പരാതികൾ പലതും നൽകി ആരും ഗൗനിച്ചില്ല, പിന്നാലെ മദ്യശാല അടിച്ച് തകർത്ത് സ്ത്രീകൾ, സംഭവം യുപിയിൽ; വീഡിയോ

Published : Dec 18, 2025, 02:31 PM IST
 Women vandalize liquor store

Synopsis

ആഗ്രയിൽ മദ്യശാലയ്ക്കെതിരെ സ്ത്രീകൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ഗ്രാമത്തിലെ സാമൂഹിക പ്രശ്നങ്ങൾക്ക് കാരണം മദ്യശാലയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പരാതി നൽകിയിട്ടും നടപടിയില്ലാത്തതിനാലാണ് മദ്യശാല അടിച്ചുതകർത്തതെന്ന് സ്ത്രീകൾ പറയുന്നു. . 

 

ന്ത്യയിലെ പല പ്രദേശങ്ങളിലും മദ്യ വില്പനശാലകൾ സ്ത്രീകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പൂട്ടേണ്ടി വന്നിട്ടുണ്ട്. ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിലുള്ള മഹുവ ഗ്രാമത്തിൽ മദ്യവിൽപ്പന ശാലയ്‌ക്കെതിരെ കഴിഞ്ഞ ദിവസം അവിടുത്തെ സ്ത്രീകൾ വലിയ പ്രതിഷേധം അഴിച്ചു വിട്ടു. ഗ്രാമത്തിലെ സാമൂഹിക പ്രശ്നങ്ങൾക്ക് പ്രധാന കാരണം ഈ മദ്യശാലയാണെന്ന് ആരോപിച്ചായിരുന്നു നൂറുകണക്കിന് സ്ത്രീകൾ ബുധനാഴ്ച പ്രതിഷേധവുമായി എത്തിയത്. പിന്നാലെ അവർ മദ്യശാല ഏതാണ്ട് പൂർണ്ണമായും അടിച്ച് തകർത്തു. 

പരാതികൾ ഏറ്റില്ല, പിന്നാലെ മദ്യശാല അടിച്ച് തകർത്തു

ആഗ്ര- ജയ്പൂർ ഹൈവേയിൽ കിരാവലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മദ്യശാലയ്ക്ക് മുന്നിലായിരുന്നു സംഭവം. പ്രതിഷേധം അക്രമാസക്തമായതോടെ സ്ത്രീകൾ കടയ്ക്കുള്ളിൽ കയറി മദ്യക്കുപ്പികൾ പുറത്തേക്ക് വലിച്ചെറിഞ്ഞു. റോഡിലിട്ട് കുപ്പികൾ ഓരോന്നായി തല്ലി തകർക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കടയുടെ ബോർഡും സ്ത്രീകൾ അടിച്ച് തകർത്തു. സ്ത്രീകൾ നിയന്ത്രണം വിട്ട് കടയിലേക്ക് ഇരച്ചെത്തിയതോടെ ജീവനക്കാരൻ കടയുടെ ഉള്ളിൽ കയറി വാതിലടച്ചു. 

 

 

കടയിലെ മദ്യമെല്ലാം വലിച്ച് പുറത്തിട്ട് വലിയ വടികൾ ഉപയോഗിച്ച് അവ തല്ലിപ്പൊട്ടിക്കുന്നത് വീഡിയോയിൽ കാണാം. ഇതിനിടെ ചില പുരുഷന്മാരും കുപ്പിപൊട്ടിക്കാൻ കൂടുന്നുണ്ട്. ചില പുരുഷന്മാർ ഇതിനിടെ മദ്യ കുപ്പിയുമായി മുങ്ങാൻ ശ്രമിക്കുമ്പോൾ അവരെ സ്ത്രീകൾ പിടികൂടുന്നതും കാണാം. മദ്യത്തിന്‍റെ അമിത ലഭ്യത കുടുംബങ്ങളിൽ സ്ഥിരമായി വഴക്കിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമാകുന്നുവെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകൾ ആരോപിച്ചു. ബന്ധപ്പെട്ട അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് തങ്ങൾക്ക് നേരിട്ട് രംഗത്തിറങ്ങേണ്ടി വന്നതെന്നും അവർ വ്യക്തമാക്കി. നൂറുകണക്കിന് ഗ്രാമവാസികൾ നോക്കി നിൽക്കുന്നതിനിടെയായിരുന്നു സംഭവം.

നിയമം കൈയിലെടുക്കരുതെന്ന് പോലീസ്

എന്നാൽ, പ്രതിഷേധം കനത്തതോടെ പോലീസ് സംഭവ സ്ഥലത്തേക്ക് എത്തി. പിന്നാലെ പ്രതിഷേധക്കാരായ സ്ത്രീകളെ പിരിച്ചുവിടാനുള്ള നടപടികളിലേക്ക് പോലീസ് കടന്നു. ആക്രമണത്തിന് നേതൃത്വം നൽകിയ ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു. ജനങ്ങളുടെ പരാതികൾ ന്യായമാണെങ്കിലും നിയമം കൈയിലെടുക്കുന്നത് ശരിയല്ലെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്തായാലും സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചരിക്കുകയാണ്.

 

PREV
Read more Articles on
click me!

Recommended Stories

അബദ്ധത്തിൽ കുട്ടിയുടെ കൈ കൊണ്ട് സ്വർണ കിരീടം തകർന്നു; നഷ്ടം 51.50 ലക്ഷം രൂപ!
'നിങ്ങളുടെ കുട്ടിയും നാളെ ഇത് തന്നെ ചെയ്യട്ടെ!'; രോഗിയായ അച്ഛനെ വൃദ്ധസദനത്തിലാക്കിയ മകനോട് സ്ത്രീ, വീഡിയോ