Asianet News MalayalamAsianet News Malayalam

കേരളത്തിന്റെ ഭ​ഗത് സിങ്-വക്കം ഖാദർ|സ്വാതന്ത്ര്യസ്പർശം|India@75

നമ്മുടെ മരണം മറ്റ് അനേകം പേരുടെ ജനനത്തിന് വഴിയൊരുക്കും. എണ്ണമറ്റ വീരന്മാര്‍, മഹാത്മാക്കളായ ഭാരത പുത്രന്മാര്‍, മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി സര്‍വ്വവും ത്യജിച്ചവര്‍, ഇതിനകം ഈ ലോകത്തോട് വിടപറഞ്ഞിട്ടുണ്ട്. അവരോട് താരതമ്യപ്പെടുത്തിയാല്‍ നമ്മള്‍ പൂര്‍ണ്ണചന്ദ്രന്റെ മുമ്പില്‍ വെറും മെഴുകുതിരികള്‍...

"പ്രിയപ്പെട്ട വാപ്പ, വാത്സല്യനിധിയായ എന്റെ ഉമ്മ, എന്റെ സഹോദരീ സഹോദരങ്ങളെ..  ഞാൻ എന്നെന്നേക്കുമായി നിങ്ങളെ വിട്ടുപിരിയുന്നു. നാളെ രാവിലെ ആറു  മണിക്ക്  മുമ്പായിരിക്കും എന്റെ എളിയ മരണം. ഞാൻ എത്രത്തോളം ധൈര്യത്തോടും സന്തോഷത്തോടും സമാധാനത്തോടും കൂടിയാണ് മരിച്ചതെന്ന് ദൃക്‌സാക്ഷികളിൽ നിന്ന്  നിങ്ങൾ അറിയാനിടയായാൽ നിങ്ങൾ സന്തോഷിക്കാതിരിക്കില്ല. തീർച്ചയായും അഭിമാനിക്കുകയും ചെയ്യും.."

1943 സെപ്തംബർ പത്തിന് തൂക്കുമരത്തിലേറുന്നതിനു ഒരു ദിവസം മുമ്പ് ഒരു വിപ്ലവകാരി സ്വന്തം കുടുംബത്തിന് എഴുതിയ കത്തിലെ വരികളാണിത്. വക്കം ഖാദർ ആണ് 26 കാരനായ ആ രക്തസാക്ഷി. മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി പോരാടാൻ സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷണൽ ആർമിയിൽ പ്രവർത്തിച്ചതിനു തൂക്കിലേറ്റപ്പെട്ട ഏക മലയാളി. കേരളത്തിന്റെ ഭഗത് സിങ്.   

1917 മെയ് 25ന് തിരുവനന്തപുരത്തിനടുത്ത് വക്കത്ത് വാവക്കുഞ്ഞ്-ഉമ്മസലുമ്മ ദമ്പതികളുടെ നാലാമത്തെ മകനായി മുഹമ്മദ് അബ്ദുൽ ഖാദറിന്റെ ജനനം. കുട്ടിയായിരിക്കുമ്പോൾ തന്നെ സംഗീതത്തിലും ഫുട്ബാളിലും കമ്പക്കാരൻ, ഒപ്പം സ്വാതന്ത്ര്യസമരത്തിലും. സ്‌കൂൾ കാലത്ത് തന്നെ ദിവാൻ സർ സി പിയുടെ  മർദ്ദകഭരണത്തിനെതിരെ ശബ്ദമുയർത്തി ഖാദർ. ഗാന്ധിയുടെ കേരളം സന്ദർശനത്തിടയിൽ തീവണ്ടിമുറിയിൽ കയറി അദ്ദേഹത്തിന്റെ കൈ മുത്തി ആ കുട്ടി. ഇരുപത്തൊന്നാം വയസിൽ തൊഴിൽ തേടി മലേഷ്യക്ക് പോയി അവിടെ പൊതുമരാമത്ത് വകുപ്പിൽ ചേർന്നു. പക്ഷെ അക്കാലത്ത് ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടി അവിടെ പ്രവർത്തിച്ച ഇന്ത്യ ഇൻഡിപെൻഡൻസ് ലീഗിലായിരുന്നു ഖാദറിന് കൂടുതൽ താൽപര്യം. ലീഗ് പ്രവർത്തകർ ബോസിന്റെ ഐ എൻ എയിൽ ചേർന്നപ്പോൾ ഖാദറും അതിൽ ഉൾപ്പെട്ടു. മലേഷ്യയിലെ പെനാങ്ങിൽ ഐ എൻ എ  സൈനികർക്കുള്ള ഇന്ത്യൻ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ടിൽ സൈനിക പരിശീലനത്തിന് ചേർന്ന ആദ്യത്തെ 50 പേരിൽ ഖാദർ ഉണ്ടായിരുന്നു.  

1942 സെപ്തംബർ 18. ഖാദറിന് ഒരു സുപ്രധാന ദൗത്യം ഏല്പിക്കപ്പെട്ടു. ഇന്ത്യയിലെത്തി ബ്രിട്ടനെതിരെ സായുധയുദ്ധം നടത്താൻ  തെരഞ്ഞെടുക്കപ്പെട്ട ഇരുപത് ഐ എൻ എ സൈനികരിൽ അദ്ദേഹവും ഉൾപ്പെട്ടു. പെനാങ് 20 എന്നറിയപ്പെട്ട ഈ ചാവേർ സംഘത്തിൽ പത്ത് പേർ. അന്തർ വാഹിനിയിലായിരുന്നു യാത്ര. ഒൻപത് ദിവസത്തിനു ശേഷം ഇന്ത്യൻ തീരത്തെത്തി. ഖാദർ ഉൾപ്പെട്ട അഞ്ചംഗ സംഘം എത്തിയത് മലപ്പുറത്തെ താനൂർ തീരത്തായിരുന്നു. പക്ഷെ തീരത്ത് കാൽ കുത്തിയപാടെ എല്ലാവരെയും മലബാർ സ്പെഷ്യൽ പോലീസ് അറസ്റ്റ് ചെയ്തു. ജപ്പാന്റെ ചാരന്മാരെന്നാണ് കരുതിയത്. മറ്റുള്ളവരും ഇന്ത്യയുടെ പലയിടങ്ങളിൽ നിന്ന് പിടിക്കപ്പെട്ടു. മദിരാശി ഫോർട്ട് സെന്റ് ജോർജ്ജ് ജയിലിലായിരുന്നു ഖാദർ. ദേശദ്രോഹം ചുമത്തപ്പെട്ട ഇരുപതു പേരിൽ അഞ്ച്  പേർക്ക് തടവും തുടർന്ന് വധശിക്ഷയും വിധിക്കപ്പെട്ടു. ഈ അഞ്ച്  പേരിൽ ഖാദറും ഉൾപ്പെട്ടു. മലയാളികളായ അനന്തൻ നായർക്കും, ബോണിഫേസ് പെരേരയ്ക്കും പുറമെ പഞ്ചാബിയായ ഫൗജ സിങ്, ബംഗാളില്‍ നിന്നുള്ള സത്യേന്ദ്ര ചന്ദ്ര ബര്‍ദാന്‍ എന്നിവരായിരുന്നു ഇവർ. ഇവരിൽ ബോണിഫേസ് പിന്നീട് വധശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. 1943 സെപ്തംബർ 10ന് മദിരാശി സെൻട്രൽ ജയിലിലിൽ ഖാദറും മറ്റുള്ളവരും തൂക്കികൊല്ലപ്പെട്ടു. വന്ദേമാതരം എന്ന് ചൊല്ലികൊണ്ടായിരുന്നു തൂക്കുമരത്തിൽ കയറിയത്.

തൂക്കുന്നതിനു ദിവസങ്ങൾക്ക് മുമ്പ് ബോണിഫേസിന് ഖാദർ എഴുതി.

എന്റെ പ്രിയപ്പെട്ട ബോണി,
‌എന്റെ അന്ത്യയാത്രയിലെ അവസാന വാക്കുകള്‍ ഇതാ! നമ്മുടെ മരണം മറ്റ് അനേകം പേരുടെ ജനനത്തിന് വഴിയൊരുക്കും. എണ്ണമറ്റ വീരന്മാര്‍, മഹാത്മാക്കളായ ഭാരത പുത്രന്മാര്‍, മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി സര്‍വ്വവും ത്യജിച്ചവര്‍, ഇതിനകം ഈ ലോകത്തോട് വിടപറഞ്ഞിട്ടുണ്ട്. അവരോട് താരതമ്യപ്പെടുത്തിയാല്‍ നമ്മള്‍ പൂര്‍ണ്ണചന്ദ്രന്റെ മുമ്പില്‍ വെറും മെഴുകുതിരികള്‍..