പട്ടത്തിന്റെ ചരട് ചതിച്ചു, ഇത്തവണ കുടുങ്ങിയത് മൂങ്ങ, രക്ഷപ്പെടാൻ പരാക്രമം, ഒടുവിൽ അ​ഗ്നിശമന സേനയെത്തി

Published : Jan 28, 2026, 12:52 PM IST
video

Synopsis

പട്ടത്തിന്റെ ചരടിൽ കുടുങ്ങി പരിക്കേറ്റ ഒരു മൂങ്ങയെ രക്ഷിച്ചെടുത്ത് അഗ്നിശമന സേന. തലകീഴായി തൂങ്ങിക്കിടന്ന മൂങ്ങയെ സമീപത്തെ കെട്ടിടത്തിൽ നിന്നുകൊണ്ടാണ് അഗ്നിശമന സേനാംഗങ്ങൾ സുരക്ഷിതമായി താഴെയിറക്കിയത്. വീഡിയോ വൈറലാവുന്നു

ചൈനീസ് മാഞ്ച എന്ന് അറിയപ്പെടുന്ന പട്ടത്തിന്റെ ചരട് വലിയ അപകടകാരിയാണ്. ഇത് കാരണം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അത് മാത്രമല്ല, പക്ഷികൾക്ക് ഇവയുണ്ടാക്കുന്ന അപകടങ്ങളും വലുതാണ്. അതുപോലെ, ​ഗുരുതരമായി പരിക്കേറ്റ ഒരു മൂങ്ങയെ അത്ഭുതകരമായി രക്ഷിച്ചെടുത്ത ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അമിത് ഖൈർനർ എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ മൂങ്ങ നിസ്സഹായതയോടെ ഒരു കമ്പിയിൽ നിന്ന് തലകീഴായി തൂങ്ങിക്കിടക്കുന്നത് കാണാം. അതിന്റെ ഒരു ചിറക് ചരട് കൊണ്ട് മുറിഞ്ഞതായിട്ടാണ് വീഡിയോ കാണുമ്പോൾ തോന്നുന്നത്.

മഹാരാഷ്ട്രയിലെ പിമ്രി-ചിഞ്ച്‌വാഡ് നഗരത്തിലാണ് സംഭവം നടന്നത്. അമിത് ആദ്യം മൂങ്ങയെ കാണുമ്പോൾ അത് പറക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ, മറ്റ് ഇരപിടിയൻ പക്ഷികൾ ചുറ്റും വട്ടമിട്ടു പറക്കാൻ തുടങ്ങിയതിനാൽ തന്നെ മൂങ്ങയ്ക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. അങ്ങനെയാണ് അമിത് അഗ്നിശമന സേനയെ വിളിക്കുന്നത്. അഗ്നിശമന സേനാംഗങ്ങൾ ഉടൻ എത്തി, രക്ഷാപ്രവർത്തനം ആരംഭിച്ചു. ഉയരം രക്ഷാപ്രവർത്തനത്തിന് ഒരു തടസ്സമായിരുന്നു. പക്ഷേ, അഗ്നിശമന സേനാംഗങ്ങൾക്ക് സമീപത്തുള്ള ഒരു കെട്ടിടത്തിൽ നിന്ന് ശ്രദ്ധാപൂർവ്വം മൂങ്ങയെ സുരക്ഷിതമായി താഴെയിറക്കാൻ കഴിഞ്ഞു. പിന്നീട്, മൂങ്ങയുടെ ചിറകിൽ കുടുങ്ങിയ പട്ടത്തിന്റെ ചരട് അഗ്നിശമന സേനാംഗങ്ങൾ നീക്കം ചെയ്തശേഷം അതിനെ ഒരു മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

 

 

നമ്മുടെ പ്രദേശത്തെ മുഴുവൻ അഗ്നിശമന സേനയ്ക്കും വളരെയധികം നന്ദി. പട്ടത്തിന്റെ കയറിൽ കുടുങ്ങിയ മൂങ്ങയെ സുരക്ഷിതമായി രക്ഷിക്കാൻ വളരെ പെട്ടെന്നാണ് അവർ സഹായിച്ചത്, ഈ നിസ്വാർത്ഥസേവനങ്ങൾക്ക് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. അ​ഗ്നിശമന സേനാം​ഗങ്ങൾക്ക് അഭിനന്ദനം അറിയിക്കുന്നതോടൊപ്പം തന്നെ പട്ടം പറത്തുന്നതുമായി ബന്ധപ്പെട്ടുള്ള ഇത്തരം അപകടങ്ങളെ കുറിച്ച് നിരവധിപ്പേരാണ് കമന്റ് നൽകിയിരിക്കുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്; മാസ്ക് ധരിച്ചെത്തിയ യുവാവ്, 3 -ാം നിലയിലെത്തിയപ്പോൾ മാല പൊട്ടിച്ചോടി, സംഭവം എയിംസിൽ
100 -ാം ദിവസം 'പട്ടി ബിരിയാണി ചലഞ്ച്'; പിന്നാലെ ഇരച്ചെത്തി മൃഗ സ്നേഹികൾ, പിന്നീട് നടന്നത്, വീഡിയോ