ബെംഗളൂരു നടുക്കിയ ലംബോർഗിനി; പാതിരാത്രിയിലെ അഭ്യാസം, ഉടമയ്‌ക്കെതിരെ കേസ്, വീഡിയോ

Published : Mar 22, 2026, 11:37 AM IST
Lamborghini driver's stund

Synopsis

ബെംഗളൂരു എംജി റോഡിൽ പുലർച്ചെ ലംബോർഗിനി കാർ ഉപയോഗിച്ച് അപകടകരമായ അഭ്യാസപ്രകടനം നടത്തിയതിന് പോലീസ് കേസെടുത്തു. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഡ്രൈവറെ കണ്ടെത്താനും വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ വ്യാജമാണോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

 

ബെംഗളൂരു നഗരഹൃദയത്തിലെ തിരക്കേറിയ എംജി റോഡിൽ പുലർച്ചെ ആഡംബര കാർ ഉപയോഗിച്ച് അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അനിൽ കുംബ്ലെ സർക്കിളിൽ പുലർച്ചെ 2 മണിക്കും 3 മണിക്കും ഇടയിലാണ് വെള്ള നിറത്തിലുള്ള ലംബോർഗിനി കാർ ഉപയോഗിച്ച് ഡ്രൈവർ ഡ്രിഫ്റ്റിങ് നടത്തിയത്.

ഡ്രൈവർക്കെതിരെ കേസ്

നാല് വശത്ത് നിന്നും റോഡുകൾ സംഗമിക്കുന്ന ജംഗ്ഷനിൽ വെച്ച് കാർ വട്ടം കറക്കിയും അമിതവേഗതയിൽ ഓടിച്ചും ഡ്രൈവർ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ഈ സമയത്ത് മറ്റ് വാഹനങ്ങളും റോഡിലുണ്ടായിരുന്നു. കാറിന്‍റെ സൺറൂഫ് തുറന്ന് അതിലൂടെ പുറത്തേക്ക് നോക്കി യാത്രക്കാർ ആക്രോശിക്കുന്നതും വീഡിയോയിൽ കാണാം. KA 05 NR 0009 എന്ന നമ്പറിലുള്ള കാറാണ് നിയമലംഘനം നടത്തിയത്.

 

 

അപകടകരമായ ഡ്രൈവിംഗ്

ഒരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതേത്തുടർന്ന് കബ്ബൺ പാർക്ക് ട്രാഫിക് പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് സെക്ഷൻ 281, മോട്ടോർ വാഹന നിയമം സെക്ഷൻ 184 വകുപ്പുകളാണ് ഉടമയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. 'mParivahan' ആപ്പിൽ ഈ നമ്പറിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ, വാഹനം രജിസ്റ്റർ ചെയ്യാത്തതാണോ അതോ വ്യാജ നമ്പർ പ്ലേറ്റ് ആണോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

ലൈസൻസ് റദ്ദാക്കണമെന്ന് ആവശ്യം

ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ജനരോഷത്തിന് കാരണമായിട്ടുണ്ട്. "പണം കൊണ്ട് സൂപ്പർ കാറുകൾ വാങ്ങാൻ സാധിച്ചേക്കാം, പക്ഷേ, നിയമത്തിൽ നിന്നുള്ള പരിരക്ഷ വാങ്ങാൻ കഴിയില്ല." എന്നാണ് ഒരാൾ പ്രതികരിച്ചത്. ഇതൊരു നിരുത്തരവാദപരമായ പ്രവൃത്തി മാത്രമല്ല, ക്രിമിനൽ കുറ്റകരമായ അനാസ്ഥയാണെന്നും ലൈസൻസ് റദ്ദാക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. ലംബോർഗിനി പോലുള്ള വാഹനങ്ങൾ സമ്പന്നരുടേതായതുകൊണ്ട് ഇത്തരം സോഷ്യൽ മീഡിയ പോസ്റ്റുകൾക്കപ്പുറം കടുത്ത നടപടികൾ ഉണ്ടാകില്ലെന്നും ചിലർ പരിഹസിച്ചു. നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബെംഗളൂരു പോലീസ്. പണവും സ്വാധീനവുമുള്ളവർ നിയമത്തിന് മുകളിലല്ലെന്ന് തെളിയിക്കുന്ന നടപടി വേണമെന്നാണ് പൊതുവിൽ ഉയരുന്ന ആവശ്യം.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശിയുമൊത്തൊരു വിമാനയാത്ര; പൈലറ്റിനെ പുകഴ്ത്തി നെറ്റിസെന്‍സ്
സോഫ്റ്റ് ഡ്രിങ്ക് കുപ്പികളുമായി പോയ ട്രക്ക് മറിഞ്ഞു; മദ്യമെന്ന് കരുതി മോഷ്ടിക്കാനെത്തിയത് നൂറുകണക്കിനാളുകൾ, വീഡിയോ