പിന്നല്ല, ട്രാഫിക്കിനോട് ബൈ പറയാം; ഓഫീസിൽ നിന്ന് വീട്ടിലേക്ക് ദിവസവും നടന്നാല്‍ എന്ത് സംഭവിക്കും? പരീക്ഷിക്കാം

Published : Mar 24, 2026, 12:39 PM IST
viral video

Synopsis

മനസ് മടുപ്പിക്കുന്ന ട്രാഫിക്കിന് ബൈ. രണ്ടാഴ്ച ഓഫീസിൽ നിന്ന് വീട്ടിലേക്ക് നടക്കാൻ തീരുമാനിച്ച യുവതിയുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇതുവഴിയുണ്ടായ നേട്ടവും കോട്ടവുമാണ് യുവതി വീഡിയോയില്‍ പറയുന്നത്. 

ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറാറുണ്ട്. മിനിറ്റുകൾ കൊണ്ട് എത്തേണ്ട ദൂരത്തിന് മിക്കവാറും മണിക്കൂറുകളോളം വേണ്ടിവരുന്ന അവസ്ഥയും ഉണ്ടാവാറുണ്ട്. അതിനിടയിൽ ഒരു പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശിൽപ എന്ന യുവതി. കഴിഞ്ഞ രണ്ടാഴ്ചയായി തന്റെ പതിവ് യാത്രാരീതികൾ മാറ്റിവെച്ച് ഓഫീസിൽ നിന്ന് വീട്ടിലേക്ക് നടക്കുകയാണ് ശിൽപ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ശിൽപ തന്റെ അനുഭവങ്ങൾ പറയുന്നത്. ഗൂഗിൾ മാപ്പ് പ്രകാരം ശിൽപയുടെ ഓഫീസിൽ നിന്ന് വീട്ടിലേക്ക് 2.7 കിലോമീറ്റർ ദൂരമാണുള്ളത്. നടക്കുകയാണെങ്കിൽ 38 മിനിറ്റ് കൊണ്ട് എത്താം.

എന്തായാലും, ഈ പരീക്ഷണം ശിൽപയുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ ഇവയാണ്: ബസിലോ കാറിലോ ഇരുന്ന് ക്ഷീണിക്കുന്നതിന് പകരം നടക്കുന്നത് വഴി ശരീരത്തിന് കൂടുതൽ ഉന്മേഷം ലഭിച്ചു. ദിവസവും പൂർത്തിയാക്കേണ്ട 'സ്റ്റെപ്പ് കൗണ്ട്' വളരെ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിച്ചു. അതിനിടയിൽ നടത്തത്തിനിടയിലെ ചൂട് മാറ്റാൻ ഇളനീർ കുടിച്ച വകയിൽ രണ്ടാഴ്ച കൊണ്ട് 840 രൂപ ചിലവായെന്നും ശിൽപ തമാശരൂപേണ പറയുന്നുണ്ട്.

 

 

ശിൽപ ഷെയർ ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു. 'വൈകുന്നേരത്തെ നടത്തം > ബംഗളൂരു ട്രാഫിക്' എന്ന അടിക്കുറിപ്പോടെയാണ് ശിൽപ വീഡിയോ പങ്കുവെച്ചത്. ഓഫീസിന് അടുത്തുള്ളവർ ട്രാഫിക്കിൽ സമയം കളയാതെ നടക്കാൻ ശ്രമിക്കണമെന്നും ശിൽപ അഭിപ്രായപ്പെടുന്നു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. 'വൈറ്റ്ഫീൽഡിലെ ട്രാഫിക്കിൽ കിടക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് നടത്തം' എന്നായിരുന്നു ഒരാളുടെ കമന്റ്. മാത്രമല്ല, ശിൽപയുടെ ഈ നടത്തം മറ്റുള്ളവരെയും ഇതേ രീതിയിൽ ആരോ​ഗ്യകരമായ ശീലം വളർത്തിയെടുക്കാൻ പ്രചോദിപ്പിച്ചിട്ടുണ്ട് എന്നാണ് കമന്റുകൾ കാണുമ്പോൾ മനസിലാവുന്നത്.

PREV
Read more Articles on
click me!

Recommended Stories

എത്ര സങ്കടകരം! 75 -കാരി ട്രെയിനിൽ, കൂടെ ബർത്ത്ഡേ ആഘോഷിക്കുമോ എന്ന് ചോദ്യം, ആകെ പാടിയത് രണ്ടുപേർ
അമ്പോ, സിനിമയെ വെല്ലുമല്ലോ? ഇറച്ചിക്കടക്കാരുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ടു, 17 കിമി താണ്ടി വീട്ടിലെത്തിയത് 7 നായ്ക്കൾ!