'അച്ഛാ നോക്കിയേ, ഇത്തവണ എല്ലാരും ബാൻഡ് തന്നു'; പഴയ സങ്കടമൊക്കെ മാറി, നിറചിരിയുമായി മിടുക്കി; വൈറലായി വീഡിയോ

Published : Aug 03, 2026, 05:48 PM IST
viral video

Synopsis

'എല്ലാവരും നിന്നെപ്പോലെയോ എന്നെപ്പോലെയോ ആകണമെന്നില്ലല്ലോ' എന്ന് അച്ഛൻ അവളെ ആശ്വസിപ്പിക്കുമ്പോൾ, 'സുഹൃത്തുക്കളെ സ്നേഹിക്കണം എന്ന് നിങ്ങളല്ലേ പറഞ്ഞത്' എന്ന് അവൾ തിരിച്ചു ചോദിക്കുന്നു.

സോഷ്യൽ മീഡിയയുടെ മനംകവരുകയാണ് ഇപ്പോൾ ഒരു കൊച്ചുപെൺകുട്ടിയുടെ ഫ്രണ്ട്‌ഷിപ്പ് ഡേ വീഡിയോ. കഴിഞ്ഞ വർഷം കൂട്ടുകാർക്കെല്ലാം ഫ്രണ്ട്‍ഷിപ്പ് ബാൻഡ് നൽകിയിട്ടും തിരികെ ഒന്നും കിട്ടാത്തതിന്റെ വിഷമത്തിലായിരുന്നു ഈ കൊച്ചുമിടുക്കി. എന്നാൽ, ഈ വർഷം കൂട്ടുകാരെല്ലാം ചേർന്ന് ഒരുപാട് ബാൻഡുകൾ നൽകി അവളെ സർപ്രൈസ് ആക്കിയിരിക്കുകയാണ്. അരുൺ തോമർ എന്ന ഇൻസ്റ്റാഗ്രാം യൂസർ പങ്കുവെച്ച ഈ വീഡിയോ നിരവധി ആളുകളാണ് കണ്ടത്. 'കഴിഞ്ഞ വർഷം ആരും അവൾക്ക് ബാൻഡ് നൽകിയില്ല എന്നത് ഓർക്കുന്നുണ്ടോ... ഇന്ന് എന്താണ് സംഭവിച്ചതെന്ന് നോക്കൂ' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷത്തെ വീഡിയോയിൽ, 'പപ്പാ, ഞാൻ എല്ലാവർക്കും ബാൻഡ് കൊടുത്തു, പക്ഷെ എനിക്ക് ആരും തന്നില്ല' എന്ന് പെൺകുട്ടി സങ്കടത്തോടെ അച്ഛനോട് പറയുന്നത് കാണാം. 'എല്ലാവരും നിന്നെപ്പോലെയോ എന്നെപ്പോലെയോ ആകണമെന്നില്ലല്ലോ' എന്ന് അച്ഛൻ അവളെ ആശ്വസിപ്പിക്കുമ്പോൾ, 'സുഹൃത്തുക്കളെ സ്നേഹിക്കണം എന്ന് നിങ്ങളല്ലേ പറഞ്ഞത്' എന്ന് അവൾ തിരിച്ചു ചോദിക്കുന്നു. 'അവർ നിന്നെ സ്നേഹിക്കുന്നില്ലേ' എന്ന ചോദ്യത്തിന്, 'സ്നേഹിക്കുന്നുണ്ട്, പക്ഷെ അവർ ബാൻഡ് തരാൻ മറന്നുപോയതാണ്' എന്നാണ് കുട്ടി മറുപടി നൽകിയത്. ക്യാമറയ്ക്ക് മുന്നിൽ കരഞ്ഞില്ലെങ്കിലും വീട്ടിലെത്തിയ ശേഷം അവൾ കരഞ്ഞിരുന്നു എന്ന് വീഡിയോയിൽ പറയുന്നു.

 

 

എന്നാൽ, ഈ വർഷത്തെ ഫ്രണ്ട്‌ഷിപ്പ് ഡേയിൽ കുട്ടി വലിയ സന്തോഷത്തിലാണ്. ഓടി മുറിയിലേക്ക് വരുന്ന അവൾ കൈ നിറയെ കെട്ടിയിരിക്കുന്ന ഫ്രണ്ട്‌ഷിപ്പ്ബാൻഡുകൾ അച്ഛനെ കാണിക്കുന്നു. 'നാളെയാണ് ഫ്രണ്ട്‌ഷിപ്പ് ഡേ എങ്കിലും എല്ലാവരും ഇന്ന് തന്നെ എനിക്ക് തന്നു. ഞാൻ ആർക്കും വാങ്ങിക്കൊണ്ടുപോയിട്ടില്ലായിരുന്നു, എന്നിട്ടും എല്ലാവരും എനിക്ക് തന്നു' എന്ന് അവൾ സന്തോഷത്തോടെ പറയുന്നു. ഓരോ ബാൻഡും ആരാണ് തന്നതെന്നും അവൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അവൾ അർഹിക്കുന്നത് അവൾക്ക് കിട്ടി എന്നാണ് വീഡിയോ കണ്ടവർ പറയുന്നത്. ഈ മനോഹരമായ വീഡിയോ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും വില കാണിക്കുന്നതാണ് എന്ന കാര്യത്തിൽ സംശയമില്ല.

PREV
Read more Articles on
click me!

Recommended Stories

എഐ വില്ലൻ; പ്രതിമാസ ശമ്പളം 2 ലക്ഷത്തിൽ നിന്ന് 40,000 രൂപയായി ഇടിഞ്ഞെന്ന് കോപ്പിറൈറ്റർ
വീണ്ടും ഒന്നിക്കാമെന്ന് വാഗ്ദാനം നൽകി മുൻഭാര്യയെ വിളിച്ച് വരുത്തി, റീൽ ചിത്രീകരണം, പിന്നാലെ കൊലപാതകം; വീഡിയോ വൈറൽ