
പങ്കാളികളായാൽ ഏത് കാര്യത്തിലും കൂടെ നിൽക്കണം എന്നാണ് അല്ലേ? അതിപ്പോൾ, സാമ്പത്തിക കാര്യത്തിലും അങ്ങനെ തന്നെ. അതുപോലെ, ഒരു ഭാര്യ എങ്ങനെ ഭർത്താവിന് താങ്ങായി മാറി എന്ന് കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്. ഡോക്ടറായ ഭർത്താവിന്റെ വിദ്യാഭ്യാസാവശ്യത്തിനു വേണ്ടി എടുത്ത ലോൺ മുഴുവനായും അടച്ചു തീര്‍ക്കാനുള്ള ചെക്ക് നല്‍കുന്നതിനെ കുറിച്ച് പറയുന്ന ഒരു കുറിപ്പ് ഭർത്താവിന് കൈമാറുകയാണ് നഴ്സ് കൂടിയായ ഭാര്യ.
'നിങ്ങളുടെ ജീവിതത്തിന്റെ അടുത്ത അധ്യായത്തിൽ ഇനി ഒരു വിഷമം കുറഞ്ഞു' എന്നാണ് തന്റെ സർപ്രൈസിനോടുള്ള ഭർത്താവിന്റെ പ്രതികരണത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് മിക്കി റായ് കുറിച്ചത്. 'മെഡിക്കൽ കോളേജ് ലോണുകൾ അടച്ചുതീർക്കാനുള്ള ചെക്ക് നൽകി കെവിനെ സർപ്രൈസ് ചെയ്യുന്നു' എന്നും നഴ്സും കണ്ടന്റ് ക്രിയേറ്ററുമായ മിക്കി പങ്കുവെച്ച വീഡിയോയിലെ വരികളിൽ പറയുന്നു. വീഡിയോയിൽ, 'നിനക്ക് തരാൻ ഒരു സർപ്രൈസ് ഉണ്ട്' എന്ന് പറഞ്ഞുകൊണ്ട് മിക്കി തന്റെ ഭർത്താവിന് ഒരു കുറിപ്പ് കൈമാറുന്നതാണ് കാണുന്നത്.
സന്തോഷവും അദ്ഭുതവും നിറഞ്ഞ മുഖത്തോടെ കെവിൻ ആ കാർഡിൽ എഴുതിയിരുന്ന വരികൾ വായിക്കാൻ തുടങ്ങുന്നു: 'നിനക്ക് നിന്റെ പോക്കിമോൻ കാർഡുകളോടുള്ളതിനേക്കാൾ കൂടുതൽ സ്നേഹം എനിക്ക് നിന്നോടുണ്ട്'. എന്നാണ് അതിൽ എവുതിയിരിക്കുന്നത്. 'എന്റെ പ്രിയപ്പെട്ട ഭർത്താവിന്, സിയാറ്റിലിലെ കഴിഞ്ഞ 6 വർഷങ്ങൾ ഇത്ര പെട്ടെന്ന് കടന്നുപോയി എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. നീ ജോലി ചെയ്ത നീണ്ട ദിവസങ്ങളും, 24 മണിക്കൂർ ഷിഫ്റ്റുകളും, 36 മണിക്കൂർ കോളുകളും, പ്രസന്റേഷനുകളും, നോട്ടുകളും, സർജറികൾ കാണാനായി യൂട്യൂബിൽ മണിക്കൂറുകളോളം ചെലവഴിച്ചതുമെല്ലാം മുഴുവനും ഓർക്കുക പോലും പ്രയാസമാണ്' എന്ന് കുറിപ്പിലുണ്ട്.
കുറിപ്പ് വായിക്കുമ്പോൾ കെവിൻ ചെറുതായി ചിരിക്കുന്നതും കാണാം. തുടർന്ന് കെവിൻ ജോലിസ്ഥലത്ത് വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ചില ദൃശ്യങ്ങൾ വീഡിയോയിൽ കാണിക്കുന്നു. 'സാധാരണയായി, ഏതൊരാളെയും കഠിനഹൃദയനാക്കി മാറ്റുന്ന അത്തരം അനുഭവങ്ങൾക്കിടയിലും... നീ ദയയും ക്ഷമയും സ്നേഹവുമുള്ളവനായി തന്നെ തുടർന്നു. നീ ഒരിക്കൽ പോലും ദേഷ്യപ്പെട്ട് ഞാൻ കണ്ടിട്ടില്ല. പാതിരാത്രിയിൽ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തിയാൽ പോലും രോഗികളോട് നിനക്കുള്ള കരുതൽ അത്രമേൽ ആഴത്തിലുള്ളതാണ്. നീ എത്രപേരുടെ ജീവിതങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നും എത്രപേരുടെ ജീവൻ രക്ഷിച്ചിട്ടുണ്ടെന്നും എനിക്ക് എണ്ണാൻ പോലും കഴിയില്ല' എന്ന് മിക്കിയുടെ കുറിപ്പ് തുടരുന്നു.
ജോലിക്ക് പുറമെ വളരെ കുറച്ചു സമയം മാത്രമേ ലഭിക്കാറുള്ളൂ എങ്കിലും, കെവിൻ മിക്കിക്കും കുടുംബത്തിനുമൊപ്പം ചെലവഴിക്കാനും, അവളോടൊപ്പം സോഷ്യൽ മീഡിയക്കായി വീഡിയോകൾ ചെയ്യാനും സമയം കണ്ടെത്താറുണ്ടെന്നും ആ കുറിപ്പിൽ കാണാം. 'നിന്നെ മാനസികമായി വിഷമിപ്പിക്കുന്ന എന്തോ ഒന്ന് നിന്റെ മനസ്സിലുണ്ടെന്ന് എനിക്കറിയാം. ആളുകളെ സഹായിക്കണമെന്ന ആഗ്രഹം കൊണ്ടാണ് നീ ഒരു ഡോക്ടറായത്, എന്നാൽ അതോടൊപ്പം ചില അധിക ബാധ്യതകളും നിനക്ക് ചുമക്കേണ്ടി വന്നു' എന്നും മിക്കി കുറിച്ചിട്ടുണ്ട്. ആ സാമ്പത്തിക ബാധ്യത മിക്കി തീർക്കുന്നു എന്ന് മനസിലാക്കിയ നിമിഷം കെവിൻ ആകെ അത്ഭുതപ്പെട്ട് പോകുന്നതും 'എന്ത്' എന്ന് ചോദിക്കുന്നതും കാണാം.
പുഞ്ചിരിച്ചുകൊണ്ട് കെവിൻ മിക്കിയോട്, 'ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു' എന്ന് പറയുമ്പോൾ, 'തനിക്ക് ഇത് ചെയ്യണമായിരുന്നു' എന്നാണ് അവൾ മറുപടി നൽകുന്നത്. 'ഇത് വളരെ കൂടുതലാണ്, ദൈവമേ, നന്ദി' എന്ന് പറയുന്നതിനിടയിൽ കെവിൻ മിക്കിയെ സ്നേഹത്തോടെ കെട്ടിപ്പിടിക്കുന്നതും കാണാം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ഇത്തരം ഒരു പങ്കാളിയെ ആരും ആഗ്രഹിക്കും എന്നാണ് ആളുകൾ കമന്റ് നൽകുന്നത്. ഇവരുടെ സ്നേഹം ഇതുപോലെ നിലനിൽക്കട്ടെ എന്ന് പറഞ്ഞവരും ഉണ്ട്.