
തിരുവനന്തപുരം: പുതിയ വൈറസുകളെയും ഭാവിയിലുണ്ടായേക്കാവുന്ന മഹാമാരികളെയും പ്രതിരോധിക്കാൻ കേരളത്തിന്റെ ആരോഗ്യ-ഗവേഷണ മേഖലകൾ വലിയ മുന്നേറ്റം നടത്തിയതായി ആരോഗ്യ വിദഗ്ധർ. 'പ്രതിരോധം: ദ ന്യൂ വൈറസ് ത്രെട്ട്' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിലാണ് വിദഗ്ധർ കേരളത്തിന്റെ സജ്ജീകരണങ്ങളെക്കുറിച്ചും ഭാവി വെല്ലുവിളികളെക്കുറിച്ചും വിലയിരുത്തിയത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറും കേരള സെന്റർ ഫോർ ഡിസീസ് കൺട്രോൾ സ്പെഷ്യൽ ഓഫീസറുമായ ഡോ. അൽത്താഫ്, പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റും കേരള വൺ ഹെൽത്ത് സെന്റർ നോഡൽ ഓഫീസറുമായ ഡോ. അനീഷ്, പ്രമുഖ വൈറോളജിസ്റ്റ് ഡോ. ശ്രീകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഡോ. അശ്വതി ചർച്ച നിയന്ത്രിച്ചു.
മഹാമാരികളുടെ സാധ്യത വർദ്ധിക്കുന്നു: മനുഷ്യരും വന്യജീവികളും തമ്മിലുള്ള സമ്പർക്കം കൂടുന്നതും അശാസ്ത്രീയമായ നഗരവൽക്കരണവും കാലാവസ്ഥാ വ്യതിയാനവും പുതിയ സൂണോട്ടിക് രോഗങ്ങൾക്ക് (മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നവ) കാരണമാകുന്നു. മുൻകാലങ്ങളിൽ നൂറ് വർഷത്തിലൊരിക്കൽ വന്നിരുന്ന മഹാമാരികൾ ഇപ്പോൾ അതിവേഗം ഉണ്ടാകാനുള്ള സാഹചര്യമാണുള്ളത്.
വൈറോളജി രംഗത്തെ മുന്നേറ്റം: കോവിഡിന് മുൻപ് കേരളത്തിൽ വിരലിലെണ്ണാവുന്ന രോഗനിർണ്ണയ ലാബുകൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് അത്യാധുനിക മോളിക്യുലാർ ഡയഗ്നോസിസ് സംവിധാനങ്ങളും പാനൽ ടെസ്റ്റിംഗ് സൗകര്യങ്ങളും സംസ്ഥാനത്തുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (IAV), എൻ.ഐ.വി (NIV) തുടങ്ങിയ സ്ഥാപനങ്ങളിലൂടെ ഗവേഷണ രംഗത്തും കേരളം മുന്നേറുകയാണ്.
വകുപ്പുകളുടെ ഏകോപനവും 'വൺ ഹെൽത്ത്' പദ്ധതിയും: നിപ്പ പോലുള്ള വൈറസുകളെ പ്രതിരോധിക്കുന്നതിൽ ആരോഗ്യ വകുപ്പിനൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ് എന്നിവയുടെ ഏകോപനം അനിവാര്യമാണ്. മനുഷ്യന്റെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം ഒരുപോലെ സംരക്ഷിക്കുന്ന 'വൺ ഹെൽത്ത്' (One Health) സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണം.
ശാസ്ത്രീയ ചികിത്സയും പൊതുജന പങ്കാളിത്തവും: പകർച്ചവ്യാധികളുടെ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയോ അശാസ്ത്രീയ ചികിത്സാ രീതികളോ തേടാതെ തുടക്കത്തിൽ തന്നെ ശാസ്ത്രീയമായ വൈദ്യസഹായം തേടണം. മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുന്നതിലൂടെയും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതിലൂടെയും ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളെ തടയാൻ പൊതുജനങ്ങൾക്ക് സാധിക്കും.
വൈറസുകൾക്ക് സംഭവിക്കുന്ന ജനിതക മാറ്റങ്ങളെ (Mutations) കൃത്യമായി നിരീക്ഷിക്കാനും, ഏത് പുതിയ വൈറസ് വന്നാലും വേഗത്തിൽ വാക്സിനുകൾ വികസിപ്പിക്കാൻ കഴിയുന്ന 'പ്ലഗ് ആൻഡ് പ്ലേ' (Plug and Play) വാക്സിൻ പ്ലാറ്റ്‌ഫോമുകൾ സജ്ജമാക്കാനുമുള്ള ശ്രമങ്ങളാണ് ആഗോളതലത്തിൽ നടക്കുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി.