ വീഡിയോ തങ്ങളുടെ ഹൃദയം കീഴടക്കിയെന്ന് നിരവധി പേരാണ് കുറിച്ചത്. പലരും തങ്ങളുടെ കണ്ണ് നിറഞ്ഞതായി കുറിച്ചു. താന്‍ ഇന്‍റർനെറ്റ് ബില്ലുകൾ അടയ്ക്കുന്നത് ഇതുകൊണ്ടാണെന്നും തന്‍റെ ദിവസം വൈകാരികവും സന്തോഷകരവുമാക്കിയെന്നായിരുന്നു ഒരു ഉപഭോക്താവിന്‍റെ കുറിപ്പ്. തന്‍റെ പ്രീയപ്പെട്ട നായകനൊപ്പം സൂര്യാസ്തമയവും കടലും ആസ്വദിക്കുന്നവെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. അവരിരുവരും കൈകൾ കോർത്ത രീതി വളരെ മനോഹരമായിരിക്കുന്നുവെന്ന് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു. അവർ വളരെ സന്തോഷത്തിലാണെന്നും ഇരുവരുടെയും സന്തോഷം കണ്ട് ചിരി നിർത്താൻ കഴിയുന്നില്ലെന്നുമായിരുന്നു മറ്റൊരു ഉപഭോക്താവ് കുറിച്ചത്.