
സാമൂഹികവും സാമ്പത്തികമായുമുള്ള അന്തരമാണ് യാചകരെ സൃഷ്ടിക്കുന്നത്. ചില രാജ്യങ്ങൾ യാചക നിരോധിത മേഖലകളായി ചില പ്രദേശങ്ങളെ പ്രഖ്യാപിക്കാറുണ്ട്. പ്രത്യേകിച്ചും വിശ്വസവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ, ടൂറിസ്റ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ. എന്നാൽ, യാചകരായി മനുഷ്യരെ മാത്രമേ നമ്മൾ എല്ലായിടത്തും കാണാറുള്ളൂ. ചിലപ്പോൾ യചമാനനോട് സ്നേഹമുള്ള വളർത്തുമൃഗങ്ങളെയും. എന്നാൽ, ആ കാഴ്ചകളെ മറക്കാം. ചൈനയിൽ നിന്നും പുതിയൊരു യാചകൻ ഇറങ്ങിയിട്ടുണ്ട്. മറ്റാരുമല്ല, ഹ്യൂമനോയിഡ് റോബോർട്ടാണ് ആള്. അതെ, തന്‍റെ ചാർജ്ജ് തീരാറായെന്നും വീണ്ടും ചാർജ്ജ് ചെയ്യാനുള്ള പണമില്ലെന്നും പറഞ്ഞ് ചൈനീസ് തെരുവിൽ യാചിക്കുന്ന ഒരു ഹ്യൂമനോയിഡ് റോബോട്ടിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ഒരു നടപ്പാതയിൽ മുട്ടുകുത്തി നിൽക്കുന്ന ഒരു ഹ്യൂമനോയിഡ് റോബോട്ടിന്‍റെ വീഡിയോയാണ് വൈറലായത്. റോബോർട്ടിന്‍റെ പ്രവർത്തിയാണ് അവനെ വൈറലാക്കിയത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവച്ച ക്ലിപ്പിൽ, വൈദ്യുതി ചാർജ്ജ് ചെയ്യാൻ മനുഷ്യരോട് പണം യാചിക്കുന്ന റോബോട്ടിനെ കാണിച്ചു. വീഡിയോയിൽ റോബോട്ട് ഒരു കാൽമുട്ടിൽ ഇരുന്ന് കൈകൾ ഒരുമിച്ച് ചേർത്ത് വഴിയാത്രക്കാർക്ക് നേരെ കുപ്പുന്നു. അതിനടുത്തായി പണം സംഭാവന ചെയ്യാനായി തയ്യാറാക്കിയ ഒരു ചെറിയ പ്ലേറ്റും ഡിജിറ്റൽ പേയ്‌മെന്‍റുകൾക്കായി ഒരു ക്യുആർ കോഡും വച്ചിട്ടുണ്ട്. "റീചാർജ് ചെയ്യാൻ പണമില്ല", "വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ സഹായിക്കൂ" എന്നീ സന്ദേശങ്ങൾ ഒരു എൽഇഡി ബോർഡിലും ലൗഡ്‌സ്പീക്കറിലും ആവർത്തിക്കുന്നു. ചൈനീസ് റോബോട്ടിക് സ്ഥാപനമായ യൂണിട്രീ നിർമ്മിച്ച ഒരു ഹ്യൂമനോയിഡ് ആയ യൂണിട്രീ ജി1 ആണ് ഈ റോബോട്ടെന്ന് തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. ഈ വർഷം ആദ്യം മറ്റൊരു ജി1 ഇക്വഡോറിലെ ചിംബോറാസോ അഗ്നിപർവ്വതം കയറിയപ്പോഴും ഇതേ കമ്പനി വാർത്തകളിൽ ഇടം നേടിയിരുന്നു.
China’s got humanoid robots roaming the streets begging for donations to pay their “electricity bill.”
Complete with speaker, tray, and QR code.
Is it moving to California? Perfect training for life there. pic.twitter.com/9VTuxwkkcw— Andrew Alvarez (@theOGalv) June 16, 2026
വീഡിയോ വൈറലായതോടെ, സമ്മിശ്ര പ്രതികരണങ്ങളുമായി നെറ്റിസെൺസ് രംഗത്തെത്തി. "യാചകരെ പോലും റോബോട്ടുകൾ മാറ്റിസ്ഥാപിക്കുന്നു" എന്നും "AI ഏറ്റെടുക്കൽ നിർത്തിവച്ചിരിക്കുന്നു" എന്നും ചിലർ തമാശയായി കുറിച്ചു. മറ്റു ചിലർ ഇത് ഒരു മാർക്കറ്റിംഗ് സ്റ്റണ്ടാണോ, അതോ ഒരു പെർഫോമൻസ് ആർട്ട് പീസാണോ ഇനി അതുമല്ല പണം സമ്പാദിക്കാനുള്ള വിചിത്രമായ മാർഗമാണോയെന്ന് ചിന്തിച്ചു. വീഡിയോയിൽ ചില ആളുകൾ പ്ലേറ്റിലേക്ക് നാണയങ്ങൾ ഇടുകയും മറ്റ് ചിലർ QR കോഡ് സ്കാൻ ചെയ്ത് പണം അയക്കുന്നതും കാണാമായിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. കാരണം HK01 -ൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം സമാനമായ "റോബോട്ട് യാചകരെ" ബീജിംഗ്, ചെങ്ഡു, ഫുഷൗ എന്നിവിടങ്ങളിലും നേരത്തെ കണ്ടിട്ടുണ്ട്, പേയ്‌മെന്‍റ് കോഡുകൾക്കൊപ്പം "എന്‍റെ ഫോൺ ചാർജ് ചെയ്യാൻ എനിക്ക് പണമില്ല" എന്ന തരത്തിലുള്ള സന്ദേശങ്ങളും ഇവർ പലപ്പോഴും പ്രദർശിപ്പിക്കാറുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.