
സമാധാനപരമായ ഒരു യാത്ര പ്രതീക്ഷിച്ച് ട്രെയിൻ കയറിയ മൻമോഹൻ വർമ്മ എന്ന യാത്രക്കാരന്റെ നേരെ വിപരീതമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ബിലാസ്പൂരിൽ നിന്ന് ലഖ്‌നൗവിലേക്കുള്ള ഗരീബ് രഥ് എക്സ്പ്രസ്സിൽ താൻ നേരിട്ട ദുരനുഭവമാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ കോച്ചിനുള്ളിലുണ്ടായിരുന്ന ഒരു കുടുംബം ബഹളം വെക്കാൻ തുടങ്ങി. ട്രെയിൻ കോച്ചിനെ ഒരു സ്വകാര്യ സ്റ്റുഡിയോ പോലെയാണ് അവർ കണക്കാക്കിയതെന്ന് മൻമോഹൻ പറയുന്നു. ഉച്ചത്തിൽ പാട്ട് വെക്കുകയും, സംസാരിക്കുകയും, ഇൻസ്റ്റഗ്രാം റീൽസിനായി നൃത്തം ചെയ്യുകയുമായിരുന്നു ആ സംഘം. മറ്റ് യാത്രക്കാർ വിശ്രമിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു ഈ ശല്യം.
'എല്ലാ യാത്രകളും നമ്മെ ലക്ഷ്യസ്ഥാനങ്ങളെക്കുറിച്ചല്ല പഠിപ്പിക്കുന്നത്, ചില യാത്രകൾ മനുഷ്യരെക്കുറിച്ചും പഠിപ്പിക്കും. സമാധാനപരമായ ഒരു യാത്രയാകേണ്ടിയിരുന്ന ഇത് ഒടുവിൽ ഒരു 'ലൈവ് റിയാലിറ്റി ഷോ' ആയി മാറി' - എന്നാണ് മൻമോഹൻ വർമ്മ തന്റെ പോസ്റ്റിൽ കുറിച്ചത്.
മണിക്കൂറുകളോളം ഈ ബുദ്ധിമുട്ട് സഹിച്ച ശേഷം, വർമ്മ റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറായ 139 -ൽ വിളിച്ച് പരാതിപ്പെട്ടു. റെയിൽവേ പോലീസ് ഉടനടി സ്ഥലത്തെത്തുകയും ശല്യമുണ്ടാക്കിയവരെ നിയന്ത്രിക്കുകയും ചെയ്തു. റെയിൽവേയുടെ ഈ വേഗത്തിലുള്ള നടപടിയെ അദ്ദേഹം അഭിനന്ദിക്കാനും മറന്നില്ല. ഈ സംഭവം പങ്കുവെച്ചുകൊണ്ട് പൊതുസ്ഥലങ്ങളിലെ 'സിവിക് സെൻസിനെ' കുറിച്ച് അദ്ദേഹം പറയുന്നു.. ട്രെയിൻ കോച്ച് എന്നത് എല്ലാവർക്കും അവകാശപ്പെട്ട പൊതുവിടമാണെന്നും, സഹയാത്രികരെ ബഹുമാനിക്കാനുള്ള ലളിതമായ മര്യാദകൾ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വീഡിയോ വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേർ രംഗത്തെത്തി. തമിഴ്‌നാട്ടിലേക്കോ ബാംഗ്ലൂരിലേക്കോ ഒക്കെ യാത്ര ചെയ്യുമ്പോൾ ഇത്തരത്തിലുള്ള വിവാഹ സംഘങ്ങളിൽ നിന്നോ വിനോദയാത്ര സംഘങ്ങളിൽ നിന്നോ മോശം അനുഭവങ്ങൾ ഉണ്ടായതായി പലരും കമന്റ് ചെയ്തു. 'ഇന്ത്യക്കാരുടെ കയ്യിൽ ഇപ്പോൾ പണമുണ്ട്, പക്ഷേ മാന്യമായി പെരുമാറാനുള്ള ബോധം വരാൻ ഇനിയും ഏറെ ദൂരമുണ്ട്' എന്നായിരുന്നു ഒരാളുടെ രൂക്ഷമായ വിമർശനം. എന്നാൽ 'ചിലപ്പോഴൊക്കെ കുറച്ച് തമാശയൊക്കെ ആകാം' എന്ന അഭിപ്രായമുള്ളവരും കുറവല്ല.