രാത്രി 10 മണി, കരഞ്ഞുകലങ്ങിയ കണ്ണുകളോടെ വാതിൽ തുറന്ന് യുവതി, ഓർഡർ ചെയ്തത് എലിവിഷം, അപകടം മണത്ത് ബ്ലിങ്കിറ്റ് ഏജന്റ്

Published : Jan 09, 2026, 05:04 PM IST
viral video

Synopsis

തമിഴ്‌നാട്ടിൽ, രാത്രി വൈകി എലിവിഷം ഓർഡർ ചെയ്ത് യുവതി. എന്നാല്‍, ബ്ലിങ്കിറ്റ് ഡെലിവറി ഏജന്റ് അവസരോചിതമായി ഇടപെട്ടു. സോഷ്യല്‍ മീഡിയയില്‍ അനുഭവം പങ്കുവച്ചതോടെ വലിയ അഭിനന്ദനമാണ് യുവാവിന് കിട്ടുന്നത്. 

തമിഴ്‌നാട്ടിൽ ഒരു ബ്ലിങ്കിറ്റ് ഡെലിവറി ഏജന്റിന്റെ അവസരോചിതമായ ഇടപെടൽ ഒരു യുവതിയുടെ ജീവൻ രക്ഷിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാത്രി വൈകി വന്ന ഒരു ഓർഡർ ശ്രദ്ധിച്ച ഏജന്റിന് തോന്നിയ ചെറിയൊരു സംശയമാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. രാത്രി 10 മണി കഴിഞ്ഞ സമയത്താണ് ചെന്നൈയിലെ ഒരു യുവതി ബ്ലിങ്കിറ്റ് വഴി 'എലിവിഷം' ഓർഡർ ചെയ്തത്. സാധാരണ സാധനങ്ങൾ ഡെലിവറി ചെയ്യുന്നത് പോലെ പോയി വരാവുന്ന ഒന്നായിരുന്നു ഇതെങ്കിലും, ഡെലിവറി ഏജന്റായ യുവാവിന് എന്തോ പന്തികേട് തോന്നി. അസമയത്ത് എലിവിഷം മാത്രം ഓർഡർ ചെയ്തത് എന്തിനായിരിക്കും എന്ന ചിന്ത അദ്ദേഹത്തെ അസ്വസ്ഥനാക്കി.

ഓർഡർ മൂന്ന് പാക്കറ്റ് എലിവിഷമായിരുന്നു. രാത്രി വൈകി ലഭിച്ച ഈ ഓർഡറുമായി അദ്ദേഹം നിശ്ചിത വിലാസത്തിലേക്ക് പോയി. എന്നാൽ, സാധനം നൽകാനായി യുവതി വാതിൽ തുറന്നപ്പോൾ തന്നെ അദ്ദേഹത്തിന് എന്തോ പന്തികേട് തോന്നി. കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് ആ സ്ത്രീ വാതിൽ തുറന്നത്. അവരുടെ മുഖത്തെ വല്ലാത്തൊരു ഭാവം കണ്ട റൈഡറുടെ ഉള്ളിൽ അപകടസൂചന മുഴങ്ങി.

അദ്ദേഹം ആ യുവതിയോട് വളരെ സൗമ്യമായി സംസാരിച്ചു. തനിക്ക് ദോഷകരമായ ചിന്തകളൊന്നുമില്ലെന്ന് അവർ പറഞ്ഞെങ്കിലും, ആ വാക്കുകൾ റൈഡർ വിശ്വസിച്ചില്ല. അദ്ദേഹം അവിടെ തന്നെ നിന്നു. വലിയ സ്നേഹത്തോടെയും കരുതലോടും കൂടി അദ്ദേഹം അവരോട് സംസാരിക്കാൻ തുടങ്ങി. "ജീവൻ അമൂല്യമാണ്, പ്രതിസന്ധികൾ കടന്നുപോകും, ഒരിക്കലും സ്വന്തം ജീവൻ അപകടത്തിലാക്കുന്ന തീരുമാനങ്ങൾ എടുക്കരുത്" എന്ന് അദ്ദേഹം ആ യുവതിയെ ഓർമ്മിപ്പിച്ചു.

 

 

അവരുടെ മാനസികാവസ്ഥ മനസ്സിലാക്കി അവരെ ആശ്വസിപ്പിക്കാൻ ആ യുവാവ് കാണിച്ച മനസ്സ് വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. ഒടുവിൽ യുവാവിന്റെ വാക്കുകേട്ട ആ യുവതി തന്റെ ഓർഡർ ക്യാൻസൽ ചെയ്യുകയും യുവാവ് അത് തിരികെ കൊണ്ടു പോകുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിലൂടെ ആ ഡെലിവറി ‍ഡ്രൈവർ തന്നെ തന്റെ അനുഭവം പങ്കുവെച്ചപ്പോൾ അത് എല്ലാവരുടെയും കണ്ണുനിറയ്ക്കുന്ന ഒന്നായി മാറി. തന്റെ മുന്നിലുള്ളത് വെറുമൊരു കസ്റ്റമർ അല്ല, മറിച്ച് സഹായം ആവശ്യമുള്ള ഒരു മനുഷ്യനാണെന്ന് ആ യുവാവ് തിരിച്ചറിഞ്ഞുവെന്നും പരസ്പരം കരുതലോടെ നോക്കാൻ ഈ സംഭവം ഒരു ഓർമ്മപ്പെടുത്തലാണെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

ഭിന്നശേഷിക്കാരനെ തോളിലേറ്റി ട്രെയിനിൽ കയറ്റി പൊലീസ് ഉദ്യോഗസ്ഥൻ, വൈറൽ വീഡിയോ!
കാറിലിരുന്ന നാട്ടുകാരനെ ചോദ്യം ചെയ്ത് വിദേശി യുവാവ്, കാരണമുണ്ട്, കയ്യടിച്ച് സോഷ്യൽ മീഡിയ