സൂര്യനെ പിന്തുടർന്ന മൂന്ന് പതിറ്റാണ്ട്; ആകാശവിസ്മയങ്ങളുടെ രഹസ്യങ്ങളുമായി പ്രൊഫ. ദീപാങ്കർ ബാനർജി 'അഗോറ 2026'-ൽ

Published : Nov 18, 2026, 12:54 PM IST
Prof. Dipankar Banerjee

Synopsis

ഇന്ത്യയുടെ പ്രമുഖ സൗരഭൗതിക ശാസ്ത്രജ്ഞനായ പ്രൊഫ. ദീപാങ്കർ ബാനർജിയുടെ സൂര്യഗ്രഹണങ്ങളെ പിന്തുടർന്നുള്ള യാത്രകളെക്കുറിച്ചും ഗവേഷണങ്ങളെക്കുറിച്ചും വിശദീകരിക്കാൻ അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന 'അഗോറ 2026'-ൽ എത്തുന്നു.

സൂര്യനെ പിന്തുടരാൻ ആരെങ്കിലും നിങ്ങളോട് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? അങ്ങനെ 'സൂര്യനെ പിന്തുടരുക' (Chase the Sun) എന്ന് ആരെങ്കിലും പറഞ്ഞാൽ നിങ്ങളത് തമാശയായേ എടുക്കാൻ സാധ്യതുള്ളൂ. എന്നാൽ 1995-ലെ ഒരു ദീപാവലി ദിനത്തിൽ കൊൽക്കത്തയിൽ നിന്നുള്ള ഒരു യുവ ഗവേഷകൻ ആ വാക്ക് അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കി. രാജ്യം മുഴുവൻ ദീപാവലി ആഘോഷങ്ങളിൽ മുഴുകിയ ഒക്ടോബർ 24-ന്, സമ്പൂർണ്ണ സൂര്യഗ്രഹണ സമയത്ത് സൗര കൊറോണയുടെ (Solar Corona) ചിത്രങ്ങൾ പകർത്തുക എന്ന അസാധാരണ ദൗത്യവുമായി ദീപാങ്കർ ബാനർജി ഇന്ത്യൻ വ്യോമസേനയുടെ എഎൻ-32 (AN-32) വിമാനത്തിൽ ആകാശത്തേക്ക് കുതിച്ചു.

പ്രകൃതിയിലെ ഏറ്റവും വിസ്മയകരമായ പ്രതിഭാസത്തെ പിന്തുടർന്ന് ഭൂമിയുടെ വിവിധ കോണുകളിലേക്ക് അദ്ദേഹത്തെ നയിച്ച ഒരു അവിസ്മരണീയ യാത്രയുടെ തുടക്കമായിരുന്നു അത്.

മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം, ഇന്ത്യയിലെ പ്രമുഖ സൗരഭൗതിക ശാസ്ത്രജ്ഞരിൽ ഒരാളും തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയുടെ (IIST) വൈസ് ചാൻസലറുമായ പ്രൊഫ. ദീപാങ്കർ ബാനർജി, ഭൂമിയിൽ ജീവൻ നിലനിർത്തുന്ന ആ നക്ഷത്രത്തിന്റെ രഹസ്യങ്ങൾ പങ്കുവെക്കാൻ ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന 'അഗോറ 2026' (AGORA 2026) വേദിയിലെത്തുകയാണ്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ചന്ദ്രന്റെ നിഴലിനെ പിന്തുടർന്ന 30 വർഷങ്ങൾ

ഒരു മനുഷ്യായുസ്സിൽ എത്ര സമ്പൂർണ്ണ സൂര്യഗ്രഹണങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കഴിയും?

ഒരേ സ്ഥലത്ത് തന്നെ തുടരുകയാണെങ്കിൽ ഒരുപക്ഷേ ഒരെണ്ണം പോലും കാണാൻ കഴിഞ്ഞെന്ന് വരില്ല. കാരണം, ശരാശരി 360 മുതൽ 400 വർഷത്തിലൊരിക്കൽ മാത്രമാണ് ഒരു നിശ്ചിത പ്രദേശത്ത് സമ്പൂർണ്ണ സൂര്യഗ്രഹണം സംഭവിക്കുന്നത്.

എന്നാൽ ഗ്രഹണം തേടി വരുന്നതും കാത്തിരിക്കാൻ പ്രൊഫ. ബാനർജി തയ്യാറായിരുന്നില്ല. ചന്ദ്രന്റെ നിഴൽ പതിക്കുന്ന ലോകത്തിന്റെ കോണുകളിലേക്ക് അദ്ദേഹം യാത്ര തിരിച്ചു.

1995-ലെ ആദ്യ ഗ്രഹണ പര്യവേഷണത്തിന് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അദ്ദേഹത്തിന്റെ യാത്രകൾ നീണ്ടു. 1999-ൽ ഐറിഷ് കടലിലെ ഒരു ഫെറിയിലിരുന്നാണ് അദ്ദേഹം ഗ്രഹണം നിരീക്ഷിച്ചതെങ്കിൽ, പത്ത് വർഷങ്ങൾക്ക് ശേഷം മറ്റൊരു സമ്പൂർണ്ണ ഗ്രഹണം പഠിക്കാൻ അദ്ദേഹം ചൈനയിലെ അൻജിയിലുണ്ടായിരുന്നു. ചിലിയിലെ ഈസ്റ്റർ ദ്വീപിലേക്കും യാത്ര ചെയ്ത അദ്ദേഹം, 2024 ഏപ്രിലിൽ അമേരിക്കയിലെ ടെക്സസിലും ഗ്രഹണ നിരീക്ഷണത്തിനെത്തി.

ടെക്സസിലെ നിരീക്ഷണങ്ങൾക്ക് ഒരു സവിശേഷത കൂടിയുണ്ടായിരുന്നു. ഭൂമിയിൽ നിന്ന് ശേഖരിച്ച വിവരങ്ങളെ, ഇന്ത്യയുടെ 'ആദിത്യ-എൽ1' (Aditya-L1) സൗരനിരീക്ഷണ പേടകം ബഹിരാകാശത്ത് നിന്ന് ശേഖരിച്ച വിവരങ്ങളുമായി താരതമ്യം ചെയ്യുക എന്നതായിരുന്നു ആ ദൗത്യത്തിന്റെ ലക്ഷ്യം. പ്രൊഫ. ബാനർജിയെ സംബന്ധിച്ചിടത്തോളം ഗ്രഹണങ്ങളെ പിന്തുടരുന്നത് കേവലം ഒരു ആകാശവിസ്മയം കാണുക എന്നതിലുപരി, സൂര്യന്റെ കാണാപ്പുറങ്ങൾ തേടിയുള്ള ശാസ്ത്രീയ അന്വേഷണമാണ്.

'സൺ ചേസറെ' നേരിൽ കാണാം, കേൾക്കാം

സൂര്യനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് പ്രൊഫ. ബാനർജിയെ ഇന്ത്യയുടെ ആദ്യത്തെ സമ്പൂർണ്ണ സൗരദൗത്യമായ ആദിത്യ-എൽ1-ന്റെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിച്ചത്.

നമുക്ക് ഏറ്റവും അടുത്തുള്ള നക്ഷത്രത്തെ മനസ്സിലാക്കാൻ ജീവിതത്തിന്റെ സിംഹഭാഗവും മാറ്റിവെച്ച ആ ശാസ്ത്രജ്ഞനിൽ നിന്ന് നേരിട്ട് അറിവുകൾ നേടാനുള്ള അപൂർവ്വ അവസരമാണ് ഇപ്പോൾ ഒരുങ്ങുന്നത്. നവംബർ 27 മുതൽ 29 വരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ആശയങ്ങളുടെ ഉത്സവമായ 'അഗോറ 2026'-ലെ പ്രമുഖ പ്രഭാഷകരിൽ ഒരാളായി പ്രൊഫ. ദീപാങ്കർ ബാനർജി പങ്കെടുക്കും.

നമ്മുടെ ഭാവിയെ രൂപപ്പെടുത്തുന്ന ആശയങ്ങൾ ചർച്ച ചെയ്യുന്നതിനായി ലോകമെമ്പാടുമുള്ള വിദഗ്ധരെയും ചിന്തകരെയും ഒരുമിപ്പിക്കുന്ന വേദിയാണ് അഗോറ. സൂര്യൻ ഒളിപ്പിച്ചുവെച്ചിരിക്കുന്ന രഹസ്യങ്ങൾ എന്തൊക്കെയാണെന്നോ, ദശലക്ഷക്കണക്കിന് കിലോമീറ്ററുകൾ അകലെയുള്ള ഒരു നക്ഷത്രം ഭൂമിയിലെ ജീവനെ എങ്ങനെ സ്വാധീനിക്കുന്നുവെന്നോ അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ വേദി ഒരു മികച്ച അവസരമായിരിക്കും.

പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. എന്നാൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

PREV
Read more Articles on
click me!

Recommended Stories

പുതുമകളുടെ നായകൻ എത്തുന്നു പുതിയ കാലത്തെ സംവാദ വേദിയിൽ; ഏഷ്യാനെറ്റ് ന്യൂസ് 'അഗോറ' മമ്മൂട്ടി ഉദ്ഘാടനം ചെയ്യും
ദുരന്ത പ്രതിരോധശേഷിയുടെ തുടക്കം വീടുകളിൽ നിന്ന് വേണം, ഇന്ന് അന്താരാഷ്ട്ര ദുരന്തസാധ്യതാ ലഘൂകരണ ദിനം