മാലിന്യക്കൂമ്പാരത്തിൽ 'ലോട്ടറി'; യുവതിക്ക് കിട്ടിയത് ഒന്നരലക്ഷം രൂപയുടെ ബ്രാൻഡഡ് ബാഗ്!

Published : Dec 22, 2025, 04:11 PM IST
viral video

Synopsis

സമ്പന്നർ താമസിക്കുന്ന പ്രദേശത്തെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് യുവതിക്ക് ലഭിച്ചത് ലക്ഷങ്ങൾ വിലമതിക്കുന്ന ബാഗ്. ബാഗിനൊപ്പം മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. യുവതിയുടെ 'ട്രഷർ ഹണ്ട്' വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

നമ്മൾ ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന സാധനങ്ങൾ മറ്റൊരാൾക്ക് വലിയ നിധിയായി മാറിയാലോ? അത്തരമൊരു അത്ഭുതകരമായ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സമ്പന്നർ താമസിക്കുന്ന ഒരു പ്രദേശത്തെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഒരു യുവതിക്ക് ലഭിച്ചത് ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര വസ്തുക്കളാണ്.

ക്ലോഡിയ വോൺ എന്ന യുവതിയാണ് തന്റെ വിചിത്രമായ ഈ അനുഭവം വീഡിയോയിലൂടെ പങ്കുവെച്ചത്. പണക്കാർ താമസിക്കുന്ന നഗരപ്രദേശങ്ങളിൽ ആളുകൾ ഉപേക്ഷിക്കുന്ന സാധനങ്ങൾ ശേഖരിക്കാനായി പോയതായിരുന്നു ക്ലോഡിയ. എന്നാൽ അവിടെ കാത്തിരുന്നത് അപ്രതീക്ഷിത ഭാഗ്യമായിരുന്നു. റോഡരികിലെ മാലിന്യപ്പെട്ടികൾക്ക് സമീപം പരിശോധന നടത്തുന്നതിനിടെയാണ് ക്ലോഡിയയുടെ കണ്ണിൽ ഒരു ബാഗ് ഉടക്കുന്നത്. അത് പരിശോധിച്ചപ്പോൾ ലോകപ്രശസ്ത ബ്രാൻഡായ 'ക്രിസ്റ്റ്യൻ ലൂബൗട്ടിന്റെ' (Christian Louboutin) ബാഗാണെന്ന് അവർ തിരിച്ചറിഞ്ഞു. ഇതിനോടൊപ്പം ഇതേ ബ്രാൻഡിന്റെ മറ്റൊരു ബാഗും ഒരു ഹെഡ്‌ബാൻഡും അവർക്ക് ലഭിച്ചു. ബാഗിലെ പ്രൈസ് ടാഗ് പരിശോധിച്ചപ്പോൾ ക്ലോഡിയ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ഏകദേശം 1.42 ലക്ഷം രൂപയാണ് (1,590 ഡോളറാണ്) അതിന്റെ വില.

 

 

ബാഗ് കൂടാതെ വേറെയും വിലപിടിപ്പുള്ള പല സാധനങ്ങളും അവർക്ക് അവിടെ നിന്ന് ലഭിച്ചു. കുട്ടികൾക്കുള്ള വിലകൂടിയ തൊട്ടിൽ, മടക്കി വെക്കാവുന്ന കസേരകൾ, ഒരു ചെറിയ മേശ, സ്റ്റാൻഡിംഗ് ഡെസ്ക്, എന്തിന് ഒരു കട്ടിൽ വരെ ആ വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. 'ആളുകൾ ഇത്രയും വിലപിടിപ്പുള്ള സാധനങ്ങൾ എങ്ങനെയാണ് ഇങ്ങനെ വലിച്ചെറിയുന്നത്?' എന്നാണ് വീഡിയോ കണ്ട പലരും ചോദിക്കുന്നത്. ചിലർ ഇതിനെ ഭാഗ്യമെന്ന് വിളിക്കുമ്പോൾ, മറ്റ് ചിലർ ഇത് മോഷ്ടിച്ച ശേഷം ആരെങ്കിലും ഉപേക്ഷിച്ചതാകാൻ സാധ്യതയുണ്ടെന്നും അഭിപ്രായപ്പെടുന്നു. എന്തായാലും ക്ലോഡിയയുടെ ഈ 'ട്രഷർ ഹണ്ട്' വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാണ്.

 

PREV
Read more Articles on
click me!

Recommended Stories

200 കിലോമീറ്റർ അകലെയുള്ള പർവതം വരെ കാണാം, അത്രയും ശുദ്ധവായു, ജപ്പാനിലേക്ക് വരൂ എന്ന് യുവാവ്
രാത്രിയായിരുന്നു, ഇത് നിന്റെ അച്ഛന്റെ കാറല്ലെന്ന് പറഞ്ഞു, പുറത്തിറങ്ങിയപ്പോൾ കൂടെയിറങ്ങി; ദുരനുഭവം പങ്കിട്ട് യുവതി