
തായ്‌ലൻഡിലെ ക്രാബിയിലുള്ള ടൈഗർ കേവ് ടെമ്പിളിലേക്കുള്ള ട്രെക്കിങ്ങിനിടെ തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യൻ ട്രാവൽ ബ്ലോഗറായ അഭിഷേക്. ജെന്‍റര്‍ അടക്കമുള്ള വിഷയങ്ങളെ കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ച ഒരു അനുഭവമായിരുന്നു അഭിഷേകിന് ഇത്. കുത്തനെയുള്ള പടികൾ കയറുന്നതിനിടയിൽ, 50 വയസ്സിനടുത്ത് പ്രായമുള്ള ഒരു സ്ത്രീ അനായാസം മുന്നോട്ട് പോവുന്നത് കണ്ട് അഭിഷേക് അത്ഭുതപ്പെട്ടതാണ് എ്ലലാത്തിന്‍റേയും തുടക്കം. ആ സ്ത്രീയോട് മതിപ്പ് തോന്നിയ അദ്ദേഹം, 'ഈ പ്രായത്തിലും നിങ്ങൾ ട്രെക്കിങ്ങിന് വരുന്നു, ഹാറ്റ്സ് ഓഫ്' എന്നു പറഞ്ഞു. എന്നാൽ അഭിഷേക് പ്രതീക്ഷിച്ചിരുന്ന മറുപടിയായിരുന്നില്ല അവരുടേത്. 'നിങ്ങൾ എന്തിനാണ് എൻ്റെ പ്രായത്തെക്കുറിച്ച് പറയുന്നത്?. ഞാൻ വെറുമൊരു പ്രായമുള്ള വിനോദസഞ്ചാരി മാത്രമല്ല. താൻ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. അവിടുത്തെ സാംസ്കാരിക പശ്ചാത്തലത്തെ കുറിച്ചും അറിയാം. 30-കളിലോ 40 -കളിലോ സ്ത്രീകളുടെ ജീവിതം അവസാനിക്കുന്നില്ല. വിവാഹം, മാതൃത്വം, അല്ലെങ്കിൽ മുത്തശ്ശിയായിരിക്കുക എന്നീ റോളുകളിലേക്ക് സമൂഹം പലപ്പോഴും സ്ത്രീകളെ ചുരുക്കുന്നു. എന്നാൽ സ്ത്രീകൾക്കും ഒരു ജീവിതമുണ്ട്' എന്നാണ് അവർ പറഞ്ഞത്.
അഭിഷേക് ഉടൻ തന്നെ ആ സ്ത്രീയോട് ക്ഷമ ചോദിച്ചു. അവർ അത് സൗമ്യമായി സ്വീകരിക്കുകയും ചെയ്തു. എങ്കിലും അവരുടെ വാക്കുകൾ എപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നതായി അദ്ദേഹം പറയുന്നു. സംഭവത്തിനുശേഷം അഭിഷേക് പങ്കുവെച്ച ഒരു വീഡിയോയിൽ തൻറെ ഫോളോവേഴ്സിനോടായി ഒരു ചോദ്യം ഉന്നയിച്ചു. ഗ്രാമീണ ഇന്ത്യയിൽ 30 വയസ്സിന് ശേഷമുള്ള സ്ത്രീകളുടെ സ്വപ്നങ്ങളും ജീവിതവുമെല്ലാം വിവാഹം, മാതൃത്വം എന്നിവയിൽ ഒതുങ്ങി പോകുകയല്ലേ എന്നും പോസ്റ്റ് സൂചിപ്പിക്കുന്നു.
അഭിഷേകിൻറെ ഈ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധ നേടി. പ്രായവും ജെന്ററും എങ്ങനെയൊക്കെയാണ് സമൂഹത്തിന്റെ കാഴ്ച്ചപ്പാടിനെ സ്വാധീനിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് ഈ കുറിപ്പ് തുടക്കമിട്ടു. പരമ്പരാഗതമായ ചിന്താഗതികൾ ഒരു പ്രത്യേക പ്രായത്തിന് ശേഷമുള്ള സ്ത്രീകളുടെ ആഗ്രഹങ്ങളെ എങ്ങനെ ഇല്ലാതാക്കുന്നു എന്ന് വ്യക്തമാക്കി നിരവധി കമന്റുകൾ വന്നു.