ഇതൊക്കെയാണ് വിശ്വാസം; സമയം രാത്രി 10 മണി, കടയടച്ചിട്ടും സാധനങ്ങൾ പുറത്ത്, വേണ്ടതെടുക്കാം, വില അയച്ചാൽ മതി

Published : Jun 03, 2026, 08:10 AM IST
Viral video

Synopsis

നോർവേയിൽ നിന്നുള്ള ഒരു ഇന്ത്യൻ യുവാവ് പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. രാത്രി 10 മണിക്ക് കടയടച്ചിട്ടും പൂക്കളും ചെടികളും പുറത്ത്, ആവശ്യമുള്ളതെടുത്ത് പണം അയച്ചുകൊടുക്കാം. 

വിശ്വാസമാണ് എല്ലാം, വിശ്വാസമില്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടും കാര്യമില്ല. ഈ വാക്കുകൾ ജീവിതത്തിൽ നാം പലതവണ കേട്ടിട്ടുണ്ടാകും. എന്നാലും, ആളുകൾക്ക് മറ്റാളുകളെ വിശ്വാസം ഒരല്പം കുറവ് തന്നെയാണ്. ലോകം അങ്ങനെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ, ഇതിനെയെല്ലാം തിരുത്തിക്കുറിക്കുന്ന ഒരു കാഴ്ചയാണ് നോർവേയിൽ നിന്നും ഒരു ഇന്ത്യൻ‌ യുവാവ് പങ്കുവയ്ക്കുന്നത്. ആദിത്യ പങ്കുവച്ചിരിക്കുന്ന വീഡിയോ സ്കാൻഡിനേവിയൻ രാജ്യങ്ങളിലുള്ള പരസ്പരവിശ്വാസത്തെ എടുത്തുകാണിക്കുന്നതാണ്. വീഡിയോയിൽ കാണുന്നത് പൂക്കൾ വിൽക്കുന്ന ഒരു കടയാണ്. സമയം രാത്രി 10 മണി.

സാധാരണയായി നമ്മുടെ നാട്ടിലൊക്കെയാണെങ്കിൽ രാത്രിയിൽ പുറത്തു വച്ചിരിക്കുന്നതെല്ലാം എടുത്ത് അകത്തുവച്ച് കടയും പൂട്ടി പോവും അല്ലേ? എന്നാൽ, ഇവിടെ പുറത്ത് തന്നെ പൂക്കളൊക്കെ വച്ച ശേഷമാണ് കടയുടമ കടയടച്ച് പോയിരിക്കുന്നത്. ഇനി നിങ്ങൾക്ക് പൂക്കൾ വേണോ? അവിടെ നിന്നും എടുക്കുകയും ചെയ്യാം. അവിടെ എഴുതിവച്ചിരിക്കുന്ന നമ്പറിലേക്ക് അതിന്റെ വില ഇട്ടുകൊടുത്താൽ മതിയാവും.

'സ്കാൻഡിനേവിയയിലെ പരസ്പര വിശ്വാസത്തെക്കുറിച്ചാണ് ഞാൻ നിങ്ങളോട് പറയുന്നത്. മനുഷ്യൻ മനുഷ്യനെ എങ്ങനെ വിശ്വസിക്കുന്നു എന്നതിന്റെ തെളിവാണിത്. ഇപ്പോൾ രാത്രി 10 മണി. ഞാൻ നിൽക്കുന്നത് പൂക്കൾ വിൽക്കുന്ന ഒരു കടയ്ക്ക് മുന്നിലാണ്. കട അടച്ചുകഴിഞ്ഞു, പക്ഷേ, അവരുടെ പൂച്ചട്ടികളും പൂക്കളുമെല്ലാം പുറത്തുതന്നെയാണ് വെച്ചിരിക്കുന്നത്. നിങ്ങൾക്ക് ഇതിൽ ഏതെങ്കിലും വാങ്ങണമെന്നുണ്ടെങ്കിൽ, അത് എടുക്കാം. അവർ അതിനായി വാതിലിന് സമീപം ഒരു ഫോൺ നമ്പറും വിലയും രേഖപ്പെടുത്തിയിട്ടുണ്ട്. അതിലേക്ക് പണം അടച്ചാൽ മാത്രം മതി. ആളുകൾ സാധനങ്ങൾ എടുത്ത് കൃത്യമായി പണം നൽകുമെന്ന പൂർണ്ണ വിശ്വാസത്തിലാണ് അവർ ഇത് ചെയ്യുന്നത്. ഇതാണ് സ്കാൻഡിനേവിയൻ രീതി' എന്നാണ് ആദിത്യ വീഡിയോയിൽ പറയുന്നത്. 'നോർവേയിലെ ആളുകളുടെ പരസ്പര വിശ്വാസം' എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

 

 

വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് അതിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'ഇതുകൊണ്ടാണ് സ്കാൻഡിനേവിയൻ രാജ്യങ്ങൾ ആഗോള സൂചികകളിൽ എപ്പോഴും മുൻപന്തിയിൽ നിൽക്കുന്നത്' എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത്തരം വിശ്വാസവും വിശ്വാസം കാക്കുന്ന മനുഷ്യരുമാണ് എല്ലായിടത്തും ആവശ്യം എന്നായിരുന്നു മറ്റ് ചിലർ അഭിപ്രായപ്പെട്ടത്.

PREV
Read more Articles on
click me!

Recommended Stories

കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തി പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങിയ ആർമി പൈലറ്റ്, വീഡിയോ വൈറൽ
ഈഫൽ ടവറിന് മുന്നിൽ ഇന്ത്യൻ സ്ത്രീകളുടെ സാരി റാമ്പ് വാക്ക്, നൃത്തത്തേക്കാൾ മനോഹരമെന്ന് നെറ്റിസെൺസ്