
നമുക്കെല്ലാവർക്കും കാണും കുട്ടികളെ പേടിപ്പിച്ച് വിറപ്പിച്ചിരുന്ന ഒരു അധ്യാപകനോ അധ്യാപികയോ. അങ്ങനെ ഒരു അധ്യാപികയെ 10 വർഷത്തിന് ശേഷം മുംബൈ ലോക്കൽ ട്രെയിനിൽ വെച്ച് കണ്ട് മുട്ടിയ അനുഭവം പറയുകയാണ് ഒരു യുവതി. ആ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. മുംബൈ ലോക്കൽ ട്രെയിനിലെ തിരക്കിനിടയിലാണ് അപ്രതീക്ഷിതമായി ഈ കൂടിക്കാഴ്ച നടന്നത്. 10 വർഷങ്ങൾക്ക് ശേഷം തന്റെ പഴയ സ്കൂൾ അധ്യാപികയെ ട്രെയിനിൽ വെച്ച് കണ്ട് മുട്ടിയ സന്തോഷം പങ്കുവെച്ചിരിക്കുന്നത് കൃപയ എന്ന യുവതിയാണ്.
സ്കൂളിൽ താൻ പഠിക്കുന്ന കാലത്ത് ഈ അധ്യാപിക വളരെ 'സ്ട്രിക്റ്റ്' ആയിരുന്നു എന്നും 10 വർഷത്തിന് ശേഷമാണ് അവരെ കാണുന്നത് എന്നും കൃപയ പറയുന്നു. താൻ ഇപ്പോൾ എന്താണ് ചെയ്യുന്നത് എന്നും കൃപയ അധ്യാപികയോട് പറയുന്നുണ്ട്. താൻ ഇപ്പോൾ ഒരു യുഎസ് ട്രേഡർക്ക് വേണ്ടി ജോലി ചെയ്യുകയാണ്, അത് ഇപ്പോൾ അവസാനിക്കും. പിന്നാലെ, സ്വന്തമായി എന്തെങ്കിലും തുടങ്ങണം എന്ന ആഗ്രഹവുമുണ്ട് എന്നാണ് കൃപയ അധ്യാപികയോട് പറയുന്നത്.
എത്ര സ്ട്രിക്ടാണെങ്കിലും ഏത് അധ്യാപികയ്ക്കാണ് തന്റെ വിദ്യാർത്ഥിനിയുടെ വളർച്ചയിൽ അഭിമാനമില്ലാതിരിക്കുക. അതുപോലെ ഈ അധ്യാപികയും നിറഞ്ഞ ചിരിയോടെയാണ് ഇതെല്ലാം കേൾക്കുന്നത്. ഒപ്പം യുവതിയെ കെട്ടിപ്പിടിക്കുന്നതും കാണാം. 'എന്റെ ആ സ്ട്രിക്റ്റ് അധ്യാപികയെ 10 വർഷത്തിന് ശേഷം കണ്ടുമുട്ടിയതാണ്. എന്നെ കണ്ടപ്പോൾ അവരുടെ മുഖത്തുണ്ടായ ആ സന്തോഷവും അഭിമാനവും മാത്രം മതി എനിക്ക്' എന്നാണ് കൃപയ വീഡിയോയ്ക്ക് ഒപ്പം കുറിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ വളരെ വേഗത്തിലാണ് വൈറലായി മാറിയത്. പഴയെ അധ്യാപകരെ കണ്ടുമുട്ടുക എന്നത് എത്രമാത്രം അഭിമാനം തോന്നുന്ന കാര്യമാണ് എന്നാണ് പലരും പറഞ്ഞിരിക്കുന്നത്. അധ്യാപികയുടെയും വിദ്യാർത്ഥിയുടെയും സന്തോഷം വീഡിയോയിൽ വ്യക്തമാണ് എന്നും പലരും പറഞ്ഞു.