
ആളുകളുടെ ജോലിയുടെ സ്വഭാവവും നേടുന്ന വരുമാനവും തമ്മിൽ ഇന്ന് വലിയ ബന്ധമൊന്നുമില്ല. പല വൈറ്റ് കോളർ ജോലിയിൽ നിന്നുമുണ്ടാക്കുന്നതിനേക്കാൾ എത്രയോ വരുമാനം ഇന്ന് അല്ലാത്ത ജോലികളിൽ നിന്നും പലരും ഉണ്ടാക്കുന്നുണ്ട്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. മലമുകളിൽ മാഗി വിൽക്കുന്ന ഒരാളുടെ വരുമാനം എത്രയുണ്ടാവും എന്ന് അറിയാൻ നമുക്ക് കൗതുകം തോന്നും അല്ലേ? വിനോദസഞ്ചാരികൾക്ക് മാഗി വിൽക്കുന്ന എത്രയോ ആളുകളെ നാം കാണാറുണ്ട്. ആ തണുപ്പത്ത് നൂഡിൽസ് കഴിക്കാൻ എന്തായാലും ഒരു പ്രത്യേകരസം തന്നെയാണ്.
എന്തായാലും, ഇങ്ങനെ നൂഡിൽസ് വിൽക്കുന്ന ഒരാളുടെ വരുമാനമറിയാൻ കൗതുകം തോന്നിയ ഒരു കണ്ടന്റ് ക്രിയേറ്ററാണ് അത് പരീക്ഷിക്കുകയും പകർത്തി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്തത്. കണ്ടന്റ് ക്രിയേറ്ററായ ബാദൽ താക്കൂറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. മാഗി വിൽക്കുന്ന ഒരു കട ഇടാൻ വലിയ പ്രയാസം ഒന്നുമില്ല. വളരെ ചെറിയ സെറ്റപ്പ് മതി. അതുപോലെ താക്കൂറും ഒരു എൽപിജി സിലിണ്ടറുമായി കട തുടങ്ങുന്നു. ഒരു പ്ലേറ്റ് മാഗിക്ക് 70 രൂപയാണ് വില. ഒരു പ്ലേറ്റ് ചീസ് മാഗിക്ക് 100 രൂപയും. അതേസമയം, 75 ഗ്രാം മാഗി പാക്കറ്റിന് മാർക്കറ്റിൽ 15 രൂപയാണ് വില വരുന്നത്.
വെറും നാലോ അഞ്ചോ മണിക്കൂറിനുള്ളിൽ 200 പ്ലേറ്റ് മാഗി വിറ്റഴിച്ചതായി താക്കൂർ പറയുന്നു. നൂഡിൽസ് വാങ്ങാൻ വിനോദസഞ്ചാരികൾ ആ ചെറിയ സ്റ്റാളിലേക്ക് ഒഴുകിയെത്തുന്നത് വീഡിയോയിൽ കാണാം. ഒരു ദിവസം 300 മുതൽ 350 വരെ പ്ലേറ്റ് മാഗിയാണ് താക്കൂർ വിറ്റത്. ഒറ്റ ദിവസം കൊണ്ട് 21,000 രൂപ ഇങ്ങനെ നേടി എന്നും യുവാവ് പറയുന്നു. ചിലവുകൾ ഉൾപ്പെടുത്താതെയാണ് ഈ തുക കിട്ടിയിരിക്കുന്നത്. എന്തിരുന്നാലും, ഇത് വൻ ലാഭം തന്നെയാണ് എന്നാണ് നെറ്റിസൺസ് പറയുന്നത്. പലരും ചോദിച്ചത്, ജോലി രാജിവച്ച് മാഗി വിൽക്കാൻ പോയാലോ എന്നാണ്.