
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ 101-ാം ജന്മവാർഷികാഘോഷത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലഖ്‌നൗ സന്ദർശിച്ചിരുന്നു. ഔദ്യോഗിക പരിപാടികൾക്ക് വേണ്ടിയായിരുന്നു പ്രധാനമന്ത്രി ലഖ്നൗവിലെത്തിയത്. എന്നാൽ, പരിപാടി തീർന്നതിന് പിന്നാലെ സ്റ്റേജും മറ്റും അലങ്കരിക്കാനായി എത്തിച്ചിരുന്ന പൂച്ചട്ടികളും പൂ ചെടികളും പ്രദേശവാസികൾ എടുത്ത് കൊണ്ട് പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
പ്രധാനമന്ത്രി മോദി, ഉത്തർപ്രദേശിന്‍റെ തലസ്ഥാന നഗരത്തിൽ നിന്നും പോയതിന് പിന്നാലെയായിരുന്നു ഈ മോഷണം. പരിപാടികളുടെ ഒരുക്കങ്ങളുടെ ഭാഗമായി റോഡരികിൽ സ്ഥാപിച്ചിരുന്ന വെർട്ടിക്കിൾ പൂച്ചട്ടികൾ, സ്കൂട്ടറിലും ബൈക്കിലുമായെത്തിയ പ്രദേശവാസികൾ എടുത്ത് കൊണ്ടുപോവുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ റോഡരികിൽ ഒരുക്കി വച്ചിരിക്കുന്ന അലങ്കാര പൂച്ചട്ടികൾ കാണാം. അതിനടുത്തായി പോലീസുകാരടക്കം നിരവധി ആളുകൾ നിൽക്കുന്നു.
ചിലർ ഇരുചക്രവാഹനങ്ങളിൽ എത്തി എല്ലാവരും നോക്കി നിൽക്കെ ചെടിച്ചട്ടികളുമായി വാഹനങ്ങളിൽ പോകുന്നു. ചിലർ ഒരു പൂച്ചട്ടിയാണ് എടുത്തതെങ്കിൽ മറ്റ് ചിലർ ഇരുചക്രവാഹനങ്ങളിൽ കൊണ്ട് പോകാൻ പറ്റുന്നത്രയും എടുക്കുന്നതും കാണാം. സ്കൂളും കുട്ടികളുമായെത്തിയവരാണ് ചെടിച്ചട്ടികളുമായി കടന്നത്. വീഡിയോ മണിക്കുറുകൾക്കുള്ളിൽ അരലക്ഷത്തോളം പേരാണ് കണ്ടത്. മോദി ജി ലഖ്‌നൗ വിട്ടതോടെ ലഖ്‌നൗവിലെ ജനങ്ങൾ പൂച്ചട്ടികൾ മോഷ്ടിക്കാൻ തുടങ്ങിയെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
വീഡിയോ ചിത്രീകരിക്കുന്നയാൾ നിങ്ങൾ എന്തിനാണ് അവ ഇവിടെ നിന്ന് കൊണ്ടുപോകുന്നതെന്ന് ചോദിക്കുന്നുണ്ടെങ്കിലും ആളുകൾ അതൊന്നും ശ്രദ്ധിക്കാതെ ചെടിച്ചെട്ടികളുമായി പോകുന്നു. വീഡിയോ വൈറലായതോടെ പ്രദേശവാസികളുടെ പെരുമാറ്റത്തെ വിമർശിച്ച് കൊണ്ട് ഓൺലൈനിൽ രൂക്ഷമായ പ്രതികരണങ്ങൾ ഉയർന്നു. സർക്കാർ സ്വത്ത് സ്വകാര്യ സ്വത്താണെന്ന് വിശ്വസിക്കുന്നവരെക്കുറിച്ച് എന്ത് പറയാനാണെന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്. ലഖ്‌നൗവിലെ ആളുകൾ ഒരിക്കലും കള്ളന്മാരായിരുന്നില്ല.അവർ രാജകീയ ശൈലിയിൽ ജീവിച്ചു. ഇതെല്ലാം എപ്പോഴാണ് സംഭവിച്ചത്...? എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ സംശയം. നിയമമോ പൗരബോധമോ ഇല്ലാത്ത ജനതയെന്നായിരുന്നു മറ്റൊരു വിമർശനം.