
ജീവിതത്തിലെ പ്രതിസന്ധികളെ തളർച്ചയല്ല, പുതിയ തുടക്കങ്ങൾക്കുള്ള അവസരമാക്കി മാറ്റിയ സംരംഭകയാണ് ആബിദ റഷീദ്. മലബാറിന്‍റെ തനത് ഭക്ഷണവിഭവങ്ങളിലൂടെയും രുചിക്കൂട്ടുകളിലൂടെയും ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ബ്രാൻഡ് നാമമായി മാറിയ ആബിദയുടെ ജീവിതം ആത്മവിശ്വാസത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും അതിജീവനത്തിന്‍റെയും ഒരു മികച്ച ഉദാഹരണമാണ്. കഠിനാധ്വാനത്തിന്‍റെയും അതിജീവനത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെ പെൺ കരുത്തുമായി ആബിദ, ഏഷ്യാനെറ്റ് ന്യൂസിന്‍റെ അഗോറയിലുമെത്തുന്നു.
കോഴിക്കോട് വലിയങ്ങാടിയിലെ വ്യാപാരപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച ആബിദ, പഠനകാലത്തുതന്നെ കച്ചവടത്തോടും പാചകത്തോടും വലിയ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഊട്ടിയിലും കോഴിക്കോട്ടുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ പ്രൊവിഡൻസ് കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദപഠനം നടത്തി. പിന്നീട് മദ്രാസിൽ ബിബിഎ പഠനത്തിനായി പോയെങ്കിലും അവിടെ വച്ച് കണ്ണൂരുകാരനായ റഷീദുമായുള്ള വിവാഹത്തെത്തുടർന്ന് പഠനം പൂർത്തിയാക്കാനായില്ല. എന്നാൽ ജീവിതാനുഭവങ്ങളിലൂടെ ആബിദ കച്ചവടത്തിന്‍റെ ആദ്യപാഠങ്ങൾ സ്വായത്തമാക്കി.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
1987 -ൽ കോഴിക്കോട് 'സാരി സെല്ലേഴ്സ്' എന്ന സ്ഥാപനം ആരംഭിച്ചതോടെയാണ് സംരംഭകയെന്ന നിലയിൽ ആബിദയുടെ വളർച്ച തുടങ്ങുന്നത്. സ്ഥാപനം വലിയ വിജയമായി. എന്നാൽ വീട് നിർമാണത്തിന് സാമ്പത്തികമായി ഏറെ ചെലവഴിച്ചതോടെ ബിസിനസ് തകർച്ചയിലേക്ക് നീങ്ങി. കടബാധ്യതകൾക്കിടയിൽ ഭർത്താവ് റഷീദിന് കാൻസർ സ്ഥിരീകരിക്കുകയും പിന്നീട് അദ്ദേഹം മരണപ്പെടുകയും ചെയ്തു. ആബിദയുടെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടങ്ങളിലൊന്നായിരുന്നു അത്.
എന്നാൽ, പ്രതിസന്ധികൾക്ക് മുന്നിൽ അവർ കീഴടങ്ങിയില്ല. ഭക്ഷണവിഭവങ്ങൾ തയ്യാറാക്കി വിൽക്കാനും മസാലക്കൂട്ടുകളുടെ വിപണനം ആരംഭിക്കാനും ആബിദ തീരുമാനിച്ചു. കല്ലുമ്മക്കായ നിറച്ചത് ഉൾപ്പെടെയുള്ള തനത് മലബാറി വിഭവങ്ങളും വ്യത്യസ്ത അച്ചാറുകളും അവരുടെ സംരംഭത്തിന് പുതിയ തിരിച്ചറിവ് നൽകി. ഇത്തവണ പക്ഷേ, സ്വന്തം പേര് തന്നെയായിരുന്നു ബ്രാന്‍റ് നെയിം. 'ആബിദ റഷീദ്'.
അറുപതാം പിറന്നാളിന് പുറത്തിറങ്ങിയ ആദ്യ വീഡിയോ മില്യൺ കാഴ്ചകൾ നേടിയതോടെ ആബിദയുടെ സംരംഭങ്ങൾക്ക് വലിയ ജനപ്രീതി ലഭിച്ചു. സോഷ്യൽ മീഡിയയിലൂടെ മസാലക്കൂട്ടുകൾക്കും ഭക്ഷണവിഭവങ്ങൾക്കും ആവശ്യക്കാർ വർധിച്ചു. 'സാരി സെല്ലേഴ്സ്' വീണ്ടും സജീവമാക്കാനും അവർക്ക് കഴിഞ്ഞു.
ഇന്ന് ഭക്ഷ്യസംരംഭത്തിനൊപ്പം സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിലും ആബിദ സജീവമാണ്. സ്ത്രീകൾക്ക് പാചകപരിശീലനം നൽകുകയും അവർ തയ്യാറാക്കുന്ന വിഭവങ്ങൾ വിപണിയിലെത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു. സ്വന്തം വീട് ഹോംസ്റ്റേയാക്കി മാറ്റി മലബാറിന്‍റെ ഭക്ഷണസംസ്കാരവും പൈതൃകവും സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നുമുണ്ട്.
'അടഞ്ഞുപോയ വഴിയിലേക്ക് നോക്കിയിരുന്നിട്ട് കാര്യമില്ല, മറ്റൊരു വഴി കണ്ടെത്തണം' എന്നതാണ് ആബിദയുടെ ജീവിതദർശനം. അറുപതാം വയസ്സിലും പുതിയ സ്വപ്നങ്ങളുമായി മുന്നേറുന്ന അവർ തെളിയിക്കുന്നത് വിജയത്തിന് പ്രായമോ പരാജയങ്ങൾക്ക് അവസാനവാക്കോ ഇല്ലെന്നതാണ്. ജീവിതത്തിലേക്ക് പുതുവഴി തുറന്ന ആബിദയെ കേൾക്കാനും അവരുടെ അനുഭവങ്ങളുടെ രുചിക്കൂട്ടുകൾ അറിയാനും അഗോറയിലേക്ക് വരൂ.