'രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലറയിൽ തുടരുന്നവർക്കും നീതി ലഭിക്കണം'

May 19, 2022, 3:44 PM IST

നീണ്ട മുപ്പത് വർഷങ്ങൾക്ക് ശേഷം രാജീവ് ഗാന്ധി വധക്കേസിൽ കുറ്റവിമുക്തനായിരിക്കുകയാണ് പേരറിവാളന്‍ (A G Perarivalan). വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കിപ്പുറം ആശ്വാസത്തിന്റെ നാളുകളിലേക്കെത്തിയ സന്ദർഭത്തിൽ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയാണ് അദ്ദേഹം. ജയിലിൽ കഴിഞ്ഞ മുപ്പത് വർഷവും തന്നെ ജീവിക്കാൻ  പ്രേരിപ്പിച്ചത് അമ്മ അർപ്പുതം അമ്മാളെന്ന ശക്തിയാണെന്ന് ആവർത്തിക്കുകയാണ് പേരറിവാളൻ.

''അമ്മയാണ് എന്റെ ശക്തി. ജയിൽ മോചിതനായപ്പോൾ അവർ സന്തോഷിക്കുന്നത് കാണുമ്പോൾ ആശ്വാസമാണ്. ജയിൽ കഴിയവേ  തനിക്ക് കേരളം വലിയ പിന്തുണയാണ് തന്നത്". പിന്തുണച്ച എല്ലാവർക്കും ഈ അവസരത്തിൽ നന്ദിയറിയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലറയിൽ തുടരുന്നവർക്കും നീതി ലഭിക്കണമെന്നും പേരറിവാളൻ ആവശ്യപ്പെട്ടു.  കേരളത്തിൽ നിന്നും വലിയ പിന്തുണ ലഭിച്ചു. കെ ടി തോമസ് അടക്കമുള്ളവർ കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളം സന്ദർശിക്കുമെന്നും പേരറിവാളൻ അറിയിച്ചു. 

19ാം വയസിൽ അറസ്റ്റിലായ പേരറിവാളന് 31 വർഷത്തിന് ശേഷമാണ് മോചനം ലഭിക്കുന്നത്. ഭരണഘടനയുടെ 142-ാം അനുഛേദം ഉപയോഗിച്ചാണ് സുപ്രീംകോടതിയുടെ വിധി. 1991ലാണ് പേരറിവാളൻ അറസ്റ്റിലായത്. 1991 ജൂൺ 11 ന് ചെന്നൈയിലെ പെരിയാർ തിടലിൽ വച്ച് സിബിഐ ഓഫീസർമാർ പേരറിവാളനെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് 20 വയസ് തികഞ്ഞിട്ടില്ലായിരുന്നു. ചെയ്ത കുറ്റം, രാജ്യത്തെ പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്നതായിരുന്നു. രാജീവ് ഗാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ശിവരാസന് സ്‌ഫോടക വസ്തുവായി 9 വോൾട്ട് ബാറ്ററി നൽകിയെന്നതായിരുന്നു പേരറിവാളന് മേല്‍ കണ്ടെത്തിയ കുറ്റം. നിയമുപോരാട്ടത്തിനൊടുവിൽ പേരറിവാളൻ മോചനം നേടുമ്പോൾ ഇതിനിടയിൽ ഒട്ടേറെ സംഭവങ്ങളാണ് കേസുമായി ബന്ധപ്പെട്ട് രാജ്യം കണ്ടത്. ടാഡ വകുപ്പ് ചുമത്തപ്പെട്ട് അറസ്റ്റിലായ പേരറിവാളൻ തൂക്കുകയറിൽ നിന്നാണ് രക്ഷനേടി ഇപ്പോൾ മോചിതനാകുന്നത്.