ട്രെയിനിൽ ചിപ്സ് പൊട്ടിച്ചെറിഞ്ഞ് കുഞ്ഞ്, അച്ഛൻ ചെയ്തത് കണ്ടോ? കയ്യടിച്ച് സോഷ്യൽ മീഡിയ

Published : Feb 24, 2026, 12:24 PM IST
viral video

Synopsis

ട്രെയിൻ യാത്രയ്ക്കിടെ ചിപ്സ് തറയിലിട്ട രണ്ടുവയസ്സുകാരനായ മകനെക്കൊണ്ട് അത് വൃത്തിയാക്കിച്ച ഒരച്ഛന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പിതാവിന്റെ പ്രവൃത്തിയെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്.

യാത്രയ്ക്കിടയിൽ ട്രെയിൻ കംപാർട്ട്മെന്റിൽ ചിപ്‌സ് പൊട്ടിച്ചെറിഞ്ഞ തന്റെ കുഞ്ഞുമകനെക്കൊണ്ട് തന്നെ അത് വൃത്തിയാക്കിച്ച ഒരച്ഛന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടി നേടിക്കൊണ്ടിരിക്കുന്നത്. ട്രാവൽ വ്ലോഗറായ ദീപക് സമൽ ആണ് തന്റെ രണ്ടു വയസ്സുകാരൻ മകനെ സിവിക് സെൻസ് (പൗരബോധം) പഠിപ്പിക്കുന്ന ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. യാത്രയ്ക്കിടെ കുട്ടി കളിക്കുന്നതിനിടെയാണ് തറയിൽ ചിപ്‌സ് വീണത്. 'എനിക്ക് വേണമെങ്കിൽ അത് പെട്ടെന്ന് തന്നെ വൃത്തിയാക്കാമായിരുന്നു. പക്ഷേ, ആ സൗകര്യം നോക്കിയാൽ ഒരു വലിയ പാഠം മകന് നഷ്ടമാകുമായിരുന്നു' എന്നാണ് ദീപക് വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നത്.

ഇത് നമ്മുടെ വീടല്ലെങ്കിലും നമ്മൾ ഉപയോഗിക്കുന്ന ഇടമാണെന്നും, നമ്മൾ ഉണ്ടാക്കുന്ന മാലിന്യം മറ്റൊരാൾ വൃത്തിയാക്കേണ്ടി വരുന്നത് ശരിയല്ലെന്നും അദ്ദേഹം മകന് ലളിതമായി പറഞ്ഞുകൊടുക്കുകയായിരുന്നു. ദേഷ്യപ്പെടുകയോ പരിഭ്രമിപ്പിക്കുകയോ ചെയ്യാതെ മകനെക്കൊണ്ട് തന്നെ ആ ചിപ്‌സുകൾ ഓരോന്നായി എടുപ്പിച്ച് ട്രേയിൽ വെപ്പിച്ചു. ശുചിത്വം എന്നത് നിത്യജീവിതത്തിലെ ഇത്തരം ചെറിയ പ്രവൃത്തികളിലൂടെയാണ് പഠിപ്പിക്കേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

 

 

15 ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ ദീപക്കിന്റെ പാരന്റിംഗ് രീതിയെ അഭിനന്ദിച്ച് നിരവധിക്കണക്കിന് കമന്റുകളാണ് വരുന്നത്. 'ഇത് ചെറിയ കാര്യമായി തോന്നാമെങ്കിലും ഒരു കുട്ടിയുടെ ഭാവിയെയും സ്വഭാവത്തെയും രൂപപ്പെടുത്തുന്ന വലിയ പാഠമാണ്' എന്ന് ഒരാൾ കുറിച്ചു. 'ഭൂരിഭാഗം ഇന്ത്യക്കാർക്കും ഇല്ലാത്ത ഒരു ഗുണമാണിത്, നിങ്ങളുടെ മാലിന്യം നിങ്ങളുടെ മാത്രം ഉത്തരവാദിത്തമാണെന്ന് കുട്ടിക്കാലം മുതലേ പഠിപ്പിക്കുന്നത് വലിയ കാര്യമാണ്' എന്നായിരുന്നു മറ്റൊരു കമന്റ്. 'ഇത്തരത്തിലുള്ള മാതാപിതാക്കളെയാണ് നമുക്ക് ആവശ്യം. മറ്റൊരാൾ വന്ന് വൃത്തിയാക്കും എന്ന് കരുതുന്ന ശീലം മാറണം' എന്ന് മറ്റ് പലരും അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

രണ്ട് പ്ലേറ്റ് പോരട്ടെ; കല്യാണസദ്യ തോറ്റു, ട്രെൻഡാവാൻ മാഗി സ്റ്റാൾ, മുന്നിൽ വന്‍തിരക്ക്!
ഐടിക്കാരേക്കാൾ കാശ് ട്രക്ക് ഡ്രൈവർമാർക്ക്! 'ഈഗോ' മാറ്റിവെക്കാൻ ബിസിനസുകാരന്റെ ഉപദേശം