
ഇന്ന് പലരും സ്വന്തം നാട്ടിൽ നിൽക്കാൻ ആഗ്രഹിക്കുന്നില്ല, മറിച്ച് വിദേശരാജ്യങ്ങളിൽ പഠിക്കാനും അവിടെ തന്നെ ജോലി ചെയ്ത് ജീവിക്കാനുമാണ് പലരും ഇഷ്ടപ്പെടുന്നത്. എന്നാൽ, ഒരുകാലത്ത് ജീവിതം മെച്ചെപ്പെടുത്താൻ വിദേശത്ത് പോയ പലരും തിരികെ വരാൻ ആഗ്രഹിക്കുന്നില്ല എന്നതും സത്യമാണ്. എന്തായിരിക്കും ഇതിന് കാരണം? ഇക്കാര്യത്തെ കുറിച്ച് ബെൽജിയത്തിൽ ജോലി ചെയ്യുന്ന അലേഖ് ശ്രീവാസ്തവ എന്ന യുവാവ് പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
മെച്ചപ്പെട്ട ജീവിതനിലവാരമോ അടിസ്ഥാന സൗകര്യങ്ങളോ ഒന്നും അല്ല, മറിച്ച് 'വർക്ക് ലൈഫ് ബാലൻസ്' ആണ് ഇന്ത്യക്കാരെ വിദേശത്തു തന്നെ തുടരാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമെന്നാണ് അലേഖിന്റെ അഭിപ്രായം. മാത്രമല്ല, ഇന്ത്യയിലെ ജീവിതമാണ് കൂടുതൽ കംഫർട്ട് തരുന്നതെന്നും അലേഖ് അഭിപ്രായപ്പെടുന്നു. ശുദ്ധവായുവും വെള്ളവും നല്ല റോഡുകളും കണ്ടാൽ പിന്നെ ആരും ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന ധാരണ തെറ്റാണ്. 25-30 വർഷം ഇന്ത്യയിൽ വളർന്നവർക്ക് അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടില്ല എന്ന് അലേഖ് പറയുന്നു.
കൂടാതെ, സൊമാറ്റോ, ബ്ലിങ്കിറ്റ് പോലുള്ള സൗകര്യങ്ങളും വീട്ടുജോലിക്കാരെ ലഭിക്കാനുള്ള എളുപ്പവും ഇന്ത്യയിലെ ജീവിതം എളുപ്പമാക്കുന്നവയാണ്. എന്നാൽ, യൂറോപ്പിൽ ഇത്തരം സൗകര്യങ്ങൾ കുറവാണ്. പിന്നെയും എന്തുകൊണ്ടാണ് ആളുകൾ അവിടെ തന്നെ തുടരുന്നത്? ഇന്ത്യയിലെ തൊഴിൽ സംസ്കാരമാണ് അതിന് കാരണമെന്നാണ് അലേഖിന്റെ അഭിപ്രായം. 'ബെൽജിയത്തിൽ വൈകുന്നേരം 5 മണി എന്നാൽ ജോലി അവസാനിച്ചു എന്നാണർത്ഥം. അതിനുശേഷം നിങ്ങൾക്ക് സ്വന്തം ജീവിതം ആസ്വദിക്കാം. എന്നാൽ ഇന്ത്യയിലോ? 5 മണിക്ക് ഇറങ്ങാൻ നോക്കിയാൽ 'ഇന്ന് ഹാഫ് ഡേ ആണോ?' എന്നാണ് സഹപ്രവർത്തകർ ചോദിക്കുക' എന്നും അലേഖ് പറയുന്നു.
യൂറോപ്പിൽ രണ്ടും മൂന്നും ആഴ്ച അവധിയെടുക്കുന്നത് തികച്ചും സാധാരണമാണ്. എന്നാൽ ഇന്ത്യയിൽ മൂന്ന് ദിവസത്തെ അവധിക്ക് അപേക്ഷിക്കുന്നത് ബാങ്ക് ലോണിന് അപേക്ഷിക്കുന്നത് പോലെയാണ്. അവധി ചോദിക്കുമ്പോൾ പകരം ആരാണ് ഉള്ളത് എന്ന മാനേജർമാരുടെ ചോദ്യത്തെ കുറിച്ചും അലേഖ് പറയുന്നു. മൊത്തത്തിൽ ഇന്ത്യയിൽ ജോലി ചെയ്യുക ദുഷ്കരമായതിനാലാണ് പല പ്രവാസികളും തിരികെ മടങ്ങാൻ മടിക്കുന്നത് എന്നാണ് അലേഖിന്റെ അഭിപ്രായം.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ഇന്ത്യയിൽ ജോലി കാരണം അവരവരുടെ ആവശ്യങ്ങൾക്കൊന്നിനും വേണ്ടത്ര സമയം കിട്ടില്ല എന്ന സത്യം പലരും അംഗീകരിച്ചു.