
പലതരത്തിലാണ് ഇപ്പോൾ വിവാഹാഘോഷങ്ങൾ വൈറലായി മാറുന്നത്. കഴിഞ്ഞദിവസം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായി. ഈ വീഡിയോ വൈറൽ ആകാൻ കാരണം വിവാഹ ആഘോഷത്തിന് എത്തിയ വരന്റെ രണ്ടു സുഹൃത്തുക്കൾ അണിഞ്ഞ വേഷമായിരുന്നു. ഒരു ചെറിയ ചിരിയോടെ അല്ലാതെ ഈ വീഡിയോ കണ്ടു തീർക്കാൻ ആകില്ല.
ചിക്കാഗോയിൽ നടന്ന വിവാഹ ആഘോഷത്തിൽ വരൻ ഇന്ത്യക്കാരനായിരുന്നു. അതുകൊണ്ട് തന്നെ തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരന് ഒരു സർപ്രൈസ് ആയാണ് വരന്റെ രണ്ട് ആത്മാർത്ഥ സുഹൃത്തുക്കൾ സാരിയിൽ എത്തിയത്. സുഹൃത്തുക്കളെ കണ്ട വരൻ അമ്പരന്നുപോയി എന്നു മാത്രമല്ല ചിരിച്ചു ചിരിച്ചു ഒരു വഴിയായി എന്നുവേണം പറയാൻ. വരന്റെ വിദേശ സുഹൃത്തുക്കളാണ് ഇത്തരത്തിൽ ഒരു സർപ്രൈസ് ഒരുക്കിയത്.
ചിക്കാഗോ ആസ്ഥാനമായുള്ള വെഡ്ഡിംഗ് വീഡിയോഗ്രാഫർമാരായ പാരാഗൺഫിലിംസ് ആണ് ഈ വീഡിയോ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കിട്ടത്. മിഷിഗൺ അവനുവിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ വരന്റെ രണ്ട് ആത്മാർത്ഥ സുഹൃത്തുക്കൾ എന്ന ക്യാപ്ഷനോടെയാണ് ഇവർ വീഡിയോ പങ്കുവെച്ചത്.
സാരിയുടുക്കാൻ ഇവരെ ഒരു സ്ത്രീ സഹായിക്കുന്നതും ഇവരുടെ ലുക്ക് പൂർത്തിയാക്കാൻ നെറ്റിയിൽ പൊട്ടു തൊടുന്നതും ഉൾപ്പെടെയുള്ള രംഗങ്ങൾ ആണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ വിവാഹ റിസപ്ഷൻ നടക്കുന്ന വേദിയുടെ പവലിയനിലൂടെ അതീവ മനോഹരമായി ഇരുവരും നടന്ന് വരന്റെ അടുത്തേക്ക് എത്തുന്നതും ഇവരെ കണ്ടതും അമ്പരന്ന് വരൻ ചിരി സഹിക്കാൻ ആകാതെ നിലത്തിരിക്കുന്നതും ആണ് വീഡിയോയിൽ.
ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. വിവാഹദിനത്തിൽ ആത്മാർത്ഥ സുഹൃത്തിന് നൽകിയ സർപ്രൈസ് കൊള്ളാമെന്നാണ് വീഡിയോ കണ്ട എല്ലാവരും കുറിച്ചിരിക്കുന്നത്.