ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ ആയുധമെടുത്ത് പോരാടിയ സന്യാസിമാരും ഫക്കീര്‍മാരും|സ്വാതന്ത്ര്യസ്പർശം|India@75

Aug 1, 2022, 10:03 AM IST

ഹിന്ദു സന്യാസിമാരും മുസ്ലിം ഫക്കീർമാരും ഒന്നിച്ച് ഈസ്ററ് ഇന്ത്യാ കമ്പനിക്കെതിരെ ആയുധമെടുത്ത് പോരാടിയ ആവേശകരമായ അധ്യായമുണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ. 

 

സന്യാസി-ഫക്കീർ കലാപം എന്നറിയപ്പെടുന്ന ഈ വിപ്ലവം പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് മൂന്ന് ദശാബ്ദക്കാലം ബംഗാളിൽ അരങ്ങെറിയതാണ്.  കോടിക്കണക്കിനു ജനതയുടെ കൂട്ടമരണത്തിനു വഴിവെച്ച ബംഗാൾ ക്ഷാമകാലം. കൊടും പട്ടിണി,  വിളനാശം, പ്രകൃതി ദുരന്തങ്ങൾ തുടങ്ങി ദുരിതം താണ്ഡവമാടിയ ആ നാളുകളിൽ ആണ് അന്ന്  ഇന്ത്യയിൽ അധികാരമുറപ്പിച്ചു തുടങ്ങിയ  ഈസ്റ് ഇന്ത്യ കമ്പനിയുടെ കൊള്ള നികുതി പിരിവിന്റെ വ്യാപനം.  പൊറുതിമുട്ടിയ ജനം പലയിടത്തും ചെറുത്തുനിൽപ്പ് സംഘടിപ്പിച്ചു. 


 

ദിർഘകാലമായി ഭിക്ഷാം ദേഹികളായി ഉത്തരേന്ത്യ ആകെ തീർഥാടനയാത്രകൾ ചെയ്യുന്നവരായിരുന്നു ദശനാമി വിഭാഗത്തിൽപെടുന്ന നാഗ സന്യാസിമാരും മദാരി വിഭാഗക്കാരായ മുസ്ലിം സൂഫി ഫക്കീർമാരും.  കമ്പനിയുടെ നികുതിഭാരവും ക്ഷാമവും കൊണ്ട് പൊറുതിമുട്ടിയ ബംഗാളിലെയും ബിഹാറിലെയും ജനങ്ങൾക്ക് ഈ സന്യാസിമാർക്കും ഫക്കീർമാർക്കും ഭിക്ഷ നൽകാൻ പോലും പാങ്ങില്ലാതെയായിരുന്നു. ക്രമേണ ജനതയുടെ ചെറുത്തു നില്പിന്റെ നേതൃത്വം ആയുധമേന്തിയ സന്യാസിമാരും ഫക്കീർമാരും ഏറ്റെടുത്തു. പലയിടങ്ങളിലും  സന്യാസിമാരുടെയും ഫക്കീർമാരുടെയും നേതുത്വത്തിൽ കമ്പനി സ്ഥാപനങ്ങൾക്ക് നേരെ കടന്നാക്രമണമുണ്ടായി. ജനങ്ങളെ അക്രമികളും സന്യാസികൾ കൊള്ളക്കാരായും കണ്ട കമ്പനിയുടെ ആദ്യ ഗവർണർ ജനറൽ വാറൻ ഹേസ്റ്റിങ്ങ്സ് വലിയ സൈന്യസന്നാഹത്തോടെ കലാപം അടിച്ചമർത്താൻ   നേതൃത്വം നൽകി.  ജനങ്ങൾ ക്ഷാമത്തെ മൂലം ചത്തു വീഴുമ്പോഴും കമ്പനിയുടെ നികുതിവരുമാനം വർദ്ധിച്ചുവന്നു.  

 

മജ്നു ഷാ എന്ന ഫക്കീർ നേതാവും ഭവാനി പാഥക്ക് എന്ന സന്യാസി നേതാവും ദേവി ചൗധരാണി തുടങ്ങിയ പ്രാദേശിക റാണിമാരുമായി കൂട്ടു ചേർന്ന് ഹിന്ദുക്കളും മുസ്ലിങ്ങൾ ഉൾപ്പെട്ട ജനതയുടെ നായകരായി. 1772 ൽ രംഗപൂർ എന്ന സ്ഥലത്ത് കമ്പനി സൈന്യം ക്യാപ്റ്റൻ തോമസിന്റെ നേതൃത്വത്തിൽ 1500 ഓളം വരുന്ന സന്യാസിസംഘത്തെ ആക്രമിച്ചു.  തുടക്കത്തിൽ പകച്ചുപോയെങ്കിലും സന്യാസിസംഘം ഉടൻ തിരിച്ചടിച്ച് ക്യാപ്റ്റൻ തോമസിനെ വക വരുത്തി.  കമ്പനിയുടെ ചുഷണനയങ്ങൾ മൂലം ദരിദ്രരാക്കപ്പെട്ട ധാക്കയിലെ മസ്ലിൻ നെയ്ത്തുകാരുടെ നേതൃത്വം ഫക്കീർമാർ ഏറ്റെടുത്ത് പോരാടി.  ഇളകിമറിയുന്ന തീസ്ത നദിയിൽ തോണികളിലേറി സന്യാസിമാരും ഫക്കീർമാരും  കമ്പനിപ്പടക്കെതിരെ മിന്നലാക്രമണം അഴിച്ചുവിട്ടു. 

 

മുപ്പതോളം വർഷത്തിന് ശേഷം മാത്രമേ ഈ കലാപം അടിച്ചമർത്തുന്നതിൽ കമ്പനി വിജയിച്ചുള്ളൂ. 

 

വന്ദേ മാതരം രചിച്ച ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ ആനന്ദ  മഠ൦  എന്ന  വിഖ്യാതമായ നോവലിന്റെ പ്രചോദനം ചരിത്രപ്രധാനമായ സന്യാസി-ഫക്കീർ കലാപമാണ്.