
ജീവിതത്തിലെ ആദ്യത്തെ ജന്മദിനാഘോഷം. അതെത്ര പ്രിയപ്പെട്ടതായിരിക്കും. അതും 40 -ാമത്തെ വയസിലാണെങ്കിലോ? അതുപോലെ ഇന്ത്യക്കാരിയായ ഒനു നാനിയ്ക്ക് അവരുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ അനുഭവം സമ്മാനിച്ചിരിക്കയാണ് ഒരു റഷ്യൻ യുവതി. ബെംഗളൂരുവിൽ താമസിക്കുന്ന റഷ്യൻ വ്ലോഗറാണ് 40 -ാമത്തെ ജന്മദിനത്തിന് നാനിക്ക് ഈ സർപ്രൈസ് ഒരുക്കിയത്. ജീവിതത്തിൽ ആദ്യമായിട്ടായിരിക്കണം ആ നാനിക്ക് ഒരു പിറന്നാൾ കേക്ക് കിട്ടുന്നത്. യാന എന്ന വ്ലോഗറാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഈ മനോഹരമായ നിമിഷം പങ്കുവെച്ചത്.
യാനയുടെ ഇൻസ്റ്റാഗ്രാം പേജായ 'yana.in.india'-യിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തങ്ങളുടെ കൂടെ ജോലി ചെയ്യുന്ന സവിത എന്ന നാനിയുടെ നാൽപതാം പിറന്നാളാണ് യാന ആഘോഷമാക്കിയത്. 40 എന്നെഴുതിയ കേക്കിൽ മെഴുകുതിരികൾ കത്തിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് ഡോർ ബെൽ അടിക്കുമ്പോൾ യാനയുടെ മകൾ ചെന്ന് കതക് തുറക്കുകയും, യാന കേക്കുമായി സാവിതയ്ക്ക് മുന്നിലെത്തി ജന്മദിനാശംസകൾ നേരുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം.
പിറന്നാൾ കേക്ക് കണ്ട സവിത പെട്ടെന്ന് തന്നെ വികാരാധീനയാവുകയും യാനയെ കെട്ടിപ്പിടിക്കുകയും ചെയ്യുന്നതും കാണാം. കണ്ണീർ തുടച്ചുകൊണ്ട് അവർ മെഴുകുതിരികൾ അണയ്ക്കുകയും യാനയെയും മകളെയും സ്നേഹത്തോടെ വീണ്ടും ആലിംഗനം ചെയ്യുകയും ചെയ്യുകയാണ്. കഴിഞ്ഞ രണ്ട് വർഷമായി സവിത തനിക്കൊപ്പം നാനിയായി ജോലി ചെയ്യുകയാണെന്ന് യാന ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
നിരവധിപ്പേരാണ് ഈ മനോഹരമായ വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. പലരും സവിതയ്ക്ക് ജന്മദിനാശംസകൾ നേർന്നു. ഒപ്പം ആദ്യമായി ഇങ്ങനെ ഒരു പിറന്നാള്‍ അനുഭവമുണ്ടാകുമ്പോള്‍ അതെത്ര മനോഹരമായിരിക്കും എന്നും, അത് വീഡിയോയില്‍ തന്നെ വ്യക്തമാണ് എന്നും പലരും പരാമര്‍ശിച്ചിട്ടുണ്ട്.