മനുഷ്യൻ വീണ്ടും ചന്ദ്രനിലെത്തുമോ; കാണാം അമേരിക്ക ഈ ആഴ്ച

Aug 22, 2022, 1:50 PM IST

നാസയുടെ ചന്ദ്രനിലേക്കുള്ള ദൗത്യമായ ആർടെമിസിന്റെ വിക്ഷേപണം ആഗസ്റ്റ് 29 ന് നടക്കും. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. ഈ ബഹിരാകാശ ദൗത്യത്തിൽ യാത്രികർ ഉണ്ടാകില്ല. ഇതിന്റെ തയാറെടുപ്പുകളെല്ലാം പൂർത്തിയായിക്കഴിഞ്ഞു.  നാസയുടെ ഭീമൻ റോക്കറ്റായ എസ്എൽഎസ് സ്‌പേസ് ലോഞ്ച് സിസ്റ്റം വിക്ഷേപണത്തറയിൽ നിലയുറപ്പിച്ചു കഴിഞ്ഞു.

 

ഏകദേശം 32 നിലക്കെട്ടിടത്തിന്റെ ഉയരമാണ് എസ്എൽഎസിനുള്ളത്. പരീക്ഷണ ദൗത്യമായതിനാലാണ് ഇത്തവണ മനുഷ്യർക്ക് പകരം ഡമ്മികളെ അയക്കുന്നത്. ആർറ്റെമിസ് 1 എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം വിജയിച്ചാൽ അടുത്ത വർഷം തന്നെ യാത്രികരെ വഹിച്ചുകൊണ്ടുള്ള ചന്ദ്രദൗത്യത്തിനു നാസ തുടക്കമിടും. 2024 ഓടെ ആദ്യത്തെ സ്ത്രീയെ ചന്ദ്രനില്‍ എത്തിക്കുകയാണ് ലക്ഷ്യം.  ചന്ദ്രനില്‍ നിന്ന് ചൊവ്വ പര്യവേക്ഷണം നടത്തുന്നതിന്റെ ഭാഗമായാണ് ആര്‍ടെമിസ് പദ്ധതി അമേരിക്ക വിഭാവനം ചെയ്തിരിക്കുന്നത്. അതില്‍ ബഹിരാകാശയാത്രികര്‍ ചന്ദ്രനെ പര്യവേക്ഷണം ചെയ്യുകയും മനുഷ്യരാശിയുടെ അടുത്ത ഭീമന്‍ കുതിച്ചുചാട്ടം സാധ്യമാക്കുന്നതിന് അവിടെ നേടിയ അനുഭവങ്ങള്‍ ഉപയോഗിച്ച് മനുഷ്യരെ ചൊവ്വയിലേക്ക് അയയ്ക്കുകയും ചെയ്യും. ഗ്രീക്ക് പുരാണത്തില്‍, അപ്പോളോയുടെ ഇരട്ട സഹോദരിയാണ് ആര്‍ട്ടെമിസ്, 1969 ല്‍ അമേരിക്കക്കാരെ ആദ്യമായി ചന്ദ്രനില്‍ ഇറക്കിയ ബഹിരാകാശ പേടകങ്ങളുടെ പരമ്പരയ്ക്ക് നാസ (നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍) ഉപയോഗിച്ച പേരാണിത്. ആര്‍ടെമിസ് പ്രോഗ്രാമിലൂടെ, നാസ 2024 ഓടെ ആദ്യത്തെ സ്ത്രീയെയും അടുത്ത പുരുഷനെയും ചന്ദ്രനില്‍ എത്തിക്കും, നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് മുമ്പത്തേക്കാള്‍ കൂടുതല്‍ ചന്ദ്രോപരിതലങ്ങള്‍ പര്യവേക്ഷണം ചെയ്യും. 

 

ഈ പദ്ധതിക്ക് വലിയൊരു പ്രത്യേകത കൂടിയുണ്ട്. ഇതാദ്യമായി യുഎസ് ബഹിരാകാശ ഏജന്‍സി വാണിജ്യ, അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിക്കുന്നു. ഈ ദശകത്തിന്റെ അവസാനത്തോടെ സുസ്ഥിര ചാന്ദ്രപര്യവേക്ഷണം നടത്തുകയും ചെയ്യും. തുടര്‍ന്ന്, ചന്ദ്രനില്‍ നിന്നും ചുറ്റുപാടും നിന്നും പഠിക്കുന്ന കാര്യങ്ങള്‍ ഉപയോഗപ്പെടുത്തി ബഹിരാകാശയാത്രികരെ ചൊവ്വയിലേക്ക് അയയ്ക്കുകയാണ് നാസയുടെ പരിപാടി.