
ഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു നഗരവും പിന്നോട്ടല്ല. പുതിയ എന്തെങ്കിലും ഡിഷ് വന്നുകഴിഞ്ഞാൽ വളരെ പെട്ടെന്നാണ് അത് വ്യാപകമായി ചർച്ചയാവുന്നതും അത് കഴിക്കാനായി പല സ്ഥലങ്ങളിൽ നിന്നും ആളുകൾ എത്തുന്നതും. മികച്ച ഭക്ഷണമാണെങ്കിൽ എത്ര ദൂരമാണെങ്കിലും എത്ര തിരക്കാണെങ്കിലും എത്ര വിലയാണെങ്കിലും ഒരു പ്രശ്നമല്ല എന്നാണ് അടുത്തിടെ ട്രെൻഡായിക്കൊണ്ടിരിക്കുന്ന പല ഫുഡ് ഐറ്റവും ഹോട്ടലുകളും കടകളും ഒക്കെ നമ്മോട് പറയുന്നത്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചുകൊണ്ടിരിക്കുന്നത്.
ഗുരുഗ്രാമിൽ പുതുതായി തുറന്ന മഗ്നോളിയ ബേക്കറിക്ക് പുറത്തുള്ള അസാധാരണമാംവിധം നീണ്ട ക്യൂവാണ് ഈ വീഡിയോയിൽ കാണുന്നത്. ദിവ്യാൻഷു ഡിസ്കവേഴ്‌സ് എന്ന ഇൻസ്റ്റഗ്രാം ഹാൻഡിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ, വൈകുന്നേരം ഔട്ട്‌ലെറ്റിന് പുറത്ത് കാത്തുനില്‌ക്കുന്ന ജനങ്ങളുടെ നീണ്ട നിരയാണ് കാണുന്നത്. 'ഗുഡ്ഗാവ് തുടക്കക്കാർക്കുള്ളതല്ല' (Gurgaon is not for beginners) എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ ഈ വീഡിയോ വൈറലായി മാറിയത്. എന്തൊരു ഹൈപ്പാണ് എന്നും, ഇത്രയ്ക്ക് ക്യൂ നിൽക്കാനുള്ള എന്താണ് അവിടെ കിട്ടുന്നത് എന്നൊക്കെയാണ് ആളുകൾ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. ക്ലാസിക് അമേരിക്കൻ ഡെസേർട്ടിന് ലോകമെമ്പാടും പേരുകേട്ട ബ്രാൻഡിനെ കുറിച്ചാണ് മറ്റ് ചിലർ കമന്റുകൾ നൽകിയത്. 'മഗ്നോളിയ വളരെ വളരെ നല്ലതാണ്' എന്നായിരുന്നു ഒരാളുടെ കമന്റ്. 'സത്യത്തിൽ ഓരോ ദിവസവും ഇവിടുത്തെ ക്യൂ കൂടിക്കൂടി വരികയാണ്, ആദ്യത്തെ ദിവസം ഇത്ര ക്യൂ ഉണ്ടായിരുന്നില്ല' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. മറ്റ് പലരും മഗ്നോളിയയുടെ പ്രശസ്തമായ ഐറ്റങ്ങളെ കുറിച്ചാണ് കമന്റ് നൽകിയത്.