ഗ്വാട്ടിമാലയിൽ മരിച്ചെന്ന് കരുതി ശവപ്പെട്ടിയിൽ കിടത്തിയ 15കാരി, അന്ത്യകർമ്മങ്ങൾക്കിടെ എഴുന്നേറ്റു വന്നു. നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി ശ്വാസോച്ഛാസ്വവും നാഡിമിടിപ്പും ഇല്ലെന്ന് കണ്ട് മരിച്ചെന്ന് കരുതിയാണ് കുടുംബം അന്ത്യകർമ്മങ്ങൾക്കൊരുങ്ങിയതെന്ന് റിപ്പോർട്ട്.

മരിച്ചെന്ന് കരുതി ശവപ്പെട്ടിയിൽ കിടത്തിയ 15 -കാരി സ്വന്തം ശവസംസ്കാരച്ചടങ്ങിനിടെ ജീവനോടെ എഴുന്നേറ്റത് ബന്ധുക്കളെയും നാട്ടുകാരെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ഗ്വാട്ടിമാലയിലെ എൽ ജോക്കോട്ട് ഗ്രാമത്തിൽ യൂലെയ്ഡി ഇക്സ്റ്റോയാക് എന്ന പെൺകുട്ടിക്കാണ് ഈ അസാധാരണമായ അനുഭവമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. ഒക്ടോബർ 10 -നാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കടുത്ത നെഞ്ചുവേദന, പിന്നാലെ ബോധം പോയി

പത്താം തിയതി പുലർച്ചെയോടെ അസ്വസ്ഥത അനുഭവപ്പെട്ട യൂലെയ്ഡിക്ക് കടുത്ത നെഞ്ചുവേദനയുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. പിതാവ് അബ്രഹാം ഇക്സ്റ്റോയാക് ടോജിൻ പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അവൾക്ക് ശ്വാസമില്ലെന്നും കൈത്തണ്ടയിൽ നാഡിമിടിപ്പ് അനുഭവപ്പെടുന്നില്ലെന്നും കരുതി. തുടർന്ന് ആശുപത്രിയിലെത്തിക്കാതെ മരണം സംഭവിച്ചതായി വിശ്വസിച്ച് കുടുംബം പുതിയൊരു ശവപ്പെട്ടി വാങ്ങി വീട്ടിൽ അന്ത്യാഞ്ജലി ചടങ്ങുകൾ ഒരുക്കുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്.

Scroll to load tweet…

എട്ട് മണിക്കൂറിന് ശേഷം 'ഉയർത്തെഴുന്നേൽപ്പ്'

ഏകദേശം എട്ടുമണിക്കൂറിന് ശേഷം ബന്ധുക്കളും നാട്ടുകാരും ഒത്തുകൂടിയ ചടങ്ങിനിടെയാണ് അസാധാരണമായ സംഭവങ്ങൾ അരങ്ങേറിയത്. മകൾ കിടന്നിരുന്ന ശവപ്പെട്ടിക്കരികിൽ കരഞ്ഞുകൊണ്ടിരുന്ന അമ്മ ലെസ്വിയ റിയോസ്, അകത്ത് എന്തോ അനങ്ങുന്നതായി ശ്രദ്ധിച്ചു. തുടർന്ന് അവർ ശവപ്പെട്ടിയുടെ ചെറിയൊരു കിളിവാതിൽ തുറന്നപ്പോൾ പെൺകുട്ടി അനങ്ങുന്നതായി കണ്ടെത്തി. നിമിഷങ്ങൾക്കകം അവൾ എഴുന്നേറ്റതോടെ ബന്ധുക്കൾ അമ്പരന്നു. പിന്നീട്, ശവപ്പെട്ടി തുറന്ന് അവളെ പുറത്തെടുത്ത് വെള്ളം നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ആശുപത്രി സേവനം തേടാത്തതിനെതിരെ വിമർശനം

'മരണ'ത്തിന് മുമ്പ് നെഞ്ചിൽ കനത്ത വേദന അനുഭവപ്പെട്ടതായും പിന്നീട് ബോധം നഷ്ടപ്പെട്ടതായും യൂലെയ്ഡി പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിന്‍റെ വൈദ്യശാസ്ത്രപരമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം വീഡിയോയ്ക്ക് താഴെ ഡോക്ടർ മരണം സ്ഥിരീകരിക്കുന്നതിനും ഔദ്യോഗിക മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും മുമ്പ് കുടുംബം ധൃതിപിടിച്ച് അന്ത്യകർമ്മങ്ങൾ തുടങ്ങിയതെന്തിനെന്ന് നിരവധി പേരാണ് ചോദിച്ചത്. മറ്റ് ചില‍ർ ഇതൊരു അത്ഭുതമാണെന്ന് കുറിച്ചപ്പോൾ. ഡോക്ടറുടെയോ ആശുപത്രിയുടേയോ സഹായം തേടാത്തതിനെ മറ്റുചിലർ വിമർശിച്ചു.