വായ്പയും പാർട്ട് ടൈം ജോലിയും നാട്ടുകാരുടെ പരിഹാസവും: വിദേശ ഇന്ത്യൻ വിദ്യാർത്ഥികളുടെ കഷ്ടപ്പാടുകൾ തുറന്നുപറഞ്ഞ് യുവാവ്, വീഡിയോ

Published : Jul 22, 2026, 01:49 PM IST
Students

Synopsis

ഉയർന്ന ജീവിതനിലവാരം സ്വപ്നം കണ്ട് വിദേശത്തേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടുന്ന കടുത്ത സാമ്പത്തിക, വൈകാരിക വെല്ലുവിളികൾ ഒരു വൈറൽ വീഡിയോയിലൂടെ വെളിപ്പെടുന്നു. വിദ്യാഭ്യാസ വായ്പയുടെ ഭാരവും കുറഞ്ഞ വേതനത്തിൽ കഠിനമായ ജോലികൾ ചെയ്യേണ്ടി വരുന്നതും അവരുടെ ജീവിതം ദുസ്സഹമാക്കുന്നതായി വീഡിയോ ചൂണ്ടിക്കാണിക്കുന്നു.

മികച്ച കരിയറും ഉയർന്ന ജീവിത നിലവാരവും സ്വപ്നം കണ്ട് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടുന്ന കടുത്ത യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ ശ്രദ്ധ നേടുന്നു. സാമ്പത്തികവും അക്കാദമികവും വൈകാരികവുമായ വലിയ വെല്ലുവിളികളിലൂടെയാണ് ഭൂരിഭാഗം ഇന്ത്യൻ വിദ്യാർത്ഥികളും കടന്നുപോകുന്നതെന്ന് യൂറോപ്പിൽ താമസിക്കുന്ന രാഹുൽ മഹാജൻ എന്ന യുവാവ് ചൂണ്ടിക്കാണിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് വിദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ യഥാർത്ഥ അവസ്ഥയെക്കുറിച്ച് അദ്ദേഹം തുറന്ന് പറഞ്ഞത്.

വെല്ലുവിളികൾ പലത്

വലിയ തുക മുടക്കിയാണ് വിദ്യാർത്ഥികൾ വിദേശത്തേക്ക് എത്തുന്നതെങ്കിലും, ഇന്ത്യയിൽ ഒരിക്കലും ചെയ്യാൻ തയ്യാറാകാത്ത കഠിനമായ ജോലികൾ ദിവസവും അവർ ഇവിടെ ചെയ്യേണ്ടി വരുന്നു. വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 20 മണിക്കൂർ മാത്രമേ ജോലി ചെയ്യാൻ അനുവാദമുള്ളൂ. ഏത് തരം ചെറിയ ജോലികൾ ചെയ്താലും ലഭിക്കുന്ന വേതനം കൊണ്ട് ദൈനംദിന ജീവിതച്ചെലവുകൾ നികത്താൻ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് രാഹുൽ പറയുന്നു.

 

 

വിദ്യാഭ്യാസ വായ്പയും മാനസിക സമ്മർദ്ദവും

ഭൂരിഭാഗം പേരും വൻതുക വിദ്യാഭ്യാസ വായ്പയെടുത്താണ് എത്തുന്നത്. താമസം, ഭക്ഷണം എന്നിവയ്ക്കുള്ള തുക കണ്ടെത്തുന്നതോടൊപ്പം വായ്പാ തിരിച്ചടവും വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുന്നു. നാട്ടിലുള്ളവരുടെ ഉയർന്ന പ്രതീക്ഷകളും "എപ്പോഴാണ് തിരിച്ചുവരുന്നത്" എന്ന രീതിയിലുള്ള പരിഹാസങ്ങളും 'എൻആർഐ' എന്ന ലേബലിന്‍റെ ഭാരവും തലയിലേറ്റിയാണ് ഈ വിദ്യാർത്ഥികൾ ജീവിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ സമ്മർദ്ദങ്ങൾക്കിടയിലാണ് പലരും പഠനം പൂർത്തിയാക്കുന്നതും പി.ആർ/സിറ്റിസൺഷിപ്പ് നടപടികളിലൂടെ കടന്നുപോകുന്നതും.

"ഇന്ത്യയിൽ സുഖകരമായ ജീവിതം നയിച്ചിരുന്ന പല ഇന്ത്യൻ വിദ്യാർത്ഥികളും വിദേശത്തേക്ക് ചേക്കേറിയ ശേഷം അസാധാരണ ജോലികൾ ചെയ്യേണ്ടി വരുന്നു" എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ പുറത്തുവന്നതോടെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതിനോട് യോജിച്ചുകൊണ്ട് രംഗത്തെത്തി. വിദേശത്തെ വിദ്യാർത്ഥി ജീവിതത്തിന്‍റെ മറഞ്ഞിരിക്കുന്ന യാഥാർത്ഥ്യമാണ് ഇതെന്ന് പലരും കമന്‍റുകളിലൂടെ അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

ജീവനോടെ എത്തി ഭാ​ഗ്യം; റോഡ് മുറിച്ചു കടന്ന അനുഭവം വിവരിച്ച് യുവതി
ജോലിയാണ് ഏറ്റവും വലിയ ഉത്സവം, അവധിയെക്കുറിച്ച് മാത്രം ഓർക്കാതെ ജോലി ചെയ്യൂ; വൈറലായി വിഡിയോ