
ഒരു വേറൈറ്റി ആരാണ് ആഗ്രഹിക്കാത്തത്? അത്തരം വെറൈറ്റികളോട് പ്രത്യേക താത്പര്യമുള്ള ഒരു പേജാണ് 'ഡീലക്സ് ഭയാജി' വ്യത്യസ്തമായ ഐഡിയകൾ ഉപയോഗിച്ച് ഒരോ കാര്യങ്ങൾ ചെയ്ത് അത് പൊതുസമൂഹത്തിൽ ചെലവഴിച്ച് പണം കണ്ടെത്താൻ ഭയാജീയ്ക്ക് പ്രത്യക കഴിവാണെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ നിരീക്ഷണം. കശ്മീരിലെ മഞ്ഞ് ദില്ലിയിലെത്തിച്ച് വിൽക്കുക. കല്ലിൽ ടേബിൾ ലാബും ക്ലോക്കും ഘടിപ്പിച്ച് വില്ക്കുക തുടങ്ങിയതൊക്കെ അദ്ദേഹത്തിന്‍റെ ചില നമ്പറുകൾ മാത്രം. പക്ഷേ, ഏറ്റവും പുതിയ നമ്പർ കാഴ്ചക്കാരെ അമ്പരപ്പിച്ചു. വാടകയ്ക്ക് എടുത്ത റോൾസ് റോയിൽ ചായ വില്പന! അതെ തെറ്റിയിട്ടില്ല. കേട്ടത് ശരി തന്നെ.
ഒരു ലക്ഷം രൂപയ്ക്ക് ഒരു റോൾസ് റോയ്‌സ് വാടകയ്‌ക്കെടുത്ത് അതിൽ വഴിയാത്രക്കാർക്ക് ചായ വിറ്റു. വെറുതെയല്ല. നല്ല കിടുക്കാച്ചി ബ്രാൻഡിംഗും ചെയ്തു. "റോയൽ ചായ". വെറുതെ ചായ വിളമ്പുന്ന തരത്തിലല്ല റോയൽ ചായ വിളമ്പുക. അതിന് ചില രീതികളുണ്ട്. ആദ്യം അദ്ദേഹം ഒരു കാർ വാടക കമ്പനിയിലെത്തി റോൾസ് റോയിസ് വാടകയ്ക്ക് എടുത്തു. പിന്നെ ചായക്കടക്കാരെ കണ്ട് അവരുമായി സംസാരിച്ച് റോയൽ ചായ വില്ക്കാൻ പദ്ധതി തയ്യാറാക്കി. "ഒരു റോൾസ് റോയ്‌സിൽ ചായ വിറ്റ് എത്ര പണം സമ്പാദിക്കാമെന്ന് നോക്കാം" എന്നായിരുന്നു വീഡിയോയ്ക്ക് നൽകിയ കുറിപ്പ് തന്നെ. സംഭവത്തിന്‍റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള കാര്യങ്ങളെല്ലാം അദ്ദേഹം വീഡിയോയിൽ ചിത്രീകരിക്കുകയും അത് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.
ഒരു ബോർഡ് അച്ചടിച്ച് റോഡിൽ വച്ചു. സമീപത്തായി കാറു പാർക്ക് ചെയ്തു. പിന്നെ കാറിനുള്ളിലേക്ക് കസ്റ്റമർക്ക് കയറാൻ ചുവന്ന പരവതാനി വിരിച്ചു. ചായയ്ക്കൊപ്പം കുക്കീസും ബിസ്ക്കറ്റും റെഡിയാക്കി. ജിജ്ഞാസയും താത്പര്യവും തോന്നിയ ഉപഭോക്താക്കൾ ഭയാജിയുടെ റോൾസ് റോയിസിലെ റോയൽ ചായ കുടിക്കാനെത്തി. പരീക്ഷണാർത്ഥം ചെയ്ത പദ്ധതിക്ക് ആകെ ചെലവ് 1,08,000 രൂപ. വരവ് 88,400 രൂപ. സംഗതി നഷ്ടമാണെന്ന് ഡീലക്സ് ഭയാജി തന്നെ കൂട്ടിച്ചേർക്കുന്നു. പക്ഷേ, തനിക്ക് ആളുകളെ സന്തോഷിപ്പിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം പറയുന്നു. സംഗതി നെറ്റിസെന്‍സിനും ഇഷ്ടപ്പെട്ടു. ഒരു കോടി അമ്പത് ലക്ഷത്തിലേറെ പേർ വീഡിയോ കണ്ടു. 10 ലക്ഷം പേരോളം ലൈക്ക് ചെയ്കു. മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷം സൃഷ്ടിക്കുന്നയാളെ കാഴ്ചക്കാരെല്ലാം അഭിനന്ദിച്ചു. സംഗതി ബെംഗളൂരുവിൽ ചെയ്താൽ ലാഭകരമാകുമെനന്നും അവിടെ ആളുകൾ ആഡംബരത്തിന് പണം ചെലവഴിക്കാൻ തയ്യാറാണെന്നും ഒരു കാഴ്ചക്കാരൻ എഴുതി.