
സ്ക്രീനുകൾ നമ്മുടെ സമയത്തിന്റെ മുക്കാൽപങ്കും കയ്യടക്കിയിരിക്കുന്നൊരു കാലമാണിത്. നീണ്ടൊരു വീഡിയോ പോലും കാണാൻ ക്ഷമയില്ലാത്തവരായി നാം മാറിക്കഴിഞ്ഞു. പകരം കുഞ്ഞുകുഞ്ഞു റീലുകളാണ് പലരും ഏറ്റവുമധികം കാണുന്നത്. എന്തിനും ഏതിനും എഐയെ ആശ്രയിക്കുന്നവരുമുണ്ട്. ഈ കാലഘട്ടിൽ നമ്മുടെ വായന എവിടെയാണ് എത്തി നിൽക്കുന്നത്? നമ്മുടെ എഴുത്തും വൈജ്ഞാനികരംഗവും ആരെയാണ് പരിഗണിക്കുന്നത്? അതാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിക്കുന്ന 'അഗോറ' -യിലെ 'ബാക് ടു ബുക്സ്' എന്ന സെഷൻ ചർച്ച ചെയ്തതും.
ഭാഷാശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ പെഗ്ഗി മോഹൻ, ഡോ. കെ. വാസുകി ഐഎഎസ് എന്നിവരായിരുന്നു പാനലിൽ. AI ഗവേഷകയും എഴുത്തുകാരിയുമായ ഐശ്വര്യ താരാഭായ് അനിഷ് ആയിരുന്നു മോഡറേറ്റർ.
എല്ലാ ദിവസവും വായിക്കുക
വായനാശീലത്തെ കുറിച്ച് ചോദിച്ചുകൊണ്ടാണ് സെഷൻ ആരംഭിച്ചത്. ഉറങ്ങുന്നതിന് മുൻപ് താൻ മനസ്സിലാക്കണം എന്ന് ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് കുറച്ചു പേജുകൾ വായിക്കാറുണ്ടെന്ന് ഡോ. വാസുകി പറയുന്നു. എല്ലാ ദിവസവും വായിക്കുന്ന ശീലമുണ്ടെന്നും വാസുകി പറയുന്നു.
അതുപോലെ, സയൻസ് ഫിക്ഷൻ, നോൺ-ഫിക്ഷൻ പുസ്തകങ്ങൾ സ്ഥിരമായി വായിക്കുന്നത് ലോകത്തെ മനസ്സിലാക്കാനും ചിന്തകളെ കണക്ട് ചെയ്യാനും സഹായിക്കുന്നുവെന്നാണ് പെഗ്ഗി മോഹൻ പറയുന്നത്.
ഇന്നത്തെ കാലത്ത് റീൽസ്, ഷോർട്ട്സ്, സോഷ്യൽ മീഡിയ എന്നിവ സജീവമാകുന്നത് നമ്മുടെ ചിന്താശേഷിയെയും ഭാവനയെയും ബാധിക്കാമെന്നും ചർച്ചയിൽ ചൂണ്ടിക്കാണിച്ചു. യഥാർത്ഥ 'ജ്ഞാനം' അഥവാ വിസ്ഡം നേടാൻ ആഴത്തിലുള്ള വായനയും കൃത്യമായ ലക്ഷ്യത്തോടെയുള്ള സെർച്ചിംഗും ആവശ്യമാണ്.
മാതൃഭാഷയിലെ പുസ്തകങ്ങളുടെ പ്രാധാന്യം
കുട്ടികൾക്ക് വായിക്കാൻ താൽപ്പര്യമുള്ള പുതിയതും ആധുനികവുമായ പുസ്തകങ്ങൾ ഇന്ത്യൻ ഭാഷകളിൽ കുറവാണ്. പഴയ ക്ലാസിക്കുകൾ ഉണ്ടെങ്കിലും പുതിയവ കുറവാണ് എന്ന അഭിപ്രായവും ചർച്ചയിൽ പങ്കുവയ്ക്കപ്പെട്ടു.
പെഗ്ഗി മോഹന്
ഐഐടി വിദ്യാർത്ഥികൾക്ക് പോലും ചില ടെക്നിക്കൽ ഇംഗ്ലീഷ് വാക്കുകളിൽ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ചൈന പോലുള്ള രാജ്യങ്ങളിൽ സ്വന്തം ഭാഷയിൽ ധാരാളം പുസ്തകങ്ങളും സയൻസ് ഫിക്ഷനുകളും ലഭ്യമാണ്, എന്നാൽ നമ്മുടെ നാട്ടിൽ അത്തരം കണ്ടന്റുകൾ കുറവാണ്. കൂടാതെ, വിവർത്തനങ്ങളേക്കാൾ സ്വന്തം ഭാഷയിൽ നേരിട്ട് എഴുതുന്നതാണ് കൂടുതൽ സ്വാഭാവികവും ആഴമേറിയതുമെന്നും പെഗ്ഗി മോഹൻ പറയുന്നു.
ഭാഷ, ചരിത്രം, എഐ തുടങ്ങിയ വിഷയങ്ങളിലെ പുതിയ ആശയങ്ങൾ സാധാരണക്കാർക്കും എളുപ്പത്തിൽ മനസ്സിലാകാൻ പുസ്തകരൂപത്തിലാണ് എഴുതുന്നതെന്നും പെഗ്ഗി മോഹൻ വ്യക്തമാക്കുന്നു. ഉദാഹരണമായി, ഏകദേശം 4,000 വർഷം മുൻപ് സിന്ധുനദീതടത്തിൽ നിന്നുള്ള കുടിയേറ്റത്തെക്കുറിച്ച് ഒരു പുസ്തകം എഴുതാൻ ആലോചിക്കുന്നുണ്ട്.
ജേണൽ എഴുതുന്നതിന്റെ പ്രാധാന്യം
താൻ 13-14 വയസ് മുതൽ ആൻ ഫ്രാങ്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജേണൽ എഴുതാറുണ്ട്. പിന്നീട് അതൊരു പുസ്തകമായി മാറിയെന്നും ഡോ. വാസുകി പറഞ്ഞു. ജീവിതത്തിലെ പ്രയാസമേറിയ ഘട്ടത്തിലാണ് എഴുതുന്നത്. നമ്മുടെ ഉള്ളിൽ നിരന്തരം ഉണ്ടാകുന്ന ചിന്തകളും വികാരങ്ങളും ഒരു ജേണലിൽ കുറിക്കുമ്പോൾ അവ വ്യക്തമായി മനസ്സിലാക്കാനും സ്വന്തം ചിന്തകളെ തിരിച്ചറിയാനും സാധിക്കും.
ഡോ. കെ. വാസുകി
പുറംലോകത്തെക്കുറിച്ച് അറിയാൻ ശ്രമിക്കുന്നതിനൊപ്പം സ്വന്തം ഉള്ളിൽ എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ ദിവസവും കുറച്ചു സമയം മാറ്റിവെക്കണം. ഉറങ്ങുന്നതിന് മുൻപ് ഫോണിനോ ലാപ്ടോപ്പിനോ പകരം ഡയറിയിൽ എഴുതുന്നത് നല്ലൊരു ശീലമാണ്. ആത്മപരിശോധനയിലൂടെയും എഴുത്തിലൂടെയും ലഭിക്കുന്ന വ്യക്തിപരമായ കണക്ഷൻ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ ലഭിക്കില്ലെന്നും ഡോ. വാസുകി വ്യക്തമാക്കി.
ഭാഷാവൈവിധ്യവും പ്രായോഗികതയും
എല്ലാ ഭാഷകളിലും എല്ലാം തർജ്ജമ ചെയ്യേണ്ടതില്ല. ഒരു കുട്ടി വീട്ടിൽ സംസാരിക്കുന്ന ഭാഷയും, എഴുതി പഠിക്കാൻ ആഗ്രഹിക്കുന്ന ഭാഷയും ഒന്നാകണമെന്നില്ലെന്നും പെഗ്ഗി മോഹൻ ചൂണ്ടിക്കാണിക്കുന്നു. തുളു സംസാരിക്കുന്ന കുട്ടിക്ക് പാഠപുസ്തകം കന്നഡയിൽ മതിയാകും. ഭോജ്പുരി സംസാരിക്കുന്ന തനിക്ക് സാങ്കേതിക കാര്യം ഹിന്ദിയിൽ മതിയാകും. പക്ഷേ, ഇന്ത്യ മുഴുവൻ ബന്ധിപ്പിക്കുന്ന സാങ്കേതിക അറിവുകൾക്ക് ഓട്ടോമാറ്റിക് തർജ്ജമ വേണമെന്നും അവർ അഭിപ്രായപ്പെട്ടു.
തമിഴ്നാട്ടിലെ സ്വർണ്ണപ്പണിക്കാരന്റെ കുട്ടിക്ക് ബീഹാറിലെ സമാനമായ കുട്ടിയുമായി ലോഹങ്ങൾ ഉരുക്കുന്നതിനെക്കുറിച്ച് സ്വന്തം ഭാഷയിൽ എഴുതി സംസാരിക്കാൻ കഴിയണം. അവർക്ക് ഇംഗ്ലീഷിനെ ആശ്രയിക്കാതെ തന്നെ ശാസ്ത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞാൽ മാത്രമേ ഇന്ത്യയിൽ അടുത്ത Nvidia പോലൊന്ന് ഉണ്ടാകൂ.
വൈകാരികമായ ബന്ധം
സോഷ്യൽ മീഡിയയിലൂടെയും മറ്റും ലോകമെമ്പാടുമുള്ള ആളുകളുമായി ബന്ധപ്പെടാൻ ഇന്ന് എളുപ്പമാണെങ്കിലും, തൊട്ടടുത്തിരിക്കുന്നവരുമായോ കുടുംബാംഗങ്ങളുമായോ ആഴത്തിലുള്ള വൈകാരിക ബന്ധം സ്ഥാപിക്കാൻ പലർക്കും കഴിയുന്നില്ലെന്നും ഡോ. വാസുകി സൂചിപ്പിച്ചു.
സാങ്കേതികവിദ്യയെ ഓവർ റൊമാന്റിസൈസ് ചെയ്യുന്നത് അപകടകരമാണ്. സ്വീഡനിൽ ഡിജിറ്റൽ പഠനരീതികൾ വ്യാപകമാക്കിയപ്പോൾ കുട്ടികളുടെ പഠനനിലവാരം കുറഞ്ഞതും, പിന്നീട് അച്ചടിച്ച പുസ്തകങ്ങളിലേക്ക് മടങ്ങാൻ തീരുമാനിച്ചതും ഉദാഹരണമായി വാസുകി ചൂണ്ടിക്കാണിക്കുന്നു.
ഇന്ന് നമുക്ക് ലഭിക്കുന്ന ഭൂരിഭാഗം വിവരങ്ങളും വിനോദത്തിനോ ഉൽപ്പന്നങ്ങൾ വിൽക്കാനോ വേണ്ടിയുള്ളതാണ്. പരസ്യങ്ങളിലൂടെ ഉൽപ്പന്നങ്ങളുടെ ഗുണങ്ങൾ അറിയാമെങ്കിലും, അതിലെ ദോഷങ്ങൾ പലപ്പോഴും പുറത്തറിയുന്നില്ല.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി തലമുറകളുടെ ഐക്യു കുറഞ്ഞുവരുന്നതായും, സഹാനുഭൂതിയും ഇമോഷണൽ ഇന്റലിജൻസും കുറയുന്നതായും വാസുകി ചൂണ്ടിക്കാണിക്കുന്നു.
ഇതൊരു 'ഫേസ്' മാത്രം
നമ്മൾ ഇപ്പോൾ കടന്നുപോകുന്നത് ചരിത്രത്തിലെ ഒരു ‘ഘട്ട’ത്തിലൂടെയാണ്, നമ്മുടെ വിവരങ്ങളെല്ലാം വലിച്ചെടുത്ത് കുറച്ച് ടെക് ഭീമന്മാർ ലോകത്തെ കയ്യടക്കിയ ഒരു ഘട്ടം. പക്ഷേ ഈ ഘട്ടവും മാറും. കാരണം, സാധാരണ മനുഷ്യർ ഇപ്പോൾ മറ്റൊന്നാണ് ആവശ്യപ്പെടുന്നത്. പ്രാദേശികഭാഷയിലും പ്രഭാഷണങ്ങൾ വേണമെന്ന് അവർ ആവശ്യപ്പെടുന്നു. വായനക്കാരുടെ അധികാരം തിരിച്ചുവരാൻ പോകുന്നതും റീൽസിലൂടെയും മറ്റുമല്ല പുസ്തകങ്ങളിലൂടെയാണ്, അതിനാൽ ടെക് ഭീമന്മാരെ പേടിക്കേണ്ടതില്ല എന്നും പെഗ്ഗി മോഹൻ അഭിപ്രായപ്പെടുന്നു.
വായനക്കാരുടെ സ്വാധീനം
ഏത് പുസ്തകം പ്രസിദ്ധീകരിക്കണം എന്നത് വലിയ കമ്പനികൾ തീരുമാനിക്കുന്നതിനപ്പുറം, വായനക്കാർക്ക് എന്ത് വായിക്കണം എന്നതിലാണ് യഥാർത്ഥ ശക്തി. മലയാളം പോലുള്ള ഭാഷകളിൽ വായനക്കാരും അതുമായി ബന്ധപ്പെട്ട സെഷനുകളും സജീവമാണ് എന്നും ചർച്ച അഭിപ്രായപ്പെട്ടു.
ഐശ്വര്യ താരാഭായ് അനിഷ്
മടങ്ങിവരുമോ ചിന്തകൾ സജീവമാകുന്ന കാലം
കാര്യമായി ഒന്നും ചിന്തിക്കാനില്ലാത്ത കാഴ്ചകളുടെ ഈ കാലത്ത് ഭാവനയുടെയും ചിന്തകളുടെയും വായനയുടെയും ലോകത്തേക്ക് നാം മടങ്ങിവരും എന്ന പ്രതീക്ഷയാണ് ചർച്ച മുന്നോട്ടുവച്ചത്. എന്നാൽ, കുട്ടികൾക്ക് വായനയിലേക്ക് മടങ്ങണമെങ്കിൽ അവർക്കാവശ്യമുള്ള പുസ്തകങ്ങൾ നാം നല്ല നൽകണം. വേണ്ടാത്ത ഇൻഫർമേഷൻ അവർക്ക് കിട്ടുന്നു എന്ന് നാം പരാതിപ്പെടുമ്പോൾ അവർക്ക് വേണ്ടുന്ന ഇൻഫർമേഷൻ നാം നൽകുന്നുണ്ടോ എന്നത് കൂടി പരിശോധിക്കേണ്ടതുണ്ട്. ഇവിടെയുള്ള സാധാരണ മനുഷ്യരെ കൂടി പരിഗണിച്ചുകൊണ്ട്, പ്രാദേശികഭാഷകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള രചനകളും ആവശ്യമാണ്.