
പ്രവാസജീവിതത്തിൽ നിങ്ങൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നതെന്താണ്? പ്രവാസജീവിതത്തിന് നിങ്ങൾ നൽകുന്ന വിലയെന്താണ്? അയർലൻഡിലെ ഡബ്ലിനിൽ താമസിക്കുന്ന ഇന്ത്യക്കാരിയായ പ്രാചി ദുസാദിനെ സംബന്ധിച്ച് അത് വിദേശത്ത് താമസിക്കാനുള്ള ചെലവൊന്നും അല്ല. മറിച്ച്, തന്റെ കുടുംബത്തിലെ വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ സങ്കടമാണ് എന്നാണ് പ്രാചി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി അയർലൻഡിലാണ് പ്രാചി കഴിയുന്നത്. നാട്ടിലെ തന്റെ വലിയ മാർവാഡി കുടുംബത്തിൽ നടന്നൊരു വിവാഹാഘോഷത്തിന്റെ വിശേഷങ്ങളാണ് വീഡിയോയിൽ കാണാനാവുന്നത്. 'ധാരാളം ആളുകൾ എന്നോട് ചോദിക്കാറുണ്ട് വിദേശത്ത് താമസിക്കാനുള്ള ചിലവ് എത്രയാണെന്ന്. അത് വെറും വാടകയോ ബില്ലുകളോ മാത്രമല്ല. നാട്ടിൽ എന്റെ കസിൻറെ വിവാഹമാണ്. എന്റെ വലിയ കുടുംബം മുഴുവനും അവിടെ പാട്ടുപാടിയും നൃത്തം ചെയ്തുമെല്ലാം ആഘോഷിക്കുകയാണ്. അതിന്റെ ചിത്രങ്ങളും വീഡിയോകളും ഫാമിലി വാട്സാപ്പ് ഗ്രൂപ്പിൽ വന്നുകൊണ്ടിരിക്കുന്നു' പ്രാചി പറയുന്നു. ഈ ഓരോ ചിത്രവും വീഡിയോയും പലതവണ കാണുമ്പോഴും താൻ അവിടെ ഇല്ലാത്തതിന്റെ സങ്കടം തന്നെ വല്ലാതെ അലട്ടുന്നുണ്ടെന്നും അവർ പറഞ്ഞു.
നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുക്കാനുള്ള പണമില്ലാത്തതല്ല മറിച്ച് ജോലിയും തിരക്കുകളും മറ്റ് ഉത്തരവാദിത്തങ്ങളുമാണ് യാത്രയ്ക്ക് തടസ്സമാകുന്നതെന്നും പ്രാചി സമ്മതിച്ചു. 'ഇതാണ് വിദേശത്ത് താമസിക്കുമ്പോൾ നമ്മൾ നൽകേണ്ടി വരുന്ന യഥാർത്ഥ വില' എന്നാണ് അവൾ പറയുന്നത്. അനേകങ്ങളാണ് പ്രാചിയുടെ വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. അവൾ പറഞ്ഞത് സത്യമാണ് എന്നും വിദേശത്ത് താമസിക്കുമ്പോഴുള്ള യഥാർത്ഥ നഷ്ടം ഇത്തരത്തിലുള്ള കൂടിച്ചേരലുകളാണ് എന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രാചിയുടെ അവസ്ഥ തന്നെയാണ് തങ്ങളുടേത് എന്നും പലരും പറഞ്ഞിട്ടുണ്ട്.