
ചൈനയിലെ വടക്കുപടിഞ്ഞാറൻ മേഖലയായ ഷിൻജിയാങ്ങിലെ ഒരു സ്കൂളിൽ കായിക മേളയോടനുബന്ധിച്ച് നടന്ന റോബോട്ട് പ്രദർശനം അപ്രതീക്ഷിതമായി പാളി. കുട്ടികളെ രസിപ്പിക്കാനായി ഡാൻസ് കളിച്ചുകൊണ്ടിരുന്ന റോബോട്ട് പെട്ടെന്ന് നിയന്ത്രണം വിട്ട് വിദ്യാർത്ഥികൾക്ക് നേരെ തിരിഞ്ഞതാണ് പരിഭ്രാന്തി പരത്തിയത്. റോബോർട്ടുകളുടെ സുരക്ഷയെ കുറിച്ചുള്ള ചർച്ചകൾക്ക് ചൂടുപിടിപ്പിച്ച് ഇതിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
സ്കൂൾ ഗ്രൗണ്ടിൽ ആയോധനകലകളും നൃത്തച്ചുവടുകളും അവതരിപ്പിച്ചുകൊണ്ട് കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയായിരുന്നു റോബോട്ട്. ഇതിനിടയിൽ റോബോട്ടിനൊപ്പം ചേർന്ന് നൃത്തം ചെയ്യാനായി ഒരു കൂട്ടം വിദ്യാർത്ഥികൾ മൈതാനത്തേക്കെത്തി. എന്നാൽ, ഒപ്പം നൃത്തം ചെയ്യാൻ കുട്ടികൾ എത്തിയതും റോബോട്ടിന്‍റെ ചുവടുകൾ പിഴയ്ക്കുകയും അത് നിലത്ത് വീഴുകയും ചെയ്തു. പെട്ടെന്ന് തനിക്ക് ചുറ്റും കൂടിയ കുട്ടികളുടെ തിരക്ക് റോബോട്ടിന്‍റെ സെൻസറുകളെ ആശയക്കുഴപ്പത്തിലാക്കിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. നിലത്തു വീണതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട റോബോട്ട് തനിക്ക് ചുറ്റുമുള്ള കുട്ടികൾക്ക് നേരെ കുങ്ഫു കിക്കുകൾ (Kung-fu kicks) പ്രയോഗിക്കാൻ തുടങ്ങിയത് ഭയം വർദ്ധിപ്പിച്ചു.
റോബോട്ടിന്‍റെ അപ്രതീക്ഷിത നീക്കത്തിൽ അമ്പരന്ന വിദ്യാർത്ഥികൾ ഉടൻ തന്നെ പിന്നിലേക്ക് ഓടി മാറി. തുടർന്ന് റോബോട്ടിന്‍റെ ഹാൻഡ്‌ലർ ഓടിയെത്തി അതിനെ കൈകളിൽ എടുത്തതോടെയാണ് രംഗം ശാന്തമായത്. പെട്ടെന്ന് തന്നെ റോബോട്ടിനെ നിയന്ത്രിക്കാൻ കഴിഞ്ഞത് വലിയൊരു അപകടം ഒഴിവാക്കി. ഭാഗ്യവശാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് 'ഡെയ്‌ലി മെയിൽ' റിപ്പോർട്ട് ചെയ്യുന്നു. വിനോദത്തിനായി ഒരുക്കിയ റോബോട്ട് പ്രകടനം എല്ലാവരെയും അല്പം ഭയം അവശേഷിപ്പിച്ചെന്ന് മാത്രം.
ഇതാദ്യമായല്ല ചൈനയിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപ് ചൈനയിലെ ഒരു ഫാക്ടറിയിൽ വെച്ച് യൂണിട്രീ H1 (Unitree H1) എന്ന ഹ്യൂമനോയിഡ് റോബോട്ട് അതിനെ കൈകാര്യം ചെയ്യുന്നവർക്ക് നേരെ തിരിഞ്ഞത് വലിയ വാർത്തയായിരുന്നു. റോബോട്ടിന്‍റെ കോഡിംഗിലുണ്ടായ ഒരു പിഴവ് കാരണം പെട്ടെന്ന് നിയന്ത്രണം വിട്ട് കൈകാലുകൾ വീശുകയും ഉപകരണങ്ങൾ തകർക്കുകയും ചെയ്യുകയായിരുന്നു. അവിടെയുണ്ടായിരുന്ന ജീവനക്കാർ പരിഭ്രാന്തരായി ഓടിമാറുന്ന ദൃശ്യങ്ങൾ അന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.