
എന്തും ഏതും വീഡിയോ പകർത്തുകയും ഷെയർ ചെയ്യുകയും ചെയ്യുന്ന ഒരു ലോകത്താണ് നാം ഇപ്പോൾ ജീവിക്കുന്നത്. ലൈക്കും ഷെയറും കിട്ടാനും ശ്രദ്ധിക്കപ്പെടാനും വേണ്ടി ജീവൻ തന്നെ അപകടത്തിലാക്കുന്ന പല കാര്യങ്ങളും ചെയ്യുന്നവരുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. നദിക്ക് മുകളിലൂടെ പോകുന്ന ഒരു റെയിൽവേ ട്രാക്കിൽ അത്യന്തം അപകടകരമായ പ്രകടനം കാഴ്ച വയ്ക്കുന്ന ഒരു യുവാവിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക.
എത്രമാത്രം അപകടകരമായ കാര്യമാണ് യുവാവ് ചെയ്യുന്നത് എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഇയാൾക്കെതിരെ കടുത്ത വിമർശനം ഇപ്പോൾ ഉയരുന്നത്. ഒരു റെയിൽവേ പാലത്തിന്റെ മെറ്റൽ ഫ്രെയിമിൽ നിൽക്കുന്ന യുവാവിനെയാണ് വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത്. ഇത് എത്ര ഉയരത്തിലാണെന്നതും വീഡിയോയിൽ കാണാം. കൂടാതെ നദിയും താഴെയായി കാണാം. ഇയാൾ ഇവിടെ രണ്ട് കൈകൾ കൊണ്ടും ബാലൻസ് ചെയ്തുകൊണ്ട് തൂങ്ങി നിൽക്കുന്നതാണ് പിന്നീട് കാണുന്നത്. അതിന് മുമ്പായി താഴെ നദിയിലേക്ക് നോക്കുന്നതും വീഡിയോയിൽ കാണാം.
അവിടെ നിന്നുകൊണ്ട് യുവാവ് തുടരെ അഞ്ച് പുൾ അപ്പുകൾ എടുക്കുന്നതാണ് പിന്നെ കാണുന്നത്. അതേസമയം, അതുവഴി രണ്ടാളുകൾ നടന്നുവരുന്നതും വീഡിയോയിൽ കാണാം. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ യുവാവിന്റെ ധൈര്യവും സാഹസികതയും ഇഷ്ടപ്പെടുന്നവർ അയാളെ അഭിനന്ദിച്ചിട്ടുണ്ട്. എന്നാൽ, അതേസമയം തന്നെ ജീവന് അപകടമുണ്ടാക്കുന്ന തരത്തിലുള്ള പ്രകടനം നടത്തിയതിന് യുവാവിനെ വിമർശിച്ചവരും ഉണ്ട്. യുവാവ് ഇത്തരത്തിലുള്ള സാഹസിക പ്രവൃത്തികൾ നിരന്തരം ചെയ്യുകയും അത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്യുന്നയാളാണ് എന്നാണ് ഇയാളുടെ പ്രൊഫൈലിൽ നിന്നും മനസിലാവുന്നത്.